LiveTV

Live

Cricket

റോഡ് റോളറുമായി ധോണി, കളിച്ച് കാണിക്കാന്‍ വെല്ലുവിളിച്ച് കോഹ്‌ലി

ധോണി റോഡ് റോളറുമായി എത്തുന്നതോടെ യുവകളിക്കാര്‍ തോല്‍വി സമ്മതിച്ച മട്ടിലാവുന്നു. ഇതില്‍ ചിലര്‍ ഏണിവെച്ച് കയറി സീനിയര്‍ താരങ്ങളുടെ കൂടി സഹായത്തില്‍ ഇപ്പുറത്തെത്തുന്നുണ്ട്.

റോഡ് റോളറുമായി ധോണി, കളിച്ച് കാണിക്കാന്‍ വെല്ലുവിളിച്ച് കോഹ്‌ലി

ഐ.പി.എല്ലിന്റെ പന്ത്രണ്ടാം സീസണിന്റെ പ്രചരണ ഗാനത്തിലാണ് റോഡ് റോളറുമായി ധോണിയും കളിച്ച് കാണിക്കാന്‍ പുതുതലമുറയെ വെല്ലുവിളിച്ച് വിരാട് കോഹ്‌ലിയും എത്തിയിരിക്കുന്നത്. ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ പുതുതലമുറയിലെ കളിക്കാരുമായി നടത്തുന്ന ബലാബലമാണ് ഐ.പി.എല്‍ ഗാനത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍കിംങ്‌സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.

അശ്വിന്‍, ദിനേശ് കാര്‍ത്തിക്, പന്ത്, റാഷിദ്ഖാന്‍ തുടങ്ങി ഒരു കൂട്ടം താരങ്ങള്‍ പരിശീലിക്കുന്നതിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ ഒരു സംഘം യുവാക്കള്‍ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതും കാണിക്കുന്നു. ഇരുസംഘങ്ങളും ഫ്രെയിമില്‍ കൂടുതല്‍ സ്ഥലത്തിനായി വഴക്ക് തുടങ്ങുന്നതോടെ കാര്യങ്ങള്‍ ആവേശഭരിതമാകുന്നു. അശ്വിന്റെ ഒരു ബുദ്ധിപരമായ നീക്കം ഇടക്ക് ഫലം കാണുന്നുവെങ്കിലും അതിന് അല്‍പായുസേ ഉണ്ടായിരുന്നുള്ളൂ.

ധോണി റോഡ് റോളറുമായി എത്തുന്നതോടെ യുവകളിക്കാര്‍ തോല്‍വി സമ്മതിച്ച മട്ടിലാവുന്നു. ഇതില്‍ ചിലര്‍ ഏണിവെച്ച് കയറി സീനിയര്‍ താരങ്ങളുടെ കൂടി സഹായത്തില്‍ ഇപ്പുറത്തെത്തുന്നുണ്ട്. അങ്ങനെയെത്തുന്നവര്‍ പരിചയപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് കോഹ്‌ലി പേരു പറയണ്ട കളിച്ചുകാണിച്ചാല്‍ മതിയെന്ന് പറയുന്നത്.

മാര്‍ച്ച് 23നാണ് ഐ.പി.എല്‍ 12ആം സീസണ്‍ ആരംഭിക്കുക. ലോകസഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ആദ്യ രണ്ട് ആഴ്ച്ചയിലെ മത്സരക്രമം മാത്രമേ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളൂ. ആദ്യമത്സരത്തില്‍ ധോണിയുടെ സി.എസ്.കെ കോഹ്‌ലിയുടെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ ചെന്നെയില്‍ നേരിടും.