LiveTV

Live

Cricket

‘പ്രധാനമന്ത്രിയായി ഇനി ധോണി മതി’

പരാജയപ്പെട്ടെങ്കിലും അവസാന മത്സരത്തോടെ ഹീറോ പരിവേഷത്തിന് മാറ്റ് കൂടിയ ധോണിക്കായുള്ള പ്രചാരണത്തിലാണ് ഈ-ലോകം

‘പ്രധാനമന്ത്രിയായി ഇനി ധോണി മതി’

ഒരു നായകൻ എങ്ങനെയായിരിക്കണം എന്ന് വളരെ കാലമായി ലോകത്തിന് കാണിച്ച് തരികയാണ് മഹി. നീണ്ട ഇടവേളക്ക് ശേഷം നീല കുപ്പായക്കാർക്ക് ലോക കീരീടം നേടി കൊടുത്ത് നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയെങ്കിലും, ഫീൽഡിൽ ഒരു ക്യാപ്റ്റന്റെ പക്വതയോടെ തന്നെയായിരുന്നു ധോണി നിറഞ്ഞു നിന്നത്. വിമർശകർ ഒരുപാടുണ്ടെങ്കിലും ധോണിക്ക് മാത്രമായ സ്ഥാനം ഇന്നും ഇന്ത്യൻ ടീമിലുണ്ട്.

‘പ്രധാനമന്ത്രിയായി ഇനി ധോണി മതി’

ഐ.പി.എല്ലില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെ അവസാന മത്സരം തലനാരിഴയ്ക്ക് കെെവിട്ടെങ്കിലും ചെന്നെെക്ക് വേണ്ടി ധോണി കാഴ്ച്ച വെച്ച വെടിക്കെട്ട് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ അതിനിടെ രസകരമായൊരു ചർച്ചയാണ് ട്വിറ്ററിൽ നടക്കുന്നത്. അവസാന മത്സരത്തോടെ ഹീറോ പരിവേഷത്തിന് മാറ്റ് കൂടിയ ധോണിക്കായുള്ള പ്രചാരണത്തിലാണ് ഈ-ലോകം. ഇന്ത്യൻ പ്രധാനമന്ത്രിയായി ഇനി മഹി മതി എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.

‘രാഹുലിനേയും മോദിയേയും മറന്നേക്കൂ... പാർട്ടി മറന്നേക്കൂ... പ്രധാനമന്ത്രിയായി ഇനി ധോണി മതി’യെന്നാണ് ഒരു വിരുതൻ കുറിച്ചത്. അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നൊന്നും അറിയില്ല. പക്ഷെ അങ്ങനെ വല്ലതും സംഭവിച്ചാൽ എന്റെ വോട്ട് മഹിക്കായിരിക്കുമെന്ന് വേറൊരാൾ ട്വീറ്റ് ചെയ്തു. ധോണി ഫോർ പി.എം എന്ന ഹാഷ്ടാഗും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

റോയൽ ചലഞ്ചേസിനെതിരായ മത്സരത്തിൽ ഒരു റൺസിന് പരാജയപ്പെട്ടെങ്കിലും, 162 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നെെക്ക് വേണ്ടി ആവേശകരമായ വിരുന്നാണ് ധോണി ഒരുക്കിയത്. നാല് വിക്കറ്റിന് 28 റൺസെന്ന നിലയിൽ ക്രീസിലെത്തിയ ധോണി 48 പന്തിൽ നിന്നും 84 റൺസാണ് അടിച്ച് കൂട്ടിയത്. 26 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ, ഉമേഷ് യാദവിനെ മൂന്ന് സിക്സറിനും ഒരു ബൗണ്ടറിയും പറത്തിയ ധോണി, 24 റൺസാണ് വാരിക്കൂട്ടിയത്. എന്നാൽ അവസാന പന്തിൽ ചുവട് പിഴച്ച ധോണിക്കും സഘത്തിനും ബംഗളുരുവിനെതിരെ ഒരു റണ്ണിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.