LiveTV

Live

Cricket

കോഫി വിത്ത് കരണ്‍; ഹാർദികിനും രാഹുലിനും 20 ലക്ഷം രൂപ പിഴ

പണം കെെമാറാനായി നാലാഴ്ച്ച സമയമാണ് ഇരുവര്‍ക്കുമായി നൽകിയിരിക്കുന്നത്

കോഫി വിത്ത് കരണ്‍; ഹാർദികിനും രാഹുലിനും 20 ലക്ഷം രൂപ പിഴ

‘കോഫി വിത് കരൺ’ ടോക് ഷോക്കിടെ ലെെംഗിക പരാമർശങ്ങൾ നടത്തി വിവാദത്തിൽ പെട്ട ഇന്ത്യൻ താരങ്ങളായ ഹാർദിക് പട്ടേലിനും കെ.എൽ രാഹുലിനും ശിക്ഷ വിധിച്ച് ബി.സി.സി.ഐ. ഇരുവരും ഇരുപത് ലക്ഷം രൂപ വീതം പിഴ അടക്കാനാണ് ബി.സി.സി.ഐ നിയമിച്ച ഓംബുഡ്സ്മാൻ ഡി.കെ ജെയിൻ വിധിച്ചിരിക്കുന്നത്.

ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പത്ത് പാരാമിലിറ്ററി കോൺസ്റ്റബിളുമാരുടെ വിധവകൾക്ക് ഓരോ ലക്ഷം രൂപ വിതം നൽകാനും, ബ്ലെെൻഡ് ക്രിക്കറ്റർമാർക്കായി ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിച്ച ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ നൽകാനുമാണ് വിധിച്ചിരിക്കുന്നത്. പണം കെെമാറാനായി നാലാഴ്ച്ച സമയമാണ് ഇരുവര്‍ക്കുമായി നൽകിയിരിക്കുന്നത്.

വിധി കെെപറ്റി നാലാഴ്ച്ചകൾക്കകം തുക കെെമാറുന്നതിൽ താരങ്ങൾ തയ്യാറാകാത്ത പക്ഷം, ഇരുവരുടെയും മാച്ച് ഫീയിൽ നിന്നും പണം കണ്ടെത്താമെന്നും ഓംബുഡ്സ്മാൻ പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റർമാർ എന്ന നിലയിൽ, മാതൃകാപരമായ നിലയിൽ പെരുമാറ്റമായിരുന്നു ഇരുവരും നടത്തേണ്ടിയിരുന്നതെന്നും ഡി.കെ ജെയിൻ കൂട്ടിച്ചേർത്തു.

ഷോക്കിടെ ഉണ്ടായ പരാമർശങ്ങൾ വലിയ വിവാദമായതോടെ ഇരുവരും അച്ചടക്ക നടപടി നേരിടുകയും തുടർന്ന് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്നതിന് താരങ്ങൾക്ക് വിലക്കൊന്നും ലഭിച്ചിരുന്നില്ല.