LiveTV

Live

Cricket

സെവാഗിന് തെറ്റി; ഇന്ത്യക്ക് വേണ്ടിയും ധോണി അമ്പയറോട് തര്‍ക്കിച്ചിരുന്നു... 

മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ ഫീല്‍ഡ് അമ്പയര്‍മാരോട് തര്‍ക്കിക്കുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോള്‍ സെവാഗിന് മറുപടി എന്ന നിലയില്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്നത്.

സെവാഗിന്  തെറ്റി; ഇന്ത്യക്ക് വേണ്ടിയും ധോണി അമ്പയറോട് തര്‍ക്കിച്ചിരുന്നു... 

ഐ.പി.എല്‍ മത്സരത്തിനിടെ ഡഗ് ഔട്ടില്‍ നിന്നിറങ്ങി വന്ന് അമ്പയറോട് തര്‍ക്കിച്ച ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എം.എസ് ധോണിയെ വിമര്‍ശിച്ച സെവാഗിന് വിനയായി ഒരു പഴയ വീഡിയോ. മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ ഫീല്‍ഡ് അമ്പയര്‍മാരോട് തര്‍ക്കിക്കുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോള്‍ സെവാഗിന് മറുപടി എന്ന നിലയില്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്നത്.

ഇന്ത്യക്കായി കളിച്ചപ്പോള്‍ അമ്പയര്‍മാരോട് തര്‍ക്കിക്കുന്നതൊന്നും കണ്ടില്ലല്ലോ എന്നായിരുന്നു സെവാഗിന്റെ പ്രതികരണം. ആസ്‌ട്രേലിയന്‍ പരമ്പരക്കിടെയാണ് അമ്പയറോട് ധോണി തര്‍ക്കിക്കുന്നത്. സുരേഷ് റെയ്‌നയുടെ പന്തില്‍ മൈക്ക് ഹസിയെ ധോണി സ്റ്റമ്പ് ചെയ്യുന്നു. പതിവ് പോലെ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടുന്നു. ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞത് ഔട്ട് എന്ന്.

തുടര്‍ന്ന് ഹസി പവലിയനിലേക്ക് മടങ്ങിയെങ്കിലും ഫീല്‍ഡ് അമ്പയര്‍മാര്‍ ഹസിയെ തിരികെ വിളിക്കുകയായിരുന്നു! റിപ്ലേകളില്‍ ബാറ്റ്‌സ്മാന് അനുകൂലമായ നിലയില്‍ കാല്‍ ക്രീസിലുണ്ടായിരന്നു. എന്നാല്‍ എന്ത്കൊണ്ടോ ബിഗ് സ്‌ക്രീനില്‍ ഔട്ട് എന്നാണ് തെളിഞ്ഞത്. പിന്നാലെ അമ്പയുടെ അടുത്ത് എത്തിയ ധോണി കൈചൂണ്ടി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. പ്രശസ്തനായ ബില്ലി ബൗഡനായിരുന്നു അന്ന് അമ്പയര്‍.

ചെന്നൈ സൂപ്പര്‍കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലെ മത്സരത്തിനിടെയാണ് ഡഗ് ഔട്ടില്‍ നിന്നിറങ്ങി ധോണി അമ്പയറോട് കയര്‍ത്തത്. ഇതിനെതിരെയായിരുന്നു സെവാഗിന്റെ വിമര്‍ശം. കുറഞ്ഞത് രണ്ടോ മൂന്നോ മത്സരങ്ങളിൽ നിന്ന് ധോണിയെ വിലക്കണമായിരുന്നു വെന്ന് സെവാഗ് പറഞ്ഞിരുന്നു. ക്രിക് ബസ് ഡോട്ട് കോമാണ് സെവാഗിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്നിങ്‌സില്‍, നോബോള്‍ നല്‍കാത്തതിനെ ചോദ്യം ചെയ്തായിരുന്നു ധോണി ക്രീസിലേക്കെത്തിയത്. ഇന്ത്യക്ക് വേണ്ടിയാണ് ധോണി അത് ചെയ്തിരുന്നുവെങ്കില്‍ താന്‍ സന്തോഷിച്ചേനെ, പക്ഷേ ഒരിക്കലും അതുണ്ടായിട്ടില്ല, എന്നാല്‍ ചെന്നൈക്ക് വേണ്ടി വൈകാരികമായാണ് ധോണി ഇടപെടുന്നതെന്നും സെവാഗ് പറഞ്ഞു.

Also read: ധോണിയെ വിലക്കണമായിരുന്നു, ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ; സെവാഗ്