എന്താണ് മങ്കാദിങ്? അശ്വിന് മുമ്പും ചെയ്തു, ബട്ട്ലര്‍ നേരത്തെയും പുറത്തായി
ക്രിക്കറ്റ് ലോകത്ത് ഇത്തരത്തില്‍ പുറത്താവുന്നത് ആദ്യത്തെ സംഭവമല്ല. ഏറ്റവും രസകരമായ സംഭവം, ജോസ് ബട്ട്ലര്‍ നേരത്തെയും ഇങ്ങനെ പുറത്തായി എന്നതാണ്.

മങ്കാദിങ് റണ്‍ഔട്ടാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. ഇന്നലെ ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബ് നായകന് കൂടിയായ രവിചന്ദ്ര അശ്വിന്, മങ്കാദിങിലൂടെ ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയതാണ് ഇങ്ങനെയൊരു ചര്‍ച്ചക്ക് കാരണം. ക്രിക്കറ്റ് ലോകത്ത് ഇത്തരത്തില്‍ പുറത്താവുന്നത് ആദ്യത്തെ സംഭവമല്ല. ഏറ്റവും രസകരമായ സംഭവം, ജോസ് ബട്ട്ലര്‍ നേരത്തെയും ഇങ്ങനെ പുറത്തായി എന്നതാണ്.
എന്താണ് മങ്കാദിങ്
നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലുള്ള ബാറ്റ്സ്മാനെ പന്ത് എറിയുന്നതിന് മുമ്പ് ബൗളര്‍ റണ്ണൗട്ടാക്കുന്ന പ്രക്രിയയാണ് മങ്കാദിങ്. പന്ത് എറിഞ്ഞ് തുടങ്ങുന്നതിന് മുമ്പെ ബാറ്റ്സ്മാന്മാര് പലപ്പോഴും ക്രീസ് വിടുന്നതിനാല്‍ പന്തെറിയുന്നവര്‍ക്ക് എളുപ്പത്തില്‍ ബാറ്റ്സ്മാനെ പുറത്താക്കാനാവും. ബൗളര്‍മാര്‍ ഈ സാഹസത്തിന് അധികം മുതിരാറില്ലെന്നിരിക്കെ ബാറ്റ്സ്മാന്മാര് ഇക്കാര്യത്തെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുമില്ല.
എങ്ങനെ ഈ പേര് വന്നു?
1947ലെ ടെസ്റ്റ് പരമ്പരയില്‍ ആസ്ട്രേലിയന്‍ ബാറ്റ്സ്മാന് ബില്‍ ബ്രൗണിനെ ഇന്ത്യന്‍ താരം വിനു മങ്കാദ് രണ്ട് വട്ടം ഇത്തരത്തില്‍ റണ്‍ഔട്ടാക്കിയതോടെയാണ് മങ്കാദിങ് എന്ന വാക്കിന്റെ പിറവി. നിലവില്‍ മങ്കാദിങ് അനുവദനീയമാണ്. അതിനാല്‍ തന്നെ ഇത്തരത്തില്‍ പുറത്താകുന്നവര്‍ ദേഷ്യം പ്രകടിപ്പിച്ച് ക്രീസ് വിടുകയാണ് ചെയ്യാറ്. നിയമപരിരക്ഷ ലഭിക്കുന്നതിനാല്‍ തന്നെ വിമര്‍ശകര്‍ ഒന്നടങ്ങാറുമുണ്ട്. പിന്നെ ചോദ്യമുയരുക, ക്രിക്കറ്റിലെ മാന്യതയെക്കുറിച്ച്.

ആരൊക്കെ മങ്കാദിങ് പ്രയോഗിച്ചു?
ഇതെ അശ്വിന് തന്നെ മുമ്പ് രാജ്യാന്തര ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കെതിരെ മങ്കാദിങ് നടത്തിയിരുന്നു. എന്നാല്‍ അന്ന് നായകനായിരുന്ന സെവാഗും സച്ചിനും ഇടപെട്ട് അപ്പീല്‍ പിന്‍വലിച്ചു. തിരിമാനെയായിരുന്നു ബാറ്റ്സ്മാന്. ഇന്ത്യയുടെ കപില്‍ ദേവും മങ്കാദിങ് പ്രയോഗിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ പീറ്റര്‍ കിര്സ്റ്റന് ആണ് അന്ന് പുറത്തായിരുന്നത്. എന്നാല്‍ കപില്‍ ദേവ് കിര്സ്റ്റന് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചപ്പോഴായിരുന്നു കപിലിന്റെ നീക്കം. ഏതാനും ആഭ്യന്തര മത്സരങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
ജോസ് ബട്ട്ലര്‍ നേരത്തെയും മങ്കാദിങിലൂടെ പുറത്തായി
ജോസ് ബട്ട്ലര്‍ തന്നെ മുമ്പൊരിക്കല്‍ മങ്കാദിങ്ങിലൂടെ പുറത്തായി എന്നതാണ് രസകരം. അതും ശ്രീലങ്കയ്ക്കെതിരെ. 2014ല്‍ ശ്രീലങ്കയുടെ സചിത്ര സേനനായകനാണ് ബട്ട്ലറെ ഇത്തരത്തില്‍ പുറത്താക്കിയത്. അന്ന് അമ്പയര്‍ എളുപ്പത്തില്‍ ഔട്ട് വിളിച്ചു. ഇതെ ശ്രീലങ്കയ്ക്കെതിരെയാണ് മുമ്പ് അശ്വിന് മങ്കാദിങ് നടത്തിയത്. എന്നാല്‍ അന്ന് സച്ചിനും സെവാഗും കാണിച്ച മാന്യത, ജോസ് ബട്ട്ലറോടും ഇംഗ്ലണ്ടിനോടും ശ്രീലങ്ക പിന്നീട് കാണിച്ചില്ല.

സാധാരണ പന്തെറിയുന്നതിന് മുമ്പ് ബൗളര്‍മാര്‍ ബാറ്റ്സ്മാന്മാര്ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ മുന്നറിയിപ്പും അവഗണിച്ച് ബാറ്റ്സ്മാന് ക്രീസ് വിട്ടാല്‍ പിന്നെ പരിതപിച്ചിട്ട് കാര്യമില്ല. അതേസമയം തന്നെ കളിയില്‍ എല്ലാ ബാറ്റ്സ്മാന്മാരും ഇങ്ങനെ ക്രീസ് വിടുന്നതിനാല്‍ മുന്നറിയിപ്പ് കൊടുക്കാതെ ബാറ്റ്സ്മാനെ പുറത്താക്കുന്നതാണ് പലരും ചോദ്യം ചെയ്യുന്നത്.