LiveTV

Live

Cricket

കൊഹ്‍ലിയുടെ ചെകുത്താന്മാര്‍; നീലപ്പടയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ 

കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷയുടെ ഭാരവും പേറി ടീം ഇന്ത്യ  ലോകകപ്പ് ജെെത്രയാത്രക്കൊരുങ്ങുന്നു

കൊഹ്‍ലിയുടെ ചെകുത്താന്മാര്‍; നീലപ്പടയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ 

2019 ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകരിലും പ്രതീക്ഷകള്‍ ഉണര്‍ന്നുകഴിഞ്ഞു. സന്തുലിതമായ ഒരു ടീമിനെ തന്നെയാണ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്. എന്തുകൊണ്ടും കപ്പില്‍ മുത്തമിടാന്‍ പ്രാപ്തരായവര്‍. ഒരു രീതിയിലും എഴുതിത്തള്ളാനും സാധിക്കില്ല. അതുകൊണ്ടാണ് വിജയസാധ്യത ഇന്ത്യയ്ക്കും ആതിഥേയരായ ഇംഗ്ലണ്ടിനുമാണെന്നാണ് മുൻ ആസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത് അഭിപ്രായപ്പെട്ടത്.

ലോക ക്രിക്കറ്റിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ വിരാട് കൊഹ്‍ലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മയാണ് ഉപനായകന്‍. ശിഖര്‍ ധവാന്‍, വിജയ് ശങ്കര്‍, കെ.എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, യുസ്‍വേന്ദ്ര ചഹാല്‍, എം.എസ് ധോണി, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്‍പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മറ്റു താരങ്ങള്‍.

കൊഹ്‍ലിയുടെ ചെകുത്താന്മാര്‍; നീലപ്പടയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ 

പരിചയ സമ്പത്തും യുവരക്തവും ഒരുപോലെ ഉള്‍പ്പെട്ട ഒരു ടീമാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 227 മത്സരങ്ങളുടെ പരിചയ സമ്പത്തുള്ള നായകന്‍ കൊഹ്‍ലിയില്‍ ഒരുപാട് പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട് ആരാധകര്‍. 10845 റണ്‍സ് ഏകദിന ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുള്ള കൊഹ്‍ലിക്ക് പിന്നില്‍ 10500 റണ്‍സോടുകൂടി 341 മത്സരങ്ങളുടെ പരിചയ സമ്പത്തോടുകൂടി മുന്‍ നായകന്‍ എം.എസ് ധോണിയുമുണ്ട്. 2011 ലെ ലോകകപ്പ് ഇന്ത്യക്ക് നേടിത്തന്ന ധോണിയുടെ സാന്നിധ്യം ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്നതിനപ്പുറം ടീമിന് ഗുണംചെയ്യും എന്നതില്‍ തര്‍ക്കമില്ല.

പകരക്കാരന്‍ വിക്കറ്റ് കീപ്പറായി പട്ടികയില്‍ സ്ഥാനം നേടിയ ദിനേശ് കാര്‍ത്തിക് യുവതാരം റിഷഭ് പന്തിനെ പിന്‍തള്ളിയാണ് ടീമില്‍ എത്തിയത്. 91 ഏകദിന മത്സരങ്ങളില്‍ നിന്നും 1738 റണ്‍സ് മാത്രം കൈമുതലായുള്ള ഈ 33കാരന് 21 വയസ്സ് മാത്രം പ്രായമുള്ള റിഷഭ് പന്തിനെ അപേക്ഷിച്ച് പരിചയ സമ്പന്നതയാകാം ടീമില്‍ ഇടംനേടാന്‍ സഹായകമായത്. മധ്യനിര ബാറ്റ്സ്മാന്‍മാരായി പരിഗണിക്കപ്പെടുന്നത് കെ.എല്‍ രാഹുലും വിജയ് ശങ്കറുമാണ്. അമ്പാട്ടി റായിഡുവിനെ പരിഗണിക്കാതിരുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഏകദിനത്തില്‍ ഒന്‍പത് മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിജയ് ശങ്കറിനെ ആൾറൗണ്ടറായാണ് പരിഗണിക്കുന്നത്. മാത്രമല്ല കൂറ്റനടികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഹര്‍ദിക് പാണ്ഡ്യ ധോണിക്ക് കൂട്ടായുണ്ട്.

ഇന്ത്യയുടെ ബോളിംഗ് നയിക്കുന്നത് പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറാണ്. 105 മത്സരങ്ങളില്‍ നിന്ന് 118 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഭുവിക്ക് കൂട്ടായി ജസ്‍പ്രീത് ബുംറയും മുഹമ്മദ് ഷമിയും എത്തുന്നു. ബോളിംഗിന്റെ കുന്തമുനയായ സ്പിന്‍ നിരയില്‍ യുസ്‍വേന്ദ്ര ചഹാലും ചൈനാമാന്‍ മികവുമായ് കുല്‍ദീപ് യാദവും പരിചയ സമ്പന്നതയുള്ള രവീന്ദ്ര ജഡേജയും ഉള്‍പ്പെടുന്നു. ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കേദാര്‍ ജാദവ് എന്നിവരേയും ബോളിംഗില്‍ ആശ്രയിക്കാം.

മെയ് 30 വ്യാഴം മുതല്‍ ജൂലെെ 14 വരെയാണ് ലോകകപ്പ് നടക്കുക. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരാണ്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം എന്ന് വിശേഷിപ്പിക്കാനുള്ള മത്സരം ജൂണ്‍ 16 ന് അരങ്ങേറും. ഇന്ത്യ പാകിസ്താനെ നേരിടുന്ന ഈ മത്സരം തന്നെയാകും ലോകകപ്പിലെ ഏറ്റവും ഗ്ലാമറസ്സ് പോരാട്ടവും. എന്തുതന്നെയായാലും 1983 ല്‍ കപിലിന്റെ ചെകുത്താന്മാരിലൂടെയും 2011 ല്‍ ധോണിയുടെ നീലപ്പടയിലൂടെയും നേടിയെടുത്ത കപ്പ് കൊഹ്‍ലിയും കൂട്ടരും ഒരിക്കല്‍ക്കൂടി സ്വന്തമാക്കും എന്നുതന്നെ പ്രതീക്ഷിക്കാം.