LiveTV

Live

Cricket

രണ്ട് പേര്‍ സെഞ്ച്വറി നേടിയിട്ടും പാകിസ്താന്‍ തോറ്റു; നാലും ജയിച്ച് ആസ്‌ട്രേലിയ 

പാകിസ്താനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലാം ഏകദിനത്തിലും ആസ്ട്രേലിയക്ക് ജയം.

രണ്ട് പേര്‍ സെഞ്ച്വറി നേടിയിട്ടും പാകിസ്താന്‍ തോറ്റു; നാലും ജയിച്ച് ആസ്‌ട്രേലിയ 

പരാജയപ്പെടുത്താനാവാതെ ആസ്‌ട്രേലിയ കുതിക്കുന്നു. പാകിസ്താനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലാം ഏകദിനത്തിലും ആസ്ട്രേലിയക്ക് ജയം. ആറ് റണ്‍സിനാണ് ആസ്‌ട്രേലിയ പാകിസ്താനെ തോല്‍പിച്ചത്. ആസ്‌ട്രേലിയ ഉയര്‍ത്തിയ 278 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് 271 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയക്കായി ഗ്ലെന്‍ മാക്‌സ്‌വെല്‍(98) ഉസ്മാന്‍ ഖവാജ(62) അലക്‌സ് കാരി(55) എന്നിവര്‍ തിളങ്ങിയപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ എത്തിയത് 50 ഓവറില്‍ ഏഴിന് 277. മറുപടി ബാറ്റിങില്‍ പാകിസ്താന് വേണ്ടി രണ്ട് സെഞ്ച്വറികള്‍ പിറന്നെങ്കിലും ടീം തോറ്റു. ഓപ്പണറായ ആബിദ് അലി(112), മുഹമ്മദ് റിസ്‌വാന്‍(104) എന്നിവരാണ് സെഞ്ച്വറി നേടിയത്. ചേസിങില്‍ രണ്ട് സെഞ്ച്വറി നേടിയിട്ടും ടീം തോല്‍ക്കുന്നത് ക്രിക്കറ്റ് ചരിത്രത്തില്‍ നാലാമത്തേത് ആണ്.

അവസാന ഓവറില്‍ 17 റണ്‍സായിരുന്നു പാകിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മാര്‍ക്കസ് സ്റ്റോയിനിസ് ആയിരുന്നു പന്തെറിഞ്ഞിരുന്നത്. നാല് വിക്കറ്റും കയ്യിലുണ്ടായിരുന്നു. എന്നാല്‍ ആ ഓവറില്‍ ഒരു സികസര്‍ മാത്രം നേടാനെ പാകിസ്താന് ആയുള്ളൂ. പിന്നെ വന്നത് സിംഗിളുകളും. ആസ്‌ട്രേലിയക്കായി നഥാന്‍ കോള്‍ട്ടര്‍ നെയില്‍ മൂന്നും മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും വീഴ്ത്തി.

സെഞ്ച്വറി നേടിയവര്‍ക്ക് പുറമെ ഹാരിസ് സുഹൈലാണ്(25) രണ്ടക്കം കടന്ന മറ്റൊരു പാകിസ്താന്‍ ബാറ്റ്‌സ്മാന്‍. ബാക്കി ബാറ്റെടുത്ത അഞ്ച് പേരെയും രണ്ടക്കം കാണിക്കും മുമ്പെ കംഗാരുപ്പട പറഞ്ഞയച്ചു. പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ചയാണ്.