LiveTV

Live

Cricket

അവസാന പന്തില്‍ ഏകദിനത്തിലെ ബുംറയുടെ ആദ്യ സിക്‌സര്‍, അമ്പരന്ന് കോഹ്‌ലി

ഏകദിനത്തിലെ ആദ്യ സിക്‌സറടിക്കാന്‍ ഇതിലും മികച്ച വേദി ബുംറക്ക് വേറെ കിട്ടുകയുമില്ല...

അവസാന പന്തില്‍ ഏകദിനത്തിലെ ബുംറയുടെ ആദ്യ സിക്‌സര്‍, അമ്പരന്ന് കോഹ്‌ലി

ബൗളിംങ് മികവുകൊണ്ട് ക്രിക്കറ്റില്‍ ഉയരങ്ങളിലെത്തിയിട്ടും ബാറ്റിംങില്‍ ആര്‍ക്കുമൊരു പ്രതീക്ഷയും നല്‍കാത്ത താരമാണ് ജസ്പ്രീത് ബുംറ. എന്നാല്‍ ആസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ബാറ്റുകൊണ്ടും ബുംറ സ്വന്തം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പോലും ഞെട്ടിച്ചു കളഞ്ഞു. അവസാന പന്ത് നേരിടാനായി ടീമിലെ അവസാനക്കാരനായിറങ്ങിയപ്പോള്‍ ബുംറ കൂറ്റന്‍ സിക്‌സറടിക്കുമെന്ന് ആരും കരുതിയിരുന്നുമില്ല.

ഏകദിനത്തിലെ ആദ്യ സിക്‌സറടിക്കാന്‍ ഇതിലും മികച്ച വേദി ബുംറക്ക് വേറെ കിട്ടില്ല. ആസ്‌ട്രേലിയക്കെതിരെ അവസാന പന്ത് നേരിടാന്‍ മാത്രമായി പതിനൊന്നാമനായി ഇറങ്ങിയപ്പോള്‍ തന്നെ ബുംറ അത് നേടുകയും ചെയ്തു. ബുംറയുടെ സിക്‌സറോടെ 50 ഓവറില്‍ 358 റണ്‍സിലേക്ക് ഇന്ത്യന്‍ സ്‌കോര്‍ എത്തുകയും ചെയ്തു. ബുംറയുടെ സിക്‌സറിന്റെ അവിശ്വസനീയത കോഹ്‌ലി അടക്കം ഇന്ത്യന്‍ പവലിയനിലുണ്ടായിരുന്ന താരങ്ങളുടെ മുഖത്തും പ്രതിഫലിച്ചിരുന്നു.

ബുംറയുടെ സിക്‌സറിന് പിന്നാലെയുള്ള കോഹ്‌ലിയുടെ മുഖഭാവം ബി.സി.സി.ഐ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.