LiveTV

Live

Cricket

റാഞ്ചിയില്‍ ധോണി പറത്തിയ റെക്കോര്‍ഡ്

ഓസീസ് താരം ഉസ്മാന്‍ ഖവാജയുടെ കന്നി സെഞ്ച്വറിയുടെ മികവിലാണ് കംഗാരുപ്പട 313 എന്ന മികച്ച സ്കോര്‍ ഉയര്‍ത്തിയത്.

റാഞ്ചിയില്‍ ധോണി പറത്തിയ റെക്കോര്‍ഡ്

റാഞ്ചി ഏകദിനത്തിന് റെക്കോര്‍ഡുകളുടെ മുഖമുണ്ടായിരുന്നു, ഇന്ത്യയ്ക്കും ആസ്ട്രേലിയയ്ക്കും. ഓസീസ് താരം ഉസ്മാന്‍ ഖവാജയുടെ കന്നി സെഞ്ച്വറിയുടെ മികവിലാണ് കംഗാരുപ്പട 313 എന്ന മികച്ച സ്കോര്‍ ഉയര്‍ത്തിയത്. ഇതിന് മറുപടിയായി റണ്‍ മിഷീന്‍ വിരാട് കൊഹ്‍ലിയുടെ 41 ാം സെഞ്ച്വറിക്കും റാഞ്ചി സാക്ഷിയായി.

റാഞ്ചിയുടെ പ്രിയ പുത്രന്‍ എം.എസ് ധോണിയും സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഒരു റെക്കോര്‍ഡ് ഊട്ടിയുറപ്പിച്ചു. 19 ാമത്തെ ഓവറില്‍ ലിയോണിനെ മിഡ്‍വിക്കറ്റിന് മുകളിലൂടെ പറത്തിയാണ് പുതു റെക്കോര്‍ഡ് സൃഷ്ടിച്ചത്. ടീം ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്. ഏകദിനത്തിലെ 217 ാമത്തെ സിക്സറാണ് ധോണി ലിയോണിന്റെ പന്തില്‍ പറത്തിയത്. 216 സിക്സറുകളുമായി രോഹിത് ശര്‍മ്മയാണ് തൊട്ടുപിന്നില്‍. ഏകദിനത്തില്‍ 200 സിക്സറുകള്‍ നേടിയിട്ടുള്ള രണ്ടു താരങ്ങള്‍ ധോണിയും രോഹിത് ശര്‍മ്മയുമാണ്.

351 സിക്സറുകള്‍ നേടിയ പാക് താരം ശാഹിദ് അഫ്രീദിയാണ് ഇക്കാര്യത്തില്‍ ലോക റെക്കോര്‍ഡിന് ഉടമ. കരീബിയന്‍ താരം ക്രിസ് ഗെയ്‍ല്‍ 314 സിക്സറുമായി രണ്ടാം സ്ഥാനത്തുണ്ട്. ഏകദിനത്തില്‍ 200 സിക്സര്‍ നേടുന്ന ചരിത്രത്തിലെ ഏക വിക്കറ്റ് കീപ്പറും ധോണിയാണ്.