LiveTV

Live

Cricket

ഒരു കളിക്കാരനെക്കുറിച്ച് എന്തും എഴുതാമെന്നോ? ആര്‍.സി.ബിക്കെതിരെ ആഞ്ഞടിച്ച് അശോക് ദിന്‍ഡ 

പന്തെറിയുന്നവരില്‍ നന്നായി തല്ലുവാങ്ങുന്നവരെ വിശേഷപ്പിക്കാന്‍ ട്രോളുകള്‍ ഉപയോഗിക്കുന്ന ദിന്‍ഡ അക്കാദമി ഈ താരത്തെപ്പറ്റിയാണ്.

ഒരു കളിക്കാരനെക്കുറിച്ച് എന്തും എഴുതാമെന്നോ?  ആര്‍.സി.ബിക്കെതിരെ ആഞ്ഞടിച്ച് അശോക് ദിന്‍ഡ 

ഈ ഐ.പി.എല്ലില്‍ ട്രോളുകാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് മുന്‍ ഇന്ത്യന്‍ താരം അശോക് ദിന്‍ഡയെ ആയിരിക്കും. പന്തെറിയുന്നവരില്‍ നന്നായി തല്ലുവാങ്ങുന്നവരെ വിശേഷിപ്പിക്കാന്‍ ട്രോളന്മാര്‍ ഉപയോഗിക്കുന്ന ‘ദിന്‍ഡ അക്കാഡമി’ ഈ താരത്തെപ്പറ്റിയാണ്. അടുത്തിടെ നാല് ഓവറില്‍ 40 റണ്‍സിന് മേലെ റണ്‍സ് വഴങ്ങിയവരെയാണ് ദിന്‍ഡ അക്കാഡമി ചേര്‍ത്ത് വിളിക്കുന്നത്.

ട്രോളുകാരാണ് ഇതിന് തുടക്കമിട്ടതെങ്കിലും ഐ.പി.എല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ദിന്‍ഡ അക്കാഡമി കടമെടുത്തിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് അശോക് ദിന്‍ഡ. വ്യക്തിപരമായി ആരോടും എതിര്‍പ്പില്ലെന്നും വിരാട് കോഹ് ലി. എ.ബി ഡിവില്ലിയേഴ്‌സ്, ഗെയില്‍(ഇപ്പോ പഞ്ചാബില്‍) എന്നിവരോട് നല്ല ബന്ധമാണെന്നും രേഖപ്പെടുത്തിയാണ് അശോക് ദിന്‍ഡയുടെ ട്വീറ്റ്.

ദിന്‍ഡയുടെ കുറിപ്പില്‍ നിന്നും; ആര്‍.സി.ബിയുടെ ട്വീറ്റോടെ എനിക്ക് ഒരുപാട് വിമര്‍ശനങ്ങളേല്‍ക്കേണ്ടി വന്നു, അതിനോട് പ്രതികരിക്കേണ്ടിയിരുന്നു എന്ന് തോന്നിയിരുന്നില്ല. എന്നാല്‍ എന്റെ കുടുംബത്തെയും ഭാര്യയേയും മകളേയുമൊക്കെ ചേര്‍ത്ത് തരംതാണ രീതിയില്‍ വരുന്ന പ്രതികരണങ്ങളെ അവഗണിക്കാനാവില്ല.

എങ്ങോട്ടാണ് നമ്മുടെ സമൂഹം പോകുന്നത് എന്ന് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു, പക്ഷേ എന്റെ ചോദ്യം ഐ.പി.എല്‍ ടീം എന്ന നിലയില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍(ആര്‍.സി.ബി) എങ്ങനെയാണ് ഒരു കളിക്കാരനെതിരെ ഇത്തരത്തില്‍ നിരുത്തരവാദപരമായ നിലയില്‍ പോസ്റ്റിടുന്നത്. താന്‍ സാമാന്യം നല്ല ടി20 കളിക്കാരന്‍ തന്നെയാണെന്ന പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ബാംഗ്ലൂരിന്റെ ഉമേഷ് യാദവ് മികച്ച പ്രകടനം നടത്തിയിരുന്നു. അതിന് മുമ്പ് ചെന്നൈക്കെതിരായ മത്സരത്തില്‍ ഉമേഷ് യാദവ് നല്ല റണ്‍സ് വിട്ടുകൊടുത്ത് ട്രോളുകള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തിലെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു ആര്‍.സിബി ദിന്‍ഡ അക്കാഡമി പ്രയോഗം ഉമേഷിന് ചേരില്ലെന്ന രീതിയില്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത്.

ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി എണ്‍പതോളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ദിന്‍ഡ. ആഭ്യന്തര ക്രിക്കറ്റിലും രഞ്ജി ട്രോഫിയും ബംഗാളിനായും തിളക്കമാര്‍ന്ന പ്രകടനങ്ങളും പുറത്തെടുത്തിട്ടുണ്ട്.