LiveTV

Live

Cricket

സണ്‍റെെസേഴ്സിനെ എറിഞ്ഞ് വീഴ്ത്തി മുംബെെ ഇന്ത്യന്‍സ്

താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സൺറെെസേഴ്സിനെ അൽസരി ജോസഫ് എറിഞ്ഞിടുകയായിരുന്നു

സണ്‍റെെസേഴ്സിനെ എറിഞ്ഞ് വീഴ്ത്തി മുംബെെ ഇന്ത്യന്‍സ്

ഒടുവിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഹെെദരാബാദിന്റെ വിജയക്കുതിപ്പിന് അന്ത്യം കുറിച്ച് മുംബെെ ഇന്ത്യൻസ്. തീ പന്തുകളുമായി അല്‍സരി ജോസഫ് ഫീല്‍ഡില്‍ നിറഞ്ഞപ്പോള്‍, പുകള്‍പെറ്റ സണ്‍റെെസേഴ്സ് ബാറ്റിംഗ് പട ചീട്ട് കൊട്ടാരം കണക്കെ തകരുകയായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബെെ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 136 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹെെദരാബാദ് കേവലം 96 റൺസിന് കൂടാരം കയറുകയായിരുന്നു. സൺറെെസേഴ്സിനെതിരെ 40 റൺസിനാണ് മുംബെെ ജയിച്ചത്.

താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സൺറെെസേഴ്സിനെ അൽസരി ജോസഫ് എറിഞ്ഞിടുകയായിരുന്നു. 3.4 ഓവറിൽ വെറും 12 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് ആണ് വിൻഡീസ് താരം പിഴുതത്. രാഹുൽ ചഹാർ രണ്ടും, ബംറയും ജേസൻ ബെൻഡോഫും ഓരോ വിക്കറ്റ് വീതവുമെടുത്തു. 20 റൺസെടുത്ത ദീപക് ഹൂഡയാണ് സൺറെെസേഴ്സിന്റെ ടോപ് സ്കോറർ. വാർണർ 15 റൺസും ജോണി ബെയർസ്റ്റോ 16 റൺസുമെടുത്ത് പുറത്തായി. മനീഷ് പാണ്ഡെ 16ഉം മുഹമ്മദ് നബി 11 റൺസുമെടുത്തു.

നേരത്തെ, റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ മുംബെെയെ, അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനത്തോടെ കീറോൺ പൊള്ളാർഡ് (26 പന്തിൽ 46 റൺസ്) ആണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഡി കോക് 19ഉം ഇഷാൻ കിഷൻ 17 റൺസുമെടുത്തു. സൺറെെസേഴ്സിനായി സിദ്ധാർഥ് കൗൾ രണ്ടും റാഷിദ് ഖാൻ, മുഹമ്മദ് നബി, സന്ദീപ് ശർമ, ബുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.