LiveTV

Live

Cricket

മധുര പ്രതികാരം തീര്‍ത്ത് പരമ്പര നേടി ഓസീസ്

എന്നാല്‍ വാലറ്റത്തില്‍ പാറ്റ് കുമ്മിന്‍സും റിച്ചാര്‍ഡ്സണും നടത്തിയ ചെറുത്തുനില്‍പ് ആസ്ട്രേലിയയെ ഭേദപ്പെട്ട നിലയിലെത്തിച്ചു

മധുര പ്രതികാരം തീര്‍ത്ത് പരമ്പര നേടി ഓസീസ്

ഇന്ത്യക്കെതിരയുള്ള പരമ്പര 3-2ന് സ്വന്തമാക്കി ആസ്ട്രേലിയ ഇന്ത്യന്‍ മണ്ണില്‍ ചരിത്രം കുറിച്ചു. 35 റണ്‍സിനാണ് നിര്‍ണ്ണായകമായ അവസാന മത്സരത്തില്‍ ഓസീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നിശ്ചിത 50 ഓവറില്‍ 237 റണ്‍സിന് പുറത്തായി. മികച്ച തിരിച്ചുവരവാണ് ആസ്ട്രേലിയ പരമ്പരയില്‍ നടത്തിയത്. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടതിന് ശേഷമാണ് പരമ്പര നേട്ടം ഓസീസ് സ്വന്തമാക്കിയത്. സ്വന്തം മണ്ണില്‍ ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞെങ്കിലും ഇന്ത്യയില്‍ വന്ന് നേടിയ ഈ വിജയം ഓസീസിന്‍റെ മധുര പ്രതികാരം തന്നെയായിരുന്നു.

273 റണ്‍സ് പിന്‍തുടന്ന ഇന്ത്യയുടെ തുടക്കം തന്നെ താളം തെറ്റിയതായിരുന്നു. തുടക്കത്തില്‍ തന്നെ 12 റണ്‍സെടുത്ത ധവാന്‍ ക്രീസ് വിട്ടെങ്കിലും രോഹിതും കോഹ്‍ലിയും ചേര്‍ന്ന് മികച്ച ചെറുത്തുനില്‍പ്പാണ് ടീമിനായി നടത്തിയത്. 20 റണ്‍സെടുത്ത വിരാടിനെ സ്റ്റോയിനിസും ധവാനെ കുമ്മിന്‍സും പുറത്താക്കി. റിഷബ് പന്തിനെ നാഥന്‍ ലിയോണ്‍ പുറത്താക്കിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. പിന്നീട് വന്ന വിജയ് ശങ്കറും അര്‍ദ്ദ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും (56) മടങ്ങിയതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും മങ്ങി. എന്നാല്‍ 44 റണ്‍സെടുത്ത കേദാര്‍ ജാദവും 46 റണ്‍സെടുത്ത ബുവനേശ്വര്‍ കുമാറും മികച്ച രീതിയില്‍ പൊരുതി. പക്ഷെ, നാല്‍പ്പത്തിയഞ്ചാം ഓവറില്‍ ബുവനേശ്വറും നാല്‍പ്പത്തിയാറാം ഓവറില്‍ ജാദവും പവലിയണിലേക്ക് മടങ്ങി. ശേഷം വന്ന ഷമിയും കുല്‍ദീപും ആവോളം ശ്രമിച്ചെങ്കിലും അപ്പോഴേക്കും വിജയം തീണ്ടാപ്പാടകലെയായിരുന്നു. പിന്നീട് ഫിറോസ് ഷാ കോട്ല സാക്ഷ്യം വഹിച്ചത് ഓസീസിന്‍റെ ചരിത്ര പരമ്പര വിജയം. ഫിഞ്ചും കൂട്ടരും മധുര പ്രതികാര നിറവില്‍ കിരീടമണിഞ്ഞു.

നേരത്തെ ഉസ്മാന്‍ ഖ്വാജയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഓസീസ് 272 റണ്‍സെടുത്തിരുന്നു. ആരോണ്‍ വിഞ്ചും ഉസ്മാന്‍ ഖ്വാജയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് വന്ന പീറ്റര്‍ ഹാന്‍റ്സ്കോമ്പും ഉസ്മാന്‍ ഖ്വാജയും ചേര്‍ന്ന് ടീമിന് മികച്ച നിലയിലെത്തിച്ചു. ഖ്വാജ 100 റണ്‍സും ഹാന്‍സ്കോമ്പ് 52 റണ്‍സും എടുത്തു. മാക്സ്‍വെല്ലിനെ തുടക്കത്തില്‍ തന്നെ പറഞ്ഞയക്കാന്‍ സാധിച്ചത് ഇന്ത്യക്ക് മുതല്‍ക്കൂട്ടായി.

മാര്‍ക്കസ് സ്റ്റോയിണിസ്, ആഷ്ടണ്‍ ടര്‍ണര്‍, അലക്സ് ക്യാരി എന്നിവരെ വേഗത്തില്‍ പവലിയണിലേക്ക് മടക്കി ഇന്ത്യന്‍ ബൌളര്‍മാര്‍ ഓസീസിനെ കുറഞ്ഞ സ്കോറില്‍ ഒതുക്കുമെന്ന സൂചനകള്‍ നല്‍കി. എന്നാല്‍ വാലറ്റത്തില്‍ പാറ്റ് കുമ്മിന്‍സും റിച്ചാര്‍ഡ്സണും നടത്തിയ ചെറുത്തുനില്‍പ് ആസ്ട്രേലിയയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. അവസാന പന്തില്‍ റിച്ചാര്‍ഡ്സണ്‍ റണ്ണൌട്ടായതോടെ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ ഓസീസ് കളി അവസാനിപ്പിച്ചു. ഇന്ത്യക്കായി ബുവനേശ്വര്‍ കുമാര്‍ മൂന്നും ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.