LiveTV

Live

Cricket

ആദ്യ മത്സരത്തില്‍ കോഹ്‍ലി പടയെ മുട്ടുകുത്തിച്ച് ധോണിയും കൂട്ടരും

മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ ഹര്‍ഭജനും ഇമ്രാന്‍ താഹിറുമാണ് ചെന്നൈയുടെ വിജയ ശില്‍പികള്‍

ആദ്യ മത്സരത്തില്‍ കോഹ്‍ലി പടയെ മുട്ടുകുത്തിച്ച് ധോണിയും കൂട്ടരും

ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ഏഴ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ വിജയലക്ഷ്യം 17.4 ഓവറില്‍ ചെന്നൈ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 70 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ ഹര്‍ഭജനും ഇമ്രാന്‍ താഹിറുമാണ് ചെന്നൈയുടെ വിജയ ശില്‍പികള്‍. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലായിരുന്നു മത്സരം.

തുടക്കം ചൈന്നൈക്കും താളം തെറ്റിയായിരുന്നു. 10 പന്തില്‍ റണ്ണൊന്നുമെടുക്കാതെ ഷെയിന്‍ വാട്സണ്‍ ആദ്യം മടങ്ങി. ചഹലിനായിരുന്നു വാട്സന്‍റെ വിക്കറ്റ്. റെയ്ന 19 റണ്‍സെടുത്ത് മടങ്ങി. ഇതിനിടെ ഐപിഎല്‍ ചരിത്രത്തില്‍ 5000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടം സുരേഷ് റെയ്ന സ്വന്തമാക്കി. പിന്നീട് കേദാര്‍ ജാദവും ഓപ്പണിങ്ങിനിറങ്ങിയ റായിഡുവും ചെന്നൈയെ വിജയത്തിലേക്ക് വഴി തെളിച്ചു. 28 റണ്‍സെടുത്ത് റായിഡു പുറത്തായി. 13 റണ്‍സെടുത്ത് ജാദവും റണ്‍സെടുത്ത് ആറ് റണ്‍സെടുത്ത് ജഡേജയും പുറത്താകാതെ നിന്നു.

ബംഗളൂരുവിനായി യുസ് വേന്ദ്ര ചഹല്‍, മൂഈന്‍ അലി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ആദ്യം ബൗളിങ്ങ് തെരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്‍റെ പ്രകടനം. ചെന്നെെയുടെ സ്പിന്നർമാർ തകർത്താടിയപ്പോൾ വിരാട് കോഹ്‍ലി, ഡി വില്ലേഴ്സ് തുടങ്ങിയ വെടിക്കെട്ട് താരങ്ങൾക്കും ഒന്നും ചെയ്യാനായില്ല. 29 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേല്‍ മാത്രമാണ് ബംഗളൂരു നിരയില്‍ രണ്ടക്കം കടന്നത്.

നാല് ഓവറിൽ കേവലം 20 റൺസ് മാത്രം വഴങ്ങി ‌ഹർബജൻ സിങ്ങ് വിലപ്പെട്ട മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കേവലം ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്ത് ഇമ്രാൻ താഹിർ മൂന്ന് വിക്കറ്റുകൾ പിഴുതെടുത്തു. കൂടാതെ ജഡേജ രണ്ട് വിക്കറ്റും വിഴ്ത്തിയതോടെ ബെംഗളൂരു നാമാവശേഷമായി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു സീസണിന് തുടക്കം.