LiveTV

Live

Cricket

‘വിരാട് ഭയ്യാ, ധോണിയേ വിളിക്കൂ...’: ഗാലറിയില്‍ നിന്നും ആരാധകര്‍ പറഞ്ഞത്

ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് കോഹ്‍ലിക്ക് ആരാധകർ ‘തന്ത്ര’ങ്ങൾ കെെമാറിയത്

‘വിരാട് ഭയ്യാ, ധോണിയേ വിളിക്കൂ...’: ഗാലറിയില്‍ നിന്നും ആരാധകര്‍ പറഞ്ഞത്

മൊഹാലിയിൽ കൂറ്റൻ സ്കോർ നേടിയിട്ടും ഓസീസിനെതിരെ വിജയം നേടാനാവാതെ പോയതിൽ കനത്ത നിരാശയിലാണ് ഇന്ത്യൻ ക്യാമ്പ്. മത്സരത്തിൽ റിഷഭ് പന്തിന്റെ പ്രകടനം പ്രത്യകം ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. റിഷഭ് പന്തിന്റെ പിഴവ് മൂലമാണ് ഇന്ത്യക്ക് വിജയം നഷ്ടമായതെന്നാണ് മത്സര ശേഷം ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്.

അതിനിടെ, നാലാം മത്സരത്തിൽ ഓസീസിനെതിരെ ഫീൽഡ് ചെയ്യുന്ന വിരാട് കോഹ്‍ലിയോട് ധോണിയെ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള വീഡിയോ ട്വിറ്ററിൽ വെറ്റലായിരിക്കുകയാണ്. മൊഹാലിയിലെ പരാജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിലാണ്.

ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് കോഹ്‍ലിക്ക് ആരാധകർ ‘തന്ത്ര’ങ്ങൾ കെെമാറിയത്. ‘വിരാട് ഭായി ധോണിയെ തിരികെ വിളിക്കൂ’ എന്നും ‘മാഹി...മാഹി’ എന്നും ചിലർ ഗാലറിയിൽ നിന്നും വിളിച്ച് പറയുകയായിരുന്നു.

മത്സരത്തിന്റെ 44ാം ഓവറിൽ ഓസീസ് താരം ആസ്റ്റൺ ടാർണറിനെ പുറത്താക്കാനുള്ള സുവർണ്ണാവസരം വിക്കറ്റിന് പിന്നിൽ പന്ത് കെെവിടുകയായിരുന്നു.

നിരവധി സ്റ്റംപിംഗ് അവസരങ്ങൾ പാഴാക്കിയ പന്ത്, ഒരു ഘട്ടത്തില്‍ ധോണി സ്റ്റെെലിൽ മിന്നൽ സ്റ്റംപിങ്ങിന് വേണ്ടി ശ്രമിച്ചെങ്കിലും, മൂന്നാം അംപയർ അത് ഔട്ടല്ലെന്ന് വിധിക്കുകയായിരുന്നു. ഇതേ തുടർന്ന്
ഗാലറിയിൽ നിന്നും ധോണി വിളികൾ ഉയരുകയുണ്ടായി.

എന്നാൽ പന്തിന് പിന്തുണയുമായി ശിഖർ ധവാൻ രംഗത്തെത്തി. റിഷഭ് ഒരു യുവ താരമാണെന്ന് പറഞ്ഞ ധവാൻ, ഏതൊരു യുവതാരത്തിനും നൽകുന്നത് പോലെ സമയം പന്തിനും നൽകണമെന്ന് പറഞ്ഞു. ധോണിയെ പോലൊരു താരവുമായി പന്തിനെ താരതമ്യം ചെയ്യരുതെന്നും ധവാൻ മത്സര ശേഷം പറഞ്ഞു.

പരമ്പര സമനിലയിലായതോടെ ഡൽഹി ഫിറോസ് ഷാ കോട്ലയിൽ നടക്കുന്ന അവസാന മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ബുധനാഴ്ച്ചയാണ് അവസാന മത്സരം.