LiveTV

Live

Cricket

കോഹ്‍ലിയുടെ വണ്‍മാന്‍ ഷോയും ഫലം കണ്ടില്ല; മൂന്നാം ഏകദിനത്തില്‍ ആസ്ട്രേലിയക്ക് ജയം

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്

കോഹ്‍ലിയുടെ വണ്‍മാന്‍ ഷോയും ഫലം കണ്ടില്ല; മൂന്നാം ഏകദിനത്തില്‍ ആസ്ട്രേലിയക്ക് ജയം

റാഞ്ചി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ആസ്ട്രേലിയ ഉയര്‍ത്തിയ 314 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാവാതെ റാഞ്ചിയില്‍ ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നടിഞ്ഞു. 48.2 ഓവറില്‍ 281 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു. മത്സരത്തിന്‍റെ പല ഇടവേളകളിലും വിജയ പ്രതീക്ഷകള്‍ ഉണര്‍ന്നിരുന്നെങ്കിലും അതിനൊന്നും അധിക നേരം ആയുസ്സുണ്ടായിരുന്നില്ല. കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടവും വെറുതെയായി.

തുടക്കം മുതലേ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ എല്ലാം പിഴക്കുകയായിരുന്നു. ആദ്യം ഇന്ത്യക്ക് നഷ്ടമായത് ഒരു റണ്ണെടുത്ത ശിഖര്‍ ദവാനെയായിരുന്നു. പിന്നീട് 14 റണ്ണെടുത്ത് രോഹിത് ശര്‍മ്മയും പവലിയണിലേക്ക് മടങ്ങി. രണ്ട് റണ്ണെടുത്ത് റായിഡുവും മടങ്ങിയതോടെ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. പിന്നീട് വന്ന ധോണിയും കേദാര്‍ ജാദവും വിജയ് ശങ്കറുമെല്ലാം പ്രതീക്ഷകള്‍ നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ ഓസീസ് ഏവരെയും പിഴുതെറിഞ്ഞു.

എങ്കിലും മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ കപ്പിത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തന്‍റെ കരിയറിലെ നാല്‍പത്തിയൊന്നാം സെഞ്ച്വറി കുറിച്ച് വിരാട് കോഹ്‍ലി ടീം ഇന്ത്യയുടെ നെടും തൂണായി നിന്നു. 95 പന്തുകളില്‍ നിന്ന് 123 റണ്ണെടുത്ത് കോഹ്‍ലി മടങ്ങുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. അതിന് ശേഷവും ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നടിയുന്ന കാഴ്ചക്കാണ് റാഞ്ചി സാക്ഷ്യം വഹിച്ചത്. അവസാന ഓവറുകളില്‍ വാലറ്റത്തിന്‍റെ ശ്രമങ്ങളും ഫലം കാണാതെയായപ്പോള്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. ആസ്ട്രേലിയക്കായി ആദം സാംപ മൂന്നും പാറ്റ് കുമ്മിന്‍സ് രണ്ടും റിച്ചാര്‍ഡ്സണും നാഥന്‍ ലിയോണും ഓരോ വിക്കറ്റ് വീതവും നേടി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വലിയ രീതിയിലുള്ള പ്രഹരമാണ് ഓസീസ് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖ്വാജയും ആരോണ്‍ ഫിഞ്ചും നല്‍കിയത്. മികച്ച ബാറ്റിങ് സാഹചര്യങ്ങള്‍ പരമാവധി മുതലെടുത്ത് ബാറ്റ് വീശിയ ഇരുവരും ആദ്യ വിക്കറ്റില്‍ 193 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 99 പന്തില്‍ നിന്നും 93 റണ്‍സെടുത്ത ഫിഞ്ചിനെ മുപ്പത്തിരണ്ടാം ഓവറില്‍ കുല്‍ദീപ് യാദവ് എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. സെഞ്ച്വറി തികക്കാനാവാതെ ഫിഞ്ച് വിടവാങ്ങിയപ്പോള്‍ ഉസ്മാന്‍ ഖ്വാജ ആ കടമ്പ അനായാസം കടന്നു.

ഫിഞ്ചിന് പകരക്കാരനായി ക്രീസിലെത്തിയത് ഗ്ലെന്‍ മാക്സ്‍വെല്ലായിരുന്നു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് തുടക്കത്തില്‍ തന്നെ മാക്സ്‍വെല്‍ ഇന്ത്യയെ വിറപ്പിച്ചു. സ്കോര്‍ 239ല്‍ നില്‍ക്കുമ്പോള്‍ ഉസ്മാര്‍ ഖ്വാജ 104 റണ്‍സെടുത്ത് പുറത്തായി. അപ്പോഴും ആസ്ട്രേലിയന്‍ ക്യാമ്പിന് വിശ്വാസം നല്‍കി മാക്സ്‍വെല്‍ ക്രീസില്‍ തുടര്‍ന്നു. മൂന്ന് ഫോറുകളും മൂന്ന് സിക്സറുകളും പറത്തി ഇന്ത്യക്ക് ഭീഷണിയായി നിന്ന മാക്സ്‍വെല്ലിനെ രവീന്ദ്ര ജഡേജയുടെ ത്രോയില്‍ മഹേന്ദ്ര സിങ് ധോണി റണ്ണൌട്ടില്‍ കുടുക്കി.

അവിടന്നങ്ങോട്ട് ഓസീസിന്‍റെ റണ്‍മഴ തോരാന്‍ തുടങ്ങി. പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. ഷോണ്‍ മാര്‍ഷ് ഏഴും പീറ്റര്‍ ഹാന്‍സ്കോമ്പ് റണ്ണൊന്നുമെടുക്കാതെയും പുറത്തായി. മാര്‍ക്കസ് സ്റ്റോയിണിസും അലക്സ് ക്യാരിയും അവസാന നിമിഷം വരെ പൊരുതിയെങ്കിലും ആദ്യ പകുതിയിലെ പ്രഭാവം പാടെ നഷ്ടപ്പെട്ടിരുന്നു. സ്റ്റോയിണിസ് 31 റണ്ണും അലക്സ് ക്യാരി 21 റണ്ണെടുത്തും പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മൊഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.