ജന്മനാട്ടില് വീണ്ടും ധോണി മാജിക്, കാഴ്ചക്കാരനായി മാക്സ്വെല്- വീഡിയോ കാണാം
മത്സരത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു മാക്സ്വെല്ലിന്റെ വിക്കറ്റ്

നാല്പത്തിരണ്ടാം ഓവര്‍. സ്ട്രൈക്കില്‍ ഷോണ്‍ മാര്‍ഷ്. കുല്‍ദീപ് യാദവാണ് പന്തെറിയാനെത്തിയത്. കുല്‍ദീപിന്റെ ടേണോട് കൂടിയ പന്ത് മാര്‍ഷ് കവറിലേക്ക് പറത്തുന്നു. പന്ത് നേരെ രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക്. മാര്‍ഷ് സിങ്കിളിന് ശ്രമിച്ചപ്പോള്‍ സ്ട്രൈക്കിങ് എന്റിലേക്ക് ജഡേജ ബുള്ളറ്റ് വേഗത്തില്‍ പന്ത് ധോണിയുടെ കൈകളിലേക്ക് ത്രോ ചെയ്യുന്നു. ധോണി സമയം പാഴാക്കാതെ ത്രോ കളക്റ്റ് ചെയ്ത് മിന്നല്‍ വേഗത്തില്‍ സ്റ്റംപ് നോക്കാതെ തന്നെ ഡ്രിഫ്റ്റ് ചെയ്യുന്നു. മാക്സ്വെല് ക്രീസില്‍ നിന്നും ഒരുപാടകലെയായിരുന്നു. റാഞ്ചിയിലെ കാണികളെ സാക്ഷിയാക്കി തേഡ് അംപയറുടെ വിധി വലിയ സ്ക്രീനില്‍ തെളിഞ്ഞു. 'ഔട്ട്'. സ്റ്റംപിന് പുറകില്‍ വീണ്ടും ധോണി മാജിക്ക്.
രവീന്ദ്ര ജഡേജയുടെ ത്രോ മികച്ച രീതിയില്‍ കൈപ്പിടിയിലൊതുക്കി ഒരു സെക്കന്റ് പോലും പാഴാക്കാതെ സ്റ്റംപിലേക്ക് ഡ്രിഫ്റ്റ് ചെയ്താണ് ധോണി മനോഹരമായ ആ നിമിഷം ആരാധകര്‍ക്ക് സമ്മാനിച്ചത്. 31 പന്തുകളില്‍ നിന്നും 47 റണ്‍സെടുത്ത് മാക്സ്വെല് ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തുന്ന സമയത്തായിരുന്നു ധോണിയുടെ മിന്നല്‍ റണ്ണൌട്ട്. മത്സരത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു മാക്സ്വെല്ലിന്റെ വിക്കറ്റ്. പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ വിജയിച്ചു നില്‍ത്തുന്ന ഇന്ത്യക്ക് ഈ മത്സരം കൂടി വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.