LiveTV

Live

Cricket

മിന്നല്‍ വേഗത്തില്‍ റണ്ണൊഴുക്കി റസല്‍; സണ്‍റൈസേഴ്സിനെ തകര്‍ത്ത് കൊല്‍ക്കത്ത

മൂന്ന് സിക്സും ഒമ്പത് ഫോറുകളുമടങ്ങിയ ഡേവിഡ് വാർണറുടെ വെടികെട്ട് ഇന്നിംങ്സിന്റെ അകമ്പടിയോടെ 181 റണ്‍സെടുത്തിരിക്കുകയാണ് സണ്‍റൈസേഴ്സ്

മിന്നല്‍ വേഗത്തില്‍ റണ്ണൊഴുക്കി റസല്‍; സണ്‍റൈസേഴ്സിനെ തകര്‍ത്ത് കൊല്‍ക്കത്ത

ഈഡന്‍ ഗാര്‍ഡനില്‍ റസലിന്റെ വെടിക്കെട്ട് ഇന്നിങ്ങ്സ് പിറന്നപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തകര്‍പ്പന്‍ ജയം. ആന്ദ്രേ റസൽ 19 പന്തിൽ നാല് സിക്സും നാല് ഫോറുമടക്കം 49 റൺസടിച്ചെടുത്തു. അഞ്ചാം വിക്കറ്റിൽ റസലും ശുബ്മാൻ ഗില്ലും ചേർന്ന് 26 പന്തിൽ 65 റൺസ് അടിച്ചുകൂട്ടിയാണ് ഒരുവേള തോറ്റെന്ന് കരുതിയ മത്സരം തിരിച്ച് കൊണ്ടുവന്നത്.

സൺറൈസേഴ്സിന്റെ 181 എന്ന കൂറ്റൻ സ്കോർ പിൻതുടർന്ന കൊൽക്കത്തക്ക് കളിയുടെ തുടക്കത്തിൽ തന്നെ ആദ്യവിക്കറ്റ് നഷ്ടപ്പെട്ടു. മത്സരത്തിലെ രണ്ടാമത്തെ ഓവറിൽ ഷക്കീബ് അൽ ഹസന്റെ പന്തിൽ ആദ്യ വിക്കറ്റ് പോകുമ്പോള്‍ ടീം റൺസ് ഏഴ്. എന്നാൽ ക്രീസിൽ റാണക്കൊപ്പം ഉത്തപ്പയും ചേർന്നതോടെ കൊൽക്കത്തയുടെ റൺസ് ഉയരാൻ തുടങ്ങി. മത്സരം കൊല്‍ക്കത്തയുടെ വരുതിയിലായി. ടീം സ്കോർ 87 എത്തിയപ്പോൾ ഉത്തപ്പ(35) ഔട്ടായതോടെ കളിയുടെ
ഗതിമാറി.

ഉടനെ തന്നെ രണ്ട് റൺസോടെ ദിനേഷ് കാർത്തിക്കും കൂടാരം കയറിയതോടെ കൊൽക്കത്ത പരുങ്ങലിലായി. എന്നാല്‍ ഒരറ്റത്ത് ഓപ്പണർ റാണ ഒറ്റയാനായി പൊരുതുന്നുണ്ടായിരുന്നു. 16ാമത്തെ ഓവറിൽ റാണയും (68) ഔട്ടായതോടെ കളി കൈവിട്ട് പോയിരുന്ന കൊല്‍ക്കത്തക്ക് ഗില്ലും റസലും രക്ഷകന്മാരായി അവതരിക്കുകയായിരുന്നു.

ആദ്യം മൂന്ന് സിക്സും ഒമ്പത് ഫോറുകളുമടങ്ങിയ ഡേവിഡ് വാർണറുടെ വെടികെട്ട് ഇന്നിംങ്സിന്റെ അകമ്പടിയോടെയാണ് 181 എന്ന സാമാന്യം ഭേദപ്പെട്ട സ്കോര്‍ സണ്‍റൈസേഴ്സ് പടുത്തിയര്‍ത്തിയത്.