LiveTV

Live

Cricket

മനീഷ് പാണ്ഡെ ഓണ്‍ ഫയര്‍; സണ്‍റൈസേഴ്സിന് മികച്ച സ്കോര്‍

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 176 റണ്‍സ് വിജയലക്ഷ്യം

മനീഷ് പാണ്ഡെ ഓണ്‍ ഫയര്‍; സണ്‍റൈസേഴ്സിന് മികച്ച സ്കോര്‍

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 176 റണ്‍സ് വിജയലക്ഷ്യം. മികച്ച പ്രകടനം കാഴ്ചവെച്ച് അര്‍ദ്ദ സെഞ്ച്വറി നേടിയ വാര്‍ണ്ണറിന്‍റെയും മനീഷ് പാണ്ഡെയുടെയും ബാറ്റിങിന്‍റെ ബലത്തിലാണ് സണ്‍റൈസേഴ്സ് മികച്ച സ്കോര്‍ പടുത്തുയര്‍ത്താനായത്.

ചെന്നൈ ചിദംബരം സ്റ്റേഡിയം സൂപ്പര്‍ കിങ്സ് - സണ്‍റൈസേഴ്സ് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ടോസ് നേടിയ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്ര സിങ് ധോണി സണ്‍റൈസേഴ്സിനെ ബാറ്റിങിനയച്ചു. ഈ ടൂര്‍ണ്ണമെന്‍റിലെ ഏറ്റവും മികച്ചതും അപകടകാരികളുമായ ബാറ്റിങ് കൂട്ടുകെട്ടാണ് ഡേവിഡ് വാര്‍ണ്ണറും ജോണി ബെയര്‍സ്റ്റോയും. ഇവര്‍ ചെന്നൈയില്‍ മായാജാലങ്ങള്‍ കാണിക്കുമെന്ന് തന്നെ ഏവരും വിശ്വസിച്ചു. പക്ഷെ, ആ കണക്കുകൂട്ടലുകള്‍ ആതിഥേയര്‍ തകര്‍ത്തു. രണ്ടാം ഓവറില്‍ റണ്ണൊന്നുമെടുക്കാതെ ബെയര്‍സ്റ്റോ പുറത്ത്. ഹര്‍ബജന്‍റെ പന്തില്‍ ധോണിക്ക് പിടി കൊടുത്ത് ബെയര്‍സ്റ്റോ മടങ്ങി. എങ്കിലും വാര്‍ണ്ണറുടെ ബാറ്റിനെ ചങ്ങലക്കിടാന്‍ ചെന്നൈക്കായില്ല. പതിവിലും വിപരീതമായി മനീഷ് പാണ്ഡെ കൊടുംകാറ്റായി. വാര്‍ണ്ണറിലും വേഗത്തില്‍ പാണ്ഡെ റണ്‍സ് കണ്ടെത്തി. ഇരുവരും അനായാസം അര്‍ദ്ദസെഞ്ച്വറി തികച്ചു. ഇരുവരും മികച്ച രീതിയില്‍ ബാറ്റു വീശിയപ്പോള്‍ ചെന്നൈ ബൌളര്‍മാര്‍ക്ക് കാഴ്ചക്കാരാകാനേ കഴിഞ്ഞുള്ളു.

എന്നാല്‍ പതിനാലാം ഓവറില്‍ ബാജി വീണ്ടും സ്ട്രൈക്ക് ചെയ്തു. മറ്റൊരു മിന്നല്‍ സ്റ്റംപിങുമായി വീണ്ടുമൊരു ധോണി മാജിക്ക്. ഡേവിഡ് വാര്‍ണ്ണര്‍ പുറത്ത്. തേര്‍ഡ് അംപയറായ വിനീത് കുല്‍കര്‍ണ്ണിയിലേക്ക് അപ്പീല്‍ കൊടുക്കാനോ റിവ്യു ചെയ്യാനോ വാര്‍ണ്ണര്‍ നിന്നില്ല. അത്ര ആത്മവിശ്വാസത്തോടെയായിരുന്നു ധോണിയുടെ വരവ്.

ഇന്ത്യയുടെ ലോകകപ്പ് ടീമിലെ പുതിയ പ്രതീക്ഷയായ വിജയ് ശങ്കറായിരുന്നു അടുത്തതായി ക്രീസിലെത്തിയത്. തുടക്കത്തില്‍ തന്നെ ഒരു സിക്സ് പറത്തി ചെന്നൈ ബൌളിങ്ങിന് ഭീഷണിയായേക്കാമെന്ന പ്രതീതിയുയര്‍ത്തിയ ശങ്കര്‍ 26 റണ്‍സെടുത്ത് മടങ്ങി. തളരാത്ത പോരാളിയായി അപ്പൊഴും മനീഷ് പാണ്ഡെ ഒരറ്റത്ത് പിടിച്ചുനിന്നു. 49 പന്തുകളില്‍ നിന്നും 83 റണ്‍സെടുത്ത് പാണ്ഡെ പുറത്താകാതെ നിന്നു.

ചെന്നൈക്കായി പന്തെറിഞ്ഞ അഞ്ച് ബൌളര്‍മാരെയും അത്യാവശ്യം നല്ല രീതിയില്‍ പ്രഹരിക്കാന്‍ സണ്‍റൈസേഴ്സിനായി. നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി ഹര്‍ഭജന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഈ സീസണില്‍ സ്വന്തം ഗ്രൌണ്ടില്‍ കളിച്ച നാല് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടിട്ടില്ല. കൂടാതെ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഫോമും ചെന്നൈക്ക് പ്രതീക്ഷ നല്‍കുന്നു.