LiveTV

Live

Cricket

‘രാജകീയം’ ഇത് രാജസ്ഥാന്‍റെ റോയല്‍ റണ്‍ വേട്ട

ജോസ് ബട്ട്ലറുടെയും നായകന്‍ രഹാനെയുടെയും ബാറ്റിങിന്‍റെ സ്വാധീനമാണ് രാജസ്ഥാന്‍റെ റോയല്‍ റണ്‍ വേട്ടക്ക് സഹായകമായത്.

‘രാജകീയം’ ഇത് രാജസ്ഥാന്‍റെ റോയല്‍ റണ്‍ വേട്ട

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് രാജകീയ വിജയം. മുബൈ ഇന്ത്യന്‍സിന്റെ 188 റണ്‍സ് പിന്തുടര്‍ന്ന് രാജസ്ഥാന് ഉജ്വല ജയമാണ് ജോസ് ബട്ട്ലറും രഹാനയും ചേര്‍ന്ന് രാജസ്ഥാന് സമ്മാനിച്ചത്. ജോസ് ബട്ട്ലറുടെയും നായകന്‍ രഹാനെയുടെയും ബാറ്റിങിന്‍റെ സ്വാധീനമാണ് രാജസ്ഥാന്‍റെ ഈ റോയല്‍ റണ്‍ വേട്ടക്ക് സഹായകമായത്. നാല് വിക്കറ്റിനാണ് രാജസ്ഥാന്‍ മുംബൈയെ തറ പറ്റിച്ചത്.

തുടക്കം പിഴക്കാതെ തന്നെ രാജസ്ഥാന്‍ തങ്ങളുടെ റണ്‍വേട്ട ആരംഭിച്ചു. നായകന്‍ അജിങ്ക്യ രഹാനെയുടെ ബാറ്റില്‍ നിന്നും ബൌണ്ടറികള്‍ ഒഴുകി. ഗ്രൌണ്ടിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും പന്തിനെ പായിച്ച രഹാനെ മനോഹരമായ ഊപ്പര്‍ കട്ടിലൂടെ ഒരു നിമിഷം വിരേന്ദര്‍ സെവാഗിനെ ഓര്‍മ്മിപ്പിച്ചു. ജോസ് ബട്ട്ലറെ കൂട്ടുപിടിച്ച് രാജസ്ഥാന്‍ നായകന്‍ മുന്നില്‍ നിന്ന് റണ്‍വേട്ടയെ നയിച്ചു. പക്ഷെ, ക്രുണാല്‍ പാണ്ഡ്യ ആ തേരോട്ടത്തിന് തടയിട്ടു. സ്കോര്‍ 60ല്‍ നില്‍ക്കെ 21 പന്തുകളില്‍ നിന്നും 37 റണ്ണെടുത്ത രഹാനെ പുറത്തായി. പിന്നീടങ്ങോട്ട് കുറച്ച് നേരത്തേക്ക് ജോസ് ബട്ട്ലര്‍ എന്ന മാന്ത്രികന്‍റെ മായാജാലങ്ങള്‍ക്കാണ് വാഖഡെ സാക്ഷ്യം വഹിച്ചത്.

‘രാജകീയം’ ഇത് രാജസ്ഥാന്‍റെ റോയല്‍ റണ്‍ വേട്ട

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൌളിങ് ഫിഗര്‍ സ്വന്തം പേരിലാക്കിയ അല്‍സാരി ജോസഫ് എറിഞ്ഞ പതിമൂന്നാം ഓവറില്‍ ബട്ട്ലര്‍ അടിച്ചുകൂട്ടിയത് 28 റണ്‍സ്. നാല് ഫോറുകളും രണ്ട് സിക്സും അടങ്ങിയ ആ ഓവറിലെ എല്ലാ പന്തും ബൌണ്ടറി കടന്നപ്പോള്‍ ആതിഥേയര്‍ ആശങ്കയിലായി. പക്ഷെ, അടുത്ത ഓവറില്‍ തന്നെ ബട്ട്ലര്‍ ഡഗ്ഔട്ടിലേക്ക് മടങ്ങി. രാഹുല്‍ ചഹാര്‍ ആ പക്ഷിയുടെ ചിറകുകള്‍ ഉയരങ്ങളില്‍ നിന്നും അരിഞ്ഞു. 43 പന്തില്‍ നിന്നും 89 റണ്‍സെടുത്ത് ബട്ട്ലര്‍ പുറത്ത്. ഏഴ് സിക്സും എട്ട് ഫോറുകളുമടങ്ങുന്ന മനോഹരമായ ഇന്നിങ്സ്.

‘രാജകീയം’ ഇത് രാജസ്ഥാന്‍റെ റോയല്‍ റണ്‍ വേട്ട

പതിനാലാം ഓവറില്‍ പുറത്തായെങ്കിലും ടീമിനെ മികച്ച നിലയില്‍ സുരക്ഷിതമാക്കിയിട്ടായിരുന്നു ബട്ട്ലര്‍ ക്രീസ് വിട്ടത്. പിന്നീട് റണ്‍വേട്ടയുടെ ചുമതല സഞ്ചു സാംസണ്‍ ഏറ്റെടുക്കുകയായിരുന്നു. പക്ഷെ, ജസ്പ്രിത് ബുംറയുടെ വേഗതയില്‍ കുടുങ്ങി സഞ്ചു 31 റണ്‍സെടുത്ത് പുറത്തായി. തൊട്ടടുത്ത് വന്ന രാഹുല്‍ ത്രിപാദിയും ഒരു റണ്ണെടുക്കുന്നതിനിടെ പുറത്തായി.

അവസാന ഓവറുകളില്‍ മുംബൈ ബൌളര്‍മാര്‍ തിരിച്ചുവന്നു. ബുംറയും ക്രുണാല്‍ പാണ്ഡ്യയും തങ്ങളുടെ മികച്ച സ്പെല്‍ പുറത്തെടുത്തതോടെ രാജസ്ഥാന്‍ വിയര്‍ക്കാന്‍ തുടങ്ങി. രാജകീയ റണ്‍ വേട്ട പരുങ്ങലിലായി. ബുംറ സ്റ്റീവ് സ്മിത്തിനേയും വീഴ്ത്തിയതോടെ മുംബൈ മത്സരത്തിലേക്ക് തിരിച്ചുവരണ്ട എല്ലാ സാധ്യതകളും തുറന്നു.

ശ്രേയസ് ഗോപാല്‍ പറത്തിയ ഷോട്ട് ബൌണ്ടറിയില്‍ നിന്നും തടയവെ അല്‍സാരി ജോസഫിന് പരിക്ക് പറ്റി. എങ്കിലും ബുംറ തളര്‍ന്നില്ല. അടുത്ത പന്തില്‍ പേസ് മാറ്റിപ്പിടിച്ച ബുംറ വീണ്ടും രാജസ്ഥാനെ വിറപ്പിച്ചു. മത്സരം അതിന്‍റെ അവസാന ഓവറിലേക്ക്.

ശ്രേയസ് ഗോപാലും കൃഷ്ണപ്പ ഗൌതമും ക്രീസില്‍. അവസാന ഓവറില്‍ വേണ്ടത് ആറ് റണ്‍സ്. പന്തെറിയാന്‍ വരുന്നത് ഹാര്‍ദ്ദിക് പാണ്ഡ്യ. ഹാര്‍ദ്ദിക് എറിഞ്ഞ ആദ്യ പന്ത് സ്ട്രൈറ്റ് സിക്സ് പറത്താനുള്ള ശ്രേയസ് ഗോപാലിന്‍റെ ശ്രമം പാളി. പക്ഷെ, അതൊരു ഡ്രോപ്പ് ക്യാച്ചായിരുന്നു. അടുത്ത പന്ത് ഡോട്ട് ബോള്‍. പിന്നീട് മനോഹരമായ ഷോട്ടിലൂടെ ലോങ് ഓണിലേക്ക് ഫോര്‍ പറത്തി ശ്രേയസ് ഗോപാല്‍ രാജസ്ഥാന്‍റെ റണ്‍ വേട്ട പര്യവസാനിപ്പിച്ചു. ശ്രേയസ് ഗോപാല്‍ പതിമൂന്നും ഗൌതം റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. മുംബൈക്കായി ക്രുണാല്‍ പാണ്ഡ്യ മൂന്നും ബുംറ രണ്ടും രാഹുല്‍ ചഹാര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.

‘രാജകീയം’ ഇത് രാജസ്ഥാന്‍റെ റോയല്‍ റണ്‍ വേട്ട

നായകന്‍ രോഹിത് ശര്‍മ്മയും ക്വിന്‍റിന്‍ ഡികോക്കും ചേര്‍ന്ന് മനോഹരമായ തുടക്കമാണ് നീലപ്പടക്ക് സമ്മാനിച്ചത്. ഹിറ്റ്മാനും ഡികോക്കും കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഇരുവരുടെയും ബാറ്റില്‍ നിന്നും പിറന്നത് 96 റണ്‍സ്. കൃഷ്ണപ്പ ഗൌതമും ധവാല്‍ കുല്‍കര്‍ണ്ണിയും ഉനഡ്കട്ടിനെയുമെല്ലാം ഇരുവരും കണക്കിന് പ്രഹരിച്ചു. പക്ഷെ, രാജസ്ഥാന് രക്ഷകനായെത്തിയത് ജോഫ്ര ആര്‍ച്ചറായിരുന്നു. 47 റണ്‍സെടുത്തു നില്‍ക്കെ ബട്ട്ലറിന്‍റെ കൈകളിലേക്ക് ക്യാച്ച് കൊടുത്ത് രോഹിത് മടങ്ങി. ക്രീസില്‍ താളം കണ്ടെത്തും മുമ്പേ സൂര്യകുമാര്‍ യാദവും മടങ്ങി. സ്റ്റംപിനെ തൊട്ടുരുമ്മി പോയ പന്ത് ബേസ് താഴെ വീഴ്ത്തിയെന്ന് ഒറ്റ നോട്ടത്തില്‍ പെട്ടന്നാര്‍ക്കും മനസ്സിലായില്ല. പത്ത് പന്തില്‍ നിന്നും 16 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവ് മടങ്ങി. പിന്നീടിറങ്ങിയ പൊള്ളാര്‍ഡ് 12 പന്തുകളില്‍ നിന്നും ആറ് റണ്‍സ് മാത്രമാണ് നേടാനായത്. ആര്‍ച്ചര്‍ രാജസ്ഥാനായി മറ്റൊരു മുംബൈ വിക്കറ്റ് കൂടി പഴുതെറിഞ്ഞു.

‘രാജകീയം’ ഇത് രാജസ്ഥാന്‍റെ റോയല്‍ റണ്‍ വേട്ട

പക്ഷെ, ഡികോക്ക് തന്‍റെ പ്രയാണം തുടര്‍ന്നു. തന്‍റെ ഐ.പി.എല്‍ കരിയറിലെ എട്ടാമത്തെ അര്‍‌ദ്ദ സെഞ്ച്വറി കുറിച്ച ഡികോക്ക് മുംബൈക്ക് കരുത്ത് പകര്‍ന്നുകൊണ്ടിരുന്നു. ബൌണ്ടറികളുടെ ആഘോഷമായിരുന്നു ഡികോക്ക് വാങ്കടെ സ്റ്റേഡിയത്തില്‍ നടത്തിയത്. 52 പന്തില്‍ നിന്നും 81 റണ്‍സെടുത്ത ഡികോക്ക് ആറ് ഫോറും നാല് സിക്സറുകളും പറത്തി. ഒടുവില്‍ ആര്‍ച്ചറിന് മുന്നില്‍ ഡീകോക്ക് കീഴടങ്ങി. അവസാന ഓവറുകളില്‍ കളത്തിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് സിക്സറുകളും ഒരു ഫോറും നേടി 28 റണ്‍സെടുത്ത് മുംബൈ ക്യാമ്പിന്‍റെ ആവേശമായി. അഞ്ച് റണ്‍സെടുത്ത ഇഷാന്‍ കിഷനും പെട്ടന്ന് തന്നെ പവലിയണിലേക്ക് മടങ്ങി.

ഒരു സമയത്ത് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തുമെന്ന് കരുതിയിരുന്ന മുംബൈയെ പിടിച്ചുകെട്ടാന്‍ രാജസ്ഥാനെ സഹായിച്ചത് ജോഫ്ര ആര്‍ച്ചറുടെ ബൌളിങായിരുന്നു. ആര്‍ച്ചര്‍ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഉനഡ്കട് കുല്‍കര്‍ണ്ണി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രാജസ്ഥാന്‍റെ രണ്ടാം വിജയം. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റുകളുമായി രാജസ്ഥാന്‍ ഏഴാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റുമായി മുംബൈ മൂന്നാം സ്ഥാനത്താണ്.