LiveTV

Live

Cricket

ന്യൂസിലാന്‍ഡ് ഭീകരാക്രമണം; വിറങ്ങലിച്ച് കായികലോകവും

ആക്രമണ സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് സംഘം സമീപത്തുണ്ടായിരുന്നെങ്കിലും, തലനാരിഴക്ക് രക്ഷപ്പെടുകയാണുണ്ടായത്

ന്യൂസിലാന്‍ഡ് ഭീകരാക്രമണം; വിറങ്ങലിച്ച് കായികലോകവും

ന്യൂസിലാൻഡിലെ ക്രെെസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ ദുഖം രേഖപ്പെടുത്തി കായിക ലോകം. 49 പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിൽ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പര ഇരു ടീമുകളും ഉപേക്ഷിച്ചു.

ആക്രമണ സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് സംഘം സമീപത്തുണ്ടായിരുന്നെങ്കിലും, തലനാരിഴക്ക് രക്ഷപ്പെടുകയാണുണ്ടായത്. തുടർന്ന് ന്യൂസിലൻഡ് പര്യടനം അവസാനിപ്പിച്ച് സംഘം മടങ്ങി. സംഭവം ദാരുണവും, ഞെട്ടിക്കുന്നതുമാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി പറഞ്ഞു.

ആക്രമണത്തിന്റെ പശ്ചാതലത്തിൽ, ന്യൂസിലാൻഡുമായി ശനിയാഴ്ച്ച നടക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റ് മത്സരം ഉപേക്ഷിച്ച കാര്യം ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ സ്ഥിരീകരിച്ചു. ഇരു ക്രിക്കറ്റ് ബോർഡുകളും യോജിച്ചെടുത്ത തീരുമാനമാണിതെന്ന് പറഞ്ഞ ന്യൂസിലാൻഡ്, കളിക്കാരും സ്റ്റാഫുകളും സുരക്ഷിതരാണെന്നും അറിയിച്ചു. പരമ്പരയിൽ ന്യൂസിലൻഡ് 2-0ന് മുന്നിലായിരുന്നു.

മുൻ ആസ്ത്രേലിയൻ നായകൻ മെെക്കൽ ക്ലാർക്ക്, മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്, ബംഗ്ലാദേശ് നായകൻ ശാകിബ് അൽ ഹസൻ എന്നിവർ ഭീകരാക്രമണത്തിൽ ദുഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. പേടിപ്പെടുത്തുന്ന വാർത്തയാണ് ക്രെെസ്റ്റ് ചർച്ചിൽ നിന്ന് വന്നതെന്ന് പറഞ്ഞ ക്ലാർക്ക്, ദുഖിതരോടൊപ്പം ചേരുന്നതായും പ്രാർഥിക്കുന്നതായും അറിയിച്ചു. സഹ കളിക്കാർ സുരക്ഷിതരാണെന്നറിഞ്ഞതിൽ ദെെവത്തെ സ്തുതിക്കുന്നതായി ശാകിബ് ട്വിറ്ററിൽ കുറിച്ചു.