LiveTV

Live

Cricket

യുവിക്ക് ഹാട്രിക് സിക്‌സ്

ചഹാല്‍ എറിഞ്ഞ പതിനാലാം ഓവറിലായിരുന്നു യുവി തകര്‍ത്തടിച്ചത്. ആദ്യ മൂന്ന് പന്തുകളും സിക്‌സറിലേക്ക് പറന്നു

യുവിക്ക് ഹാട്രിക് സിക്‌സ്

ഐ.പി.എല്‍ ലേലത്തില്‍ വിളിക്കാന്‍ പോലും തയ്യാറാകാതിരുന്ന ടീമുകള്‍ക്കെതിരെ യുവരാജ് സിങിന്റെ ബാറ്റു കൊണ്ടുള്ള മറുപടി തുടരുകയാണ്. സീസണിലെ ആദ്യ ഐ.പി.എല്‍ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ യുവിയുടെ ബാറ്റില്‍ നിന്നും രണ്ടാം മത്സരത്തിലും റണ്ണൊഴുകി. ഇത്തവണ ഹാട്രിക് സിക്‌സടിച്ചാണ് യുവരാജ് സിങ് തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ചത്.

2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ഹീറോയായത് യുവരാജ് സിങായിരുന്നു. തുടര്‍ന്ന് 2014ല്‍ ഐ.പി.എല്‍ ലേലത്തില്‍ യുവിയെ 14 കോടിക്കാണ് ആര്‍.സി.ബി വിളിച്ചെടുത്തത്. തൊട്ടടുത്ത വര്‍ഷം 16 കോടിയുടെ മോഹവില നല്‍കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് യുവരാജിനെ സ്വന്തമാക്കി. എന്നാല്‍ ഫോമില്ലായ്മ അലട്ടിയ യുവിയെ 2019 ഐ.പി.എല്ലില്‍ ആദ്യഘട്ട ലേലത്തില്‍ വിളിക്കാന്‍ പോലും ആരുമുണ്ടായില്ല. ഒടുവില്‍ അടിസ്ഥാന വിലയായ ഒരു കോടി നല്‍കി മുംബൈ ഇന്ത്യന്‍സാണ് യുവരാജ് സിങിനെ വലിയ അപമാനത്തില്‍ നിന്നും രക്ഷിച്ചത്.

സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ അതിനുള്ള സന്തോഷം യുവരാജ് ബാറ്റിലൂടെ നല്‍കി. 2017ന് ശേഷം ഐ.പി.എല്ലില്‍ ആദ്യ അര്‍ധസെഞ്ചുറി നേടിയ ശേഷമാണ് യുവി ക്രീസ് വിട്ടത്. ഡല്‍ഹി ക്യാപിറ്റലിനെതിരെ മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്‌കോററും യുവിയായിരുന്നു.

അതേ ഫോമിന്റെ തുടര്‍ച്ചയാണ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെയും കണ്ടത്. ചഹാല്‍ എറിഞ്ഞ പതിനാലാം ഓവറിലായിരുന്നു യുവി തകര്‍ത്തടിച്ചത്. ആദ്യ മൂന്ന് പന്തുകളും സിക്‌സറിലേക്ക് പറന്നു. ഇയാള്‍ വീണ്ടും ആറ് സിക്സടിക്കുമോ എന്നോര്‍ത്ത് ചഹാല്‍ മാത്രമല്ല ആര്‍.സി.ബി ക്യാപ്റ്റന്‍ കോഹ്‌ലി വരെ തലയില്‍ കൈവെച്ചു.

Also read: യുവരാജ് സിങ് - അതിജീവനത്തിന്‍റെ രാജകുമാരന്‍

എല്ലാ പന്തുകളും സിക്‌സറിലേക്ക് പറത്താനുള്ള മാനസികാവസ്ഥയിലായിരുന്ന യുവി നാലാം പന്തും നേരെ ഉയര്‍ത്തിയടിച്ചു. എന്നാല്‍ ലോങ് ഓഫില്‍ ബൗണ്ടറി ലൈനിനോട് ചേര്‍ന്ന് യുവരാജിനെ മുഹമ്മദ് സിറാജ് പിടികൂടിയതോടെയാണ് ചിന്നസ്വാമിയില്‍ ആര്‍.സി.ബി ആരാധകരുടെ ശ്വാസം നേരെയായത്. 12 പന്തുകളില്‍ 23 റണ്‍ നേടിയ ശേഷമാണ് യുവരാജ് സിംങ് മടങ്ങിയത്. ആ ഓവറില്‍ 20 റണ്ണാണ് ചഹാല്‍ വഴങ്ങിയത്.

ഹാട്രിക് സിക്‌സിന് വഴങ്ങിയെങ്കിലും നാല് വിക്കറ്റ് വീഴ്ത്തി ചഹാല്‍ പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്നു. യുവരാജിന് പിന്നാലെ സൂര്യകുമാര്‍ യാദവും(38) മടങ്ങിയതോടെ മുംബൈ ബാറ്റിംങിന്റെ താളം തെറ്റി. വാലറ്റത്ത് ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംങാണ് പിന്നീട് മുംബൈക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.