LiveTV

Live

Cricket

ശുഭ്മാന്‍ ഗില്ലിനെ ഇങ്ങനെ പരിഗണിച്ചാ മതിയോ; വിമര്‍ശവുമായി മനോജ് തിവാരി  

ട്വിറ്ററിലൂടെയായിരുന്നു കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തികിനെതിരെ തിവാരി വിമര്‍ശം ഉന്നയിച്ചത്.

ശുഭ്മാന്‍ ഗില്ലിനെ ഇങ്ങനെ പരിഗണിച്ചാ മതിയോ; വിമര്‍ശവുമായി മനോജ് തിവാരി  

ചെന്നൈക്കെതിരായ മത്സരത്തില്‍ യുവതാരം ശുഭ്‌മാന്‍ ഗില്ലിനെ ബാറ്റിങില്‍ താഴെയിറക്കിയതിനെതിരെ രൂക്ഷവിമര്‍ശവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ട്വിറ്ററിലൂടെയായിരുന്നു കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തികിനെതിരെ തിവാരി വിമര്‍ശം ഉന്നയിച്ചത്. ലോകകപ്പ് സെലക്ഷന്‍ ചൂണ്ടിക്കാട്ടിയായിരുന്നു മനോജ് തിവാരിയുടെ വിമര്‍ശം. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഓപ്പണറായി തിളങ്ങിയ ഗില്ലിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഏഴാമനായാണ് ഇറക്കിയത്. ഇതാണ് തിവാരിയെ ചൊടിപ്പിച്ചത്.

ഡല്‍ഹിക്കെതിരെ 65 റണ്‍സാണ് ഗില്‍ നേടിയിരുന്നത്. ഏഴാമനായി ഇറങ്ങിയ ചെന്നൈക്കെതിരെ 15 റണ്‍സെ ഗില്ലിന് നേടാനായുള്ളൂ. 20 പന്തുകള്‍ നേരിട്ടിരുന്നു.

മനോജ് തിവാരിയുടെ ട്വീറ്റ് ഇങ്ങനെ; കഴിഞ്ഞ മത്സരത്തില്‍ ക്ലാസിക് ഇന്നിംഗ്‌സിലൂടെ 65 റണ്‍സ് നേടിയ താരമാണ് ഗില്‍. അങ്ങനെയിരിക്കേ ആ താരത്തെ ബാറ്റിംഗ് ക്രമത്തില്‍ നേരത്തെയിറക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചത്, പ്രത്യേകിച്ച് ടീം ഒരു മത്സരം തോറ്റ സാഹചര്യത്തില്‍. വിദേശ താരങ്ങളെക്കാള്‍ ആഭ്യന്തര താരങ്ങള്‍ക്ക് ബാറ്റിംഗ് ക്രമത്തില്‍ നേരത്തെ അവസരം നല്‍കുകയാണ് വേണ്ടത്.

മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 161 റണ്‍സ് മാത്രം. മറുപടി ബാറ്റിങില്‍ രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ചെന്നൈ ലക്ഷ്യം കണ്ടു. അതേസമയം 2019 ഐ.പി.എല്ലിലേക്ക് നടന്ന ലേലത്തില്‍ ആരും മനോജ് തിവാരിയെ ടീമിലെടുത്തിരുന്നില്ല. അന്നും അദ്ദേഹം വിമര്‍ശവുമായി രംഗത്ത് എത്തിയിരുന്നു. ആദ്യമായായിരുന്നു തിവാരി ഐ.പി.എല്‍ ലേലത്തില്‍ നിന്നും പുറത്താകുന്നത്.

Also read: എവിടെയാണ് പിഴച്ചത്? ഐ.പി.എല്‍ ലേലത്തില്‍ ആരും വിളിക്കാത്തതിനെതിരെ തിവാരി