LiveTV

Live

Cricket

സെഞ്ച്വറി കാര്യത്തില്‍ ഈ നാലു രാജ്യങ്ങളെക്കാള്‍ കേമനാണ് കൊഹ്‍ലി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ അനുസ്‍മരിപ്പിക്കും വിധമായിരുന്നു കൊഹ്‍ലിയുടെ റണ്‍വേട്ട. 

സെഞ്ച്വറി കാര്യത്തില്‍ ഈ നാലു രാജ്യങ്ങളെക്കാള്‍ കേമനാണ് കൊഹ്‍ലി

ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിന് ടീം ഇന്ത്യ റാഞ്ചിയില്‍ ഇറങ്ങിയപ്പോള്‍ ഏവരുടെയും ശ്രദ്ധകേന്ദ്രമായിരുന്നു എം.എസ് ധോണി. നാട്ടുകാരന്റെ കളി കാണാന്‍ ആയിരങ്ങള്‍ ആര്‍പ്പുവിളിയോടെ ഗാലറിയില്‍ അണിനിരന്നു. പക്ഷേ, ഇന്ത്യയുടെ ബാറ്റിങ് തുടങ്ങിയ ശേഷം നായകന്‍ വിരാട് കൊഹ്‍ലിയായി നഗരത്തിലെ സംസാരവിഷയം. കാരണം വേറൊന്നുമല്ല, റാഞ്ചിയിലും കൊഹ്‍ലിയുടെ ബാറ്റ് സമ്പന്നമായിരുന്നു. ധോണിയുടെ നാട്ടില്‍ മിന്നും സെഞ്ച്വറി കുറിച്ച് കൊഹ്‍ലി ഒറ്റയാള്‍ പോരാട്ടം നടത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ അനുസ്‍മരിപ്പിക്കും വിധമായിരുന്നു കൊഹ്‍ലിയുടെ റണ്‍വേട്ട. ഏകദിനത്തിലെ 41 ാം സെഞ്ച്വറിയാണ് കൊഹ്‍ലി റാഞ്ചിയില്‍ റാഞ്ചി പറന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 66 ാമത് സെഞ്ച്വറിയും. 95 പന്തില്‍ നിന്ന് 123 റണ്‍സാണ് കൊഹ്‍ലി അടിച്ചുകൂട്ടിയത്.

സെഞ്ച്വറി കാര്യത്തില്‍ ഈ നാലു രാജ്യങ്ങളെക്കാള്‍ കേമനാണ് കൊഹ്‍ലി

ടീമിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ചുമലിലേറ്റിയ നായകന്‍, ആവേശത്തിന് മുതിരാതെ നിലത്തുനിന്ന് മനോഹരമായി കളിച്ചു. കൊഹ്‍ലിയുടെ ബാറ്റില്‍ നിന്ന് ഒരേയൊരു സിക്സര്‍ മാത്രമാണ് പിറന്നത്. കൊഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ലെങ്കിലും നായകന്റെ റണ്‍വേട്ടയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. 2017 മുതലുള്ള ക്രിക്കറ്റ് കണക്കുകള്‍ പരിശോധിച്ചാല്‍, സെഞ്ച്വറി നേടുന്ന കാര്യത്തില്‍ നാലു രാജ്യങ്ങളിലെ മുഴുവന്‍ താരങ്ങള്‍ക്കും സാധിക്കാത്തതാണ് കൊഹ്‍ലി ഒറ്റക്ക് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 2017 ന് ശേഷം കൊഹ്‍ലി നേടുന്ന 15 ാമത്തെ സെഞ്ച്വറിയാണ് റാഞ്ചിയില്‍ പിറന്നത്. അതായത് പാകിസ്താന്‍, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ നേടിയ മൊത്തം സെഞ്ച്വറിയെക്കാള്‍ കൂടുതല്‍ അടിച്ചെടുത്തത് കൊഹ്‍ലി തന്നെ.

സെഞ്ച്വറി കാര്യത്തില്‍ ഈ നാലു രാജ്യങ്ങളെക്കാള്‍ കേമനാണ് കൊഹ്‍ലി

പാകിസ്താന്‍ ടീമിലെ മുഴുവന്‍ താരങ്ങളും ചേര്‍ന്ന് ഇക്കാലയളവില്‍ നേടിയത് മൊത്തം 14 സെഞ്ച്വറികള്‍ മാത്രം. ബംഗ്ലാദേശ് (13), വെസ്റ്റിന്‍ഡീസ് (12), ശ്രീലങ്ക (10) എന്നിങ്ങനെയാണ് സെഞ്ച്വറി കണക്ക്. 15 സെഞ്ച്വറികള്‍ നേടിയ ദക്ഷിണാഫ്രിക്ക കൊഹ്‍ലിക്ക് ഒപ്പം. 2017 ന് ശേഷം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും 25 സെഞ്ച്വറികള്‍ കൊഹ്‍ലിയുടെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്.