LiveTV

Live

Cricket

കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി

കൊല്‍ക്കത്തക്കെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം179 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് 18.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി

കൊല്‍ക്കത്തക്കെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം.179 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

പൃഥ്വി ഷായും ധവാനും ചേര്‍ന്ന് ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ടീം മൂന്ന് ഓവറില്‍ 32 റണ്‍സില്‍ എന്ന നിലയില്‍ നില്‍ക്കെ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത പൃഥ്വി ഷായാണ് പുറത്തായത്. പിറകെയെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ആറ് റണ്‍സെടുത്ത അയ്യര്‍ റസലിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

എന്നാല്‍ ഒരു വശത്ത് കോട്ട പോലെ നിലയുറപ്പിച്ച ധവാന്‍ ഡല്‍ഹിക്ക് വിജയം എളുപ്പമാക്കുകയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയുടെ ബൌളര്‍മാര്‍ ധവാന്‍റെ ബാറ്റിന്‍റെ ചൂട് നന്നായറിഞ്ഞു. പുറത്താകാതെ 63 പന്തില്‍ 97 റണ്‍സെടുത്ത ധവാന്‍റെ ഈ ഇന്നിങ്സാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

അയ്യര്‍ക്ക് പിന്നാലെയെത്തിയ റിഷഭ് പന്ത് മറുവശത്ത് ധവാന് വേണ്ട എല്ലാ പിന്തുണയും നല്‍കി. പക്ഷെ, 30 പന്തില്‍ 46 റണ്‍സെടുത്ത് നില്‍ക്കെ പതിനേഴാം ഓവറില്‍ റാണക്ക് വിക്കറ്റ് സമ്മാനിച്ച് പന്തും മടങ്ങി. ആറ് പന്തില്‍ പുറത്താകാതെ 14 റണ്‍സെടുത്ത കോളിന്‍ ഇന്‍ഗ്രാം ഒരു ധോണി സ്റ്റൈലില്‍ ചൌളയെ സിക്സര്‍ പറത്തി കളി ഫിനിഷ് ചെയ്തു. പുറത്താകാതിരുന്നിട്ടും ധവാന് സെഞ്ച്വറി നേടാനാകാഞ്ഞത് വിജയത്തിനിടയിലും ഡല്‍ഹി ആരാധകര്‍ക്ക് നിരാശ പടര്‍ത്തി.

ടോസ് നേടിയ ഡല്‍ഹി ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇശാന്ത് ശര്‍മ എറിഞ്ഞ കളിയുടെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ജോ ഡെന്‍ലി പുറത്തായെങ്കിലും ശുബ്മാന്‍ ഗില്ലും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് കൊല്‍ക്കത്തക്ക് നല്‍കിയത്. രണ്ടാം വിക്കറില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ശക്തമായി മുന്നോട്ട് പോയ ഈ കൂട്ടുകെട്ട് റബാഡയുടെ പന്തില്‍ ഉത്തപ്പ വീണതോടെ തകരുകയായിരുന്നു. പിന്നീട് വന്ന നിതീഷ് റാണക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല

12 പന്തില്‍ 11 റണ്‍സെടുത്ത റാണ മോറിസിന്‍റെ പന്തില്‍ ക്ലീന്‍ ബൌള്‍ഡാവുകയായിരുന്നു. 39 പന്തില്‍ 65 റണ്‍സെടുത്ത ഗില്ലിന്‍റെയും മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത നായകന്‍ ദിനേഷ് കാര്‍ത്തിക്കിന്‍റെയും വിക്കറ്റുകള്‍ വീണതോടെ കൊല്‍ക്കത്ത വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ റാണക്ക് പിന്നാലെ ക്രീസിലെത്തിയ കൊല്‍ക്കത്തയുടെ വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസ്സല്‍ തകര്‍പ്പനടികളിലൂടെ സ്കോറിന് വേഗം കൂട്ടി. 21 പന്തില്‍ 45 റണ്‍സെടുത്ത റസ്സല്‍ റബാഡയുടെ ക്യാച്ചിലൂടെ മോറിസ്സിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ഡല്‍ഹി നിരയില്‍ റബാഡ, മോറിസ്സ്, പോള്‍ എന്നിവര്‍ രണ്ട് വിക്കറ്റു വീതവും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.