LiveTV

Live

Cricket

ബൗളിങ് മികവില്‍ ഇന്ത്യ; രണ്ടാം ഏകദിനത്തിലും ആസ്‌ട്രേലിയ തോറ്റു 

ആസ്‌ട്രേലിയയെ എട്ട് റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. കളി അവസാന ഓവറിലേക്ക് എത്തിയെങ്കിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ബൗളിങ് മികവില്‍ ഇന്ത്യ; രണ്ടാം ഏകദിനത്തിലും ആസ്‌ട്രേലിയ തോറ്റു 

ബൗളിങ് കരുത്തില്‍ നാഗ്പൂര്‍ ഏകദിനത്തിലും ഇന്ത്യക്ക് ജയം. ആസ്‌ട്രേലിയയെ എട്ട് റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. കളി അവസാന ഓവറിലേക്ക് എത്തിയെങ്കിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ആസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത് പതിനൊന്ന് റണ്‍സ്. ഇന്ത്യക്ക് വേണ്ടത് രണ്ട് വിക്കറ്റും. വിജയ് ശങ്കര്‍ എറിഞ്ഞ ആ ഓവറില്‍ രണ്ട് റണ്‍സെ ആസ്‌ട്രേലിയക്ക് നേടാനായുള്ളൂ.

രണ്ട് വിക്കറ്റും ശങ്കര്‍ വീഴ്ത്തി. ഇന്ത്യക്ക് ഭീഷണിയായിരുന്ന സ്റ്റോയിനിസിനെ ആദ്യ പന്തില്‍ തന്നെ ശങ്കര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. മൂന്നാം പന്തില്‍ സാമ്പയുടെ സ്റ്റമ്പിളക്കി ഇന്ത്യക്ക് രണ്ടാം ജയം നേടിക്കൊടുത്തു. ഇന്ത്യ ഉയര്‍ത്തിയ 251 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആസ്‌ട്രേലിയ 49.3 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മികച്ച തുടക്കമാണ് ആസ്‌ട്രേലിയക്ക് ലഭിച്ചത്. നായകന്‍ ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖ്വാജയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ നേടിയത് 83 റണ്‍സ്. 37 റണ്‍സെടുത്ത ഫിഞ്ചിനെ കുല്‍ദീപ് പുറത്താക്കി ഇന്ത്യക്ക് ആദ്യ വിക്കറ്റ് നല്‍കി.

അതേസ്‌കോറില്‍ തന്നെ മറ്റൊരു ഓപ്പണറായ ഉസ്മാന്‍ ഖ്വാജ(38) പുറത്ത്. വിക്കറ്റ് കേദാര്‍ ജാദവിനായിരുന്നു. പിന്നെ ചെറിയ തോതില്‍ കൂട്ടുകെട്ടുകള്‍ പിറന്നെങ്കിലും അതെല്ലാം ഇന്ത്യ പൊളിച്ചു. മാര്‍ക്കസ് സ്റ്റോയിനസ്(52) പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്(48) എന്നിവര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 46ാം ഓവര്‍ എറിഞ്ഞ ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ആസ്‌ട്രേലിയക്കാരുടെ ഉളള പ്രതീക്ഷയും അസ്തമിച്ചു.

കളി അവസാന ഓവറിലേക്ക് എത്തിച്ചത് മാത്രം ആസ്‌ട്രേലിയക്ക് ആശ്വസിക്കാം. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

വിരാട് കോഹ്‌ലി നേടിയ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 251 റണ്‍സ് വിജയലക്ഷ്യം കുറിച്ചത്. 48.2 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. കരിയറിലെ 40ാം സെഞ്ച്വറിയാണ് കോഹ്‌ലി സ്വന്തമാക്കിയത്. 120 പന്തില്‍ നിന്ന് 10 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു കോഹ്‌ലി 116 റണ്‍സ് നേടിയത്.

ബൗളിങ് മികവില്‍ ഇന്ത്യ; രണ്ടാം ഏകദിനത്തിലും ആസ്‌ട്രേലിയ തോറ്റു 

ടോസ് നേടിയ ആസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ തുടക്കം പാളി. പൂജ്യത്തിന് രോഹിത് ശര്‍മ്മ പുറത്ത്. പിന്നാലെ ശിഖര്‍ധവാനും(21)അമ്പാട്ടി റായിഡുവും(18) പുറത്തായതോടെ ഇന്ത്യ മൂന്നിന് 75 എന്ന നിലയിലെത്തി. നാലാം വിക്കറ്റില്‍ വിജയ് ശങ്കറും കോഹ്‌ലിയും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. 81 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്.

എന്നാല്‍ 46 റണ്‍സെടുത്ത ശങ്കര്‍ റണ്‍ഔട്ടാവുകയായിരുന്നു. പിന്നീടെത്തിയ കേദാര്‍ ജാദവും(11) എം.എസ് ധോണിയും(0) വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ വീണ്ടും പരുങ്ങി. എന്നാല്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു. എന്നാല്‍ സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമ‍ത്തിനിടെ ജഡേജ (21) വീണു. പിന്നാലെ കോഹ് ലിയും പുറത്ത്. വാലറ്റത്ത് നിന്ന് കാര്യമായ റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് എത്തിയതുമില്ല. അതോടെ ഇന്ത്യ 250ന് പുറത്ത്. ആസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് നാലും ആദം സാമ്പ രണ്ട് വിക്കറ്റും വീഴ്ത്തി.