LiveTV

Live

Cricket

ധോണിക്കും ജഡേജക്കും നൂറ് മാര്‍ക്ക്; ചെന്നൈക്ക് മിന്നും ജയം

ആറ് മത്സരങ്ങളില്‍ നിന്നും അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്

 ധോണിക്കും ജഡേജക്കും നൂറ് മാര്‍ക്ക്; ചെന്നൈക്ക് മിന്നും ജയം

രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് മിന്നും ജയം. അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ചെന്നൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ചെന്നൈക്കായി വീരോചിതമായി റായിഡുവും ധോണിയും ബാറ്റ് വീശി. 24 റണ്‍സെടുക്കുന്നതിനിടെ പുറത്തായ നാല് പേരും രണ്ടക്കം കടക്കാതെ മടങ്ങുകയായിരുന്നു. റണ്ണൊന്നുമെടുക്കാതെ വാട്സണും ഡുപ്ലിസിസ് ഏഴും റെയ്ന നാലും ജാദവ് ഒരു റണ്‍സെടുത്തും പുറത്തായി. അഞ്ചാം വിക്കറ്റില്‍ റായിഡുവും ധോണിയും 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റായിഡു 57 റണ്‍സെടുത്തു.

മികച്ച ഫീല്‍ഡിങ്ങായിരുന്നു രാജസ്ഥാന്‍റെ കൈമുതല്‍. കേദാര്‍ ജാദവിനെ പുറത്താക്കാന്‍ ബെന്‍ സ്ട്രോക്സും റായിഡുവിനെ പുറത്താക്കാന്‍ ശ്രേയസ് ഗോപാലും നേടിയ മനോഹരമായ ക്യാച്ചുകള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായി. അവസാനം റായിഡു പുറത്താകുമ്പോള്‍ ജയിക്കാന്‍ 14 പന്തുകളില്‍ നിന്നും വേണ്ടിയിരുന്നത് 33 റണ്‍സ്.

ഉദ്യേഗജനകമായ നിമിഷങ്ങളിലൂടെ കടന്നുപോയ മത്സരം അവസാന ഓവറിലേക്ക് കടന്നു. ഒരോവറില്‍ ജയിക്കാന്‍ 18 റണ്‍സ്. ക്രീസില്‍ ധോണിയും ജഡേജയും. ആദ്യ പന്ത് തന്നെ ജഡേജ സിക്സര്‍ പറത്തി. രണ്ടാം പന്ത് നോ ബോള്‍, സിങ്കിള്‍. അടുത്ത പന്ത് ധോണി രണ്ട് റണ്‍സ് നേടി. തൊട്ടടുത്ത ബോളില്‍ സ്ട്രോക്സിന്‍റെ മികച്ച യോര്‍ക്കറില്‍ ധോണി 58 റണ്‍സിന് പുറത്ത്. മൈക്കിള്‍ സാന്‍റര്‍ ക്രീസില്‍.

പല നാടകീയതകള്‍ക്കും രംഗമൊരുക്കിയ അവസാന മൂന്ന് പന്തുകള്‍. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. ബെന്‍ സ്ട്രോക്സിന്‍റെ സുന്തരമായ പന്തിനെ ലോങ് ഓണിലേക്ക് പറത്തി സാന്‍റസ് ചെന്നൈക്ക് വിജയം സമ്മാനിച്ചു. നായകനെന്ന നിലയില്‍ ധോണിയുടെ നൂറാം വിജയം.

ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ രഹാനെ ചഹാറും ബട്ട്ലറെ ടാക്കൂറും പുറത്താക്കി ചെന്നൈയ്ക്ക് മുൻതൂക്കം നൽകി. രഹാനെ 11 പന്തിൽ 14ഉം ബട്ട്ലർ 10 പന്തിൽ 23ഉം നേടി. തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ സഞ്ജു സാംസണും കാര്യമായ റൺസ് സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. അലസമായ ഷോട്ടുകൾക് മുതിർന്ന് സഞ്ജുവും സ്മിത്തും തങ്ങളുടെ വിക്കറ്റ് നഷ്ടപെടുത്തി. സ്മിത്തിനെ പുറത്താക്കി ജഡേജ തന്റെ ഐ.പി.എലിലെ 100ാം വിക്കറ്റ് നേട്ടം സ്വന്തമാക്കി. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ പരാഗിനെ ധോണി സ്റ്റംപ് ചെയ്ത പുറത്താക്കി. 26 പന്തിൽ 28 റൺസ് എടുത്ത ബെൻ സ്റ്റോക്സിന്റെ കുറ്റി തെറിപ്പിച്ച ചഹാർ രാജസ്ഥാന്റെ റണ്ണൊഴുക്ക് തടഞ്ഞു.

ബാറ്റിംഗ് തകർച്ച നേരിട്ട രാജസ്ഥാനെ സ്റ്റോക്‌സും അവസാന ഓവറിൽ ആഞ്ഞടിച്ച ഗോപാലുമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 2 വിക്കറ്റ് വീതം നേടി ചഹാറും ജഡേജയും താക്കൂറും ചെന്നൈ നിരയിൽ തിളങ്ങി. ഏഴ് മത്സരങ്ങള്‍ കളിച്ച ചെന്നൈ ആറും വിജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആറ് മത്സരങ്ങളില്‍ നിന്നും അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്.