LiveTV

Live

Cricket

ഇന്ത്യയുടെ റണ്‍ മലയും മറികടന്ന് ആസ്‌ട്രേലിയ

3.3 ഓവറില്‍ 12ന് 2 എന്ന നിലയിലായ ആസ്‌ട്രേലിയയെ ഉസ്മാന്‍ ഖവാജയും ഹാന്‍ഡ്‌സ്‌കോംപും ചേര്‍ന്നാണ് കൈപിടിച്ചുയര്‍ത്തിയത്. പിന്നീട് ടര്‍ണറിന്റെ(43 പന്തില്‍ 84*) ബാറ്റിംങ് ഓസീസിനെ ജയിപ്പിക്കുകയും ചെയ്തു...

ഇന്ത്യയുടെ റണ്‍ മലയും മറികടന്ന് ആസ്‌ട്രേലിയ

വന്‍ സ്‌കോറുകളുടെ പോരാട്ടത്തില്‍ ആസ്‌ട്രേലിയക്ക് നാല് വിക്കറ്റ് ജയം. മൊഹാലി ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്തുകള്‍ ശേഷിക്കെയായിരുന്നു ആസ്‌ട്രേലിയ മറികടന്നത്. ഹാന്‍ഡ്‌സ്‌കോംപ്(117), കവാജ(91)യുടേയുമൊപ്പം രണ്ടാം ഏകദിനം മാത്രം കളിക്കുന്ന ആഷ്ടണ്‍ ടര്‍ണര്‍(43 പന്തില്‍ 84*) എന്നിവരുടെ ബാറ്റിംങാണ് ഓസീസിന് ജയമൊരുക്കി കൊടുത്തത്.

ഇതോടെ ഏകദിന പരമ്പരയില്‍ ഓസീസ് 2-2ന് ഇന്ത്യക്കൊപ്പമെത്തി. നേരത്തെ ഇന്ത്യക്കുവേണ്ടി ശിഖര്‍ ധവാനും(143) രോഹിത്ത് ശര്‍മ്മയു(95)മാണ് ബാറ്റിംങില്‍ തിളങ്ങിയത്.

സ്‌കോര്‍ - ഇന്ത്യ 358/9(50 ഓവര്‍) ആസ്‌ട്രേലിയ 359/6 (47.5 ഓവര്‍)

ടര്‍ണറെന്ന ടേണിംങ് പോയിന്റ്

കൂറ്റന്‍ വിജയലക്ഷ്യവും തേടിയിറങ്ങിയ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 3.3 ഓവറില്‍ 12ന്2 എന്ന നിലയിലായ ആസ്‌ട്രേലിയയെ ഉസ്മാന്‍ ഖവാജയും ഹാന്‍ഡ്‌സ്‌കോംപും ചേര്‍ന്നാണ് കൈപിടിച്ചുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 192 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 33.1 ഓവറില്‍ 204 റണ്‍സിലെത്തിച്ച ശേഷമാണ് ഖവാജ പുറത്താകുന്നത്. പിന്നീട് ടര്‍ണറിന്റെ(43 പന്തില്‍ 84*) വെടിക്കെട്ട് ബാറ്റിംങ് ആസ്‌ട്രേലിയയെ ജയിപ്പിക്കുകയും ചെയ്തു.

നിര്‍ണ്ണായകഘട്ടത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വരുത്തിയ പിഴവുകളും ആസ്‌ട്രേലിയന്‍ ജയം എളുപ്പമാക്കി. അവസാന അഞ്ച് ഓവറില്‍ 73 റണ്‍സാണ് ആസ്ട്രേലിയ അടിച്ചെടുത്തത്. ഇന്ത്യക്കെതിരായ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ആസ്‌ട്രേലിയ മൊഹാലിയില്‍ മറികടന്നത്. ഏകദിന ക്രിക്കറ്റിലെ തന്നെ അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്നുള്ള ജയവുമാണ് ആസ്‌ട്രേലിയ സ്വന്തമാക്കിയത്.

ടര്‍ണര്‍
ടര്‍ണര്‍

ഇന്ത്യയുടെ തുടക്കം കരുതലോടെ

മൊഹാലിയിലെ ബാറ്റിംങ് പിച്ചില്‍ വിക്കറ്റ് കാത്തുകൊണ്ടുള്ള ബാറ്റിംങാണ് തുടക്കം മുതല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നടത്തിയത്. ശിഖര്‍ ധവാനായിരുന്നു തുടക്കത്തില്‍ ആക്രമിച്ചു കളിച്ചത്. 44 പന്തുകളില്‍ നിന്നാണ് ധവാന്‍ അര്‍ധ സെഞ്ചുറി(9*4) പൂര്‍ത്തിയാക്കിയത്. 2019ല്‍ 12 ഏകദിനങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ചുറി മാത്രം നേടാനായിരുന്ന ധവാന്റെ തിരിച്ചുവരവാണ് മൊഹാലിയില്‍ കണ്ടത്.

രോഹിത് ശര്‍മ്മക്ക് ഏകദിനത്തിലെ നാല്‍പ്പതാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ 61 പന്തുകള്‍ വേണ്ടി വന്നു. എന്നാല്‍ പിന്നീട് രോഹിത് ശര്‍മ്മ ഗിയര്‍ മാറ്റി. പിന്നീടുള്ള 31 പന്തില്‍ 45 റണ്‍ അടിച്ച ശേഷമായിരുന്നു രോഹിത് ശര്‍മ്മ സെഞ്ചുറിക്ക് അഞ്ച് റണ്‍ അകലെ പുറത്തായത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തിയ രോഹിത് ശര്‍മ്മയെ റിച്ചാഡ്‌സണ്‍ ഹാന്‍ഡ്‌സ്‌കോംപിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

പത്ത് ഓവറില്‍ 5.80, 20 ഓവറില്‍ 5.70 എന്നിങ്ങനെയായിരുന്ന ഇന്ത്യയുടെ റണ്‍റേറ്റ് രോഹിത്ത് ശര്‍മ്മ അടി തുടങ്ങിയതോടെയാണ് ഓവറില്‍ ആറ് റണ്‍സ് കടന്നത്. മുപ്പത്തിയൊന്നാം ഓവറില്‍ രോഹിത് ശര്‍മ്മ പുറത്താകുമ്പോള്‍ 6.28 റണ്‍സായിരുന്നു റണ്‍റേറ്റ്. രോഹിത് ശര്‍മ്മ ഏകദിന ഡബിള്‍ സെഞ്ചുറി(208*) നേടിയിട്ടുള്ള മൊഹാലിയില്‍ ഇക്കുറി സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ വെച്ച് അദ്ദേഹം പുറത്തായി.

ധവാന്റെ തിരിച്ചുവരവ്

രോഹിത് ശര്‍മ്മ പുറത്തായെങ്കിലും 97 പന്തില്‍ ശിഖര്‍ ധവാന്‍ കരിയറിലെ 16ആം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. 12 ബൗണ്ടറിയും ഒരു സിക്‌സും ഇതിനിടെ ധവാന്‍ നേടിയിരുന്നു. 17 ഏകദിനങ്ങള്‍ക്കു ശേഷമാണ് ധവാന്‍ സെഞ്ചുറി നേടുന്നത്. സെഞ്ചുറി പൂര്‍ത്തിയായതോടെ ആത്മവിശ്വാസം ഇരട്ടിച്ച ധവാന്‍ മാക്‌സ്‌വെല്ലിനെ സിക്‌സറിന് പറത്തിയതിന് പിന്നാലെ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറിയും നേടി. പിന്നെയും ആസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ധവാന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

ഒടുവില്‍ കുമ്മിന്‍സിന്റെ പന്തില്‍ ധവാന്റെ വിക്കറ്റ് തെറിച്ചതോടെയാണ് ഓസീസിന് ആശ്വാസമായത്. അപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 256ലെത്തിയിരുന്നു. 115 പന്തുകളില്‍ നിന്നും 143 റണ്‍സ് നേടിയ ശേഷമാണ് ധവാന്‍ പുറത്തായത്. സെഞ്ചുറി നേടിയ ശേഷമുള്ള 18 പന്തില്‍ 41 റണ്‍സാണ് ധവാന്‍ അടിച്ചുകൂട്ടിയത്.

ധവാന് പിന്നാലെ വിരാട് കോഹ്‌ലിയും(7) കെ.എല്‍ രാഹുലും(26) മടങ്ങിയെങ്കിലും വാലറ്റത്ത് റിഷഭ് പന്തിന്റെ(24 പന്തില്‍ 36) ബാറ്റിംങ് ഇന്ത്യക്ക് തുണയായി. വിജയ് ശങ്കറും(15 പന്തില്‍26) അവസരത്തിനൊത്ത് ബാറ്റ് വീശിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 350 കടക്കുകയായിരുന്നു. ആസ്‌ട്രേലിയക്കുവേണ്ടി കമ്മിന്‍സ് നാല് വിക്കറ്റും റിച്ചാഡ്‌സണ്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.