LiveTV

Live

Cricket

വിജയ് ശങ്കറിനെ പന്തേല്‍പിക്കും മുമ്പുള്ള ചര്‍ച്ച വെളിപ്പെടുത്തി കോഹ്‌ലി

സമ്മര്‍ദമേറിയപ്പോള്‍ 46ആം ഓവര്‍ എറിയാന്‍ ആരെ വിളിക്കുമെന്നതായിരുന്നു ധോണി കോഹ്‌ലി രോഹിത് സഖ്യം ആദ്യം ചര്‍ച്ച ചെയ്തത്.

വിജയ് ശങ്കറിനെ പന്തേല്‍പിക്കും മുമ്പുള്ള ചര്‍ച്ച വെളിപ്പെടുത്തി കോഹ്‌ലി

അവസാന ഓവര്‍ വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരമായിരുന്നു ഇന്ത്യ ആസ്‌ത്രേലിയ രണ്ടാം ഏകദിനം. അധികമാരും പ്രതീക്ഷിക്കാത്ത ബൗളറെയാണ് നിര്‍ണ്ണായകമായ അവസാന ഓവര്‍ എറിയാന്‍ കോഹ്‌ലി ഏല്‍പ്പിച്ചത്. ലഭിച്ച നിര്‍ണ്ണായക അവസരം മുതലാക്കി രണ്ട് വിക്കറ്റും നേടി ഇന്ത്യക്ക് എട്ട് റണ്‍സ് ജയവും സമ്മാനിച്ചതോടെ വിജയ് ശങ്കര്‍ ഒറ്റരാത്രികൊണ്ട് ഹീറോയായി മാറി.

മത്സരം അവസാന ഓവറുകളിലേക്കെത്തിയപ്പോഴും മത്സരം ആസ്‌ട്രേലിയ കൈവിട്ടിരുന്നില്ല. സമ്മര്‍ദമേറിയപ്പോള്‍ 46ആം ഓവര്‍ എറിയാന്‍ ആരെ വിളിക്കുമെന്നതായിരുന്നു ധോണി കോഹ്‌ലി രോഹിത് സഖ്യം ആദ്യം ചര്‍ച്ച ചെയ്തത്. ഷമിക്കും ബുംറക്കും ഓരോ ഓവറുകളുണ്ട്. ജാദവ് എട്ട് ഓവറില്‍ 1ന്33 റണ്‍സ് വിട്ടുകൊടുത്ത നിലയിലും ഒരൊറ്റ ഓവര്‍ എറിഞ്ഞ വിജയ് ശങ്കര്‍ 13 റണ്‍ വിട്ടുകൊടുത്ത നിലയിലുമാണ് ഉണ്ടായിരുന്നത്. ഷമിയും ബുംറയും ആദ്യം എറിയട്ടെയെന്നും കൂടുതല്‍ വിക്കറ്റുകള്‍ വീണാല്‍ മത്സരം ഇന്ത്യക്കനുകൂലമാകുമെന്നുമായിരുന്നു ധോണിയും രോഹിത്തും അഭിപ്രായപ്പെട്ടത്.

ധോണിയുടേയും രോഹിത് ശര്‍മ്മയുടേയും വാക്കുകള്‍ മുഖവിലക്കെടുത്ത് കോഹ്‌ലി അതു തന്നെ ചെയ്യുകയും ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി ഓസീസിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. അപ്പോഴും അവസാന ഓവര്‍ ജാദവ് എറിയുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്പിന്നറെ ഒഴിവാക്കി മീഡിയം പേസര്‍ വിജയ് ശങ്കറെ വിളിക്കുകയായിരുന്നു. ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ദൗര്‍ഭാഗ്യം കൊണ്ട് പുറത്തായ വിജയ്ശങ്കര്‍ ബൗളിംങില്‍ സൗഭാഗ്യം കണ്ടെത്തുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.

അവസാന ഓവറില്‍ ആസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത് 11 റണ്‍സ് ബാക്കിയുള്ളത് രണ്ട് വിക്കറ്റും. ക്രീസില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി അടിച്ചു പരത്താന്‍ തയ്യാറായി മാര്‍ക്കസ് സ്റ്റോയിനിസ്. സമ്മര്‍ദത്തിനിടയിലും പന്ത് മികച്ച ലൈനിലും ലെങ്തിലും എറിഞ്ഞ വിജയ് ശങ്കര്‍ സ്റ്റോയിനിസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം പന്തില്‍ ആദം സാംബ ഡബിളോടി. എന്നാല്‍ മൂന്നാം പന്തില്‍ വിജയ് ശങ്കറിന്റെ പന്ത് ആസ്‌ട്രേലിയയുടെ അവസാനവിക്കറ്റും തെറിപ്പിച്ചു. ജയത്തോടെ അഞ്ച് മത്സര ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.