LiveTV

Live

Cricket

ലേറ്റായാലും ലേറ്റസ്റ്റ് സെഞ്ചുറിയോടെ ധവാന്‍

മൊഹാലിയിലെ മോഹിപ്പിക്കുന്ന സെഞ്ചുറിയിലൂടെ ധവാന്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുക കൂടി ചെയ്തു...

ലേറ്റായാലും ലേറ്റസ്റ്റ് സെഞ്ചുറിയോടെ ധവാന്‍

മൊഹാലി ഏകദിനത്തില്‍ ഇന്ത്യക്ക് ലഭിച്ച പ്രധാന നേട്ടം ശിഖര്‍ധവാന്റെ സെഞ്ചുറിയാണ്. ലോകകപ്പിനിറങ്ങുന്ന കോഹ്‌ലിക്കും സംഘത്തിനും വലിയ ആശ്വാസമാണ് ധവാന്റെ സെഞ്ചുറിയും രോഹിത് ശര്‍മ്മയുടെ ഫോമിലേക്കുള്ള മടങ്ങി വരവും. ഏകദിനത്തില്‍ 17 മത്സരങ്ങള്‍ക്കു ശേഷം ആറ് മാസത്തെ ഇടവേളയിലാണ് ശിഖര്‍ധവാന്‍ സെഞ്ചുറി നേടിയിരിക്കുന്നത്.

തന്റെ പതിനാറാം ഏകദിന സെഞ്ചുറി ശിഖര്‍ ധവാന്‍ 97 പന്തുകളില്‍ നിന്നായിരുന്നു പൂര്‍ത്തിയാക്കിയത്. ഒടുവില്‍ 115 പന്തില്‍ 143 റണ്‍സ് അടിച്ചാണ് ധവാന്‍ മടങ്ങിയത്. 2018 സെപ്തംബര്‍ 23നാണ് അവസാനമായി ധവാന്‍ ഏകദിനത്തില്‍ സെഞ്ചുറി നേടിയത്. ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനെതിരെയായിരുന്നു ധവാന്റെ സെഞ്ചുറി. മെയ് 30ന് ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് വിമാനം കയറാനിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ധവാന്റ സെഞ്ചുറി.

ഈ വര്‍ഷം 12 ഏകദിനങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ചുറി(75*, 66) മാത്രമാണ് ധവാന് നേടാന്‍ കഴിഞ്ഞിരുന്നത്. ഏകദിനത്തില്‍ ഇന്ത്യയുടെ ഓപണിംങ് സഖ്യത്തിന് സ്ഥിരതയുള്ള പ്രകടനം നടത്താനാകുന്നില്ലെന്നതും ഏറെക്കാലമായി കേള്‍ക്കുന്ന പഴിയാണ്. മൊഹാലി ഏകദിനത്തില്‍ 193 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി ആ വിമര്‍ശനത്തിനും താത്ക്കാലിക അറുതി വരുത്താന്‍ ധവാനും രോഹിത് ശര്‍മ്മക്കുമായി.

മികച്ച പ്രകടനങ്ങളുടെ അഭാവത്തെ തുടര്‍ന്ന് എ പ്ലസ് കാറ്റഗറിയില്‍ നിന്നും എയിലേക്കാണ് ധവാന്റെ കരാര്‍ ബി.സി.സി.ഐ പുതുക്കിയത്. വാര്‍ഷികകരാറില്‍ തിരിച്ചടി നേരിട്ടെങ്കിലും മൊഹാലിയിലെ മോഹിപ്പിക്കുന്ന സെഞ്ചുറിയിലൂടെ ധവാന്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുക കൂടിയാണ് ചെയ്തത്. ധവാന്റെ സെഞ്ചുറിയുടേയും രോഹിത്ത് ശര്‍മ്മയുടെ(95) അര്‍ധ സെഞ്ചുറിയുടേയും ബലത്തില്‍ ഇന്ത്യ 9ന് 358 റണ്‍ നേടിയിരുന്നു.