LiveTV

Live

Cricket

പ്രിയപ്പെട്ട മാഹി... ലോകകപ്പ് വരാനിരിക്കെ മഹേന്ദ്ര സിങ് ധോണിക്ക് ഒരു തുറന്ന കത്ത്

പക്ഷെ മാഹി, 2019 ലോകകപ്പ് നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കരിയര്‍ എങ്ങനെ തുടങ്ങിയോ, അങ്ങനെ തന്നെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

പ്രിയപ്പെട്ട മാഹി... ലോകകപ്പ് വരാനിരിക്കെ മഹേന്ദ്ര സിങ് ധോണിക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട മാഹി,

2016 ടി20 ലോകകപ്പിനു ശേഷം നിങ്ങള്‍ നടത്തിയ പത്രസമ്മേളനം മറക്കാനാവുന്നില്ല. വെസ്റ്റ് ഇന്‍റീസിനോട് സെമി ഫൈനല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ലിമിറ്റഡ് ക്രിക്കറ്റില്‍ നിങ്ങളുടെ കാലം കഴിഞ്ഞോ എന്ന് ഒരു ആസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ താങ്കളോട് ചോദിക്കുകയുണ്ടായി. ചിരിച്ച മുഖവുമായി താങ്കള്‍ പറഞ്ഞു, 2019 ലോകകപ്പ് വരെയെങ്കിലും എനിക്ക് സുഖമായി പോകാന്‍ സാധിക്കും എന്ന്. അവിടെ കൂടിയിരിക്കുന്നവര്‍ക്കിടയിലെ ചിരിയില്‍ അത് അവസാനിച്ചിരുന്നെങ്കിലും ആ ശബ്ദത്തിലെ നിശ്ചയദാര്‍ഢ്യം ചെറുതായിരുന്നില്ല. നിങ്ങളുടെ മുഖം അന്ന് പകര്‍ന്ന ഊര്‍ജ്ജം 2019 ലോകകപ്പില്‍ നമ്മുടെ രാജ്യത്തിന് അഭിമാനിക്കാനുള്ള നിമിഷങ്ങള്‍ സമ്മാനിക്കും എന്ന ഉറച്ച വിശ്വാസവും കൂടിയായിരുന്നു.

പ്രിയപ്പെട്ട മാഹി... ലോകകപ്പ് വരാനിരിക്കെ മഹേന്ദ്ര സിങ് ധോണിക്ക് ഒരു തുറന്ന കത്ത്

ഇപ്പോള്‍ നാം അതിനടുത്ത് എത്തി കഴിഞ്ഞു മാഹി. 2019 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഇപ്പോഴും നിങ്ങള്‍ ടീമിന് വേണ്ടി പോരാടുന്നുണ്ട്. പക്ഷെ, ആ പോരാട്ടത്തിലെവിടെയോ ഞങ്ങള്‍ക്ക് ആ പഴയ മാഹിയെ നഷ്ടപ്പെട്ടിരിക്കുന്നു. ആ ബാറ്റില്‍ ഒരിക്കല്‍ ഉണ്ടായിരുന്ന മഹേന്ദ്രജാലം കുറച്ചെങ്കിലും ചോര്‍ന്നുപോയോ എന്ന സംശയമുണ്ട്. എങ്കിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്, ഞങ്ങളുടെ മാഹി ഏറ്റവും മികച്ച കളി പുറത്തെടുത്ത് രാജ്യത്തിന് ലോകകപ്പ് സമ്മാനിക്കുമെന്ന്.

നീണ്ട 15 വര്‍ഷത്തെ കരിയര്‍ അതിന്‍റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ, എന്‍റെ ഓര്‍മ്മകള്‍ 2004ല്‍ താങ്കള്‍ പാകിസ്താനെതിരെ കളിച്ച ആ ഇന്നിങ്സിലേക്ക് യാത്രയാവുകയാണ്. സ്വതസിദ്ധമായ ശൈലിയില്‍ പാക് ബൌളര്‍മാരെ നിഷ്പ്രഭമാക്കിയ നീണ്ട മുടിയുള്ള ഒരു ചെറുപ്പക്കാരന്‍. ആരെയും വകവെക്കാതെ ബാറ്റ് വീശി 148 റണ്‍സ് കൊയ്ത് ലോകക്രിക്കറ്റിലേക്കുള്ള വരവറിയിച്ചുകൊണ്ട് പുതിയൊരു താരോദയമെന്ന് ഏവരെക്കൊണ്ടും പറയിപ്പിച്ച മഹേന്ദ്ര സിങ് ധോണി.

പ്രിയപ്പെട്ട മാഹി... ലോകകപ്പ് വരാനിരിക്കെ മഹേന്ദ്ര സിങ് ധോണിക്ക് ഒരു തുറന്ന കത്ത്

കാലം നാം ആരാണെന്ന് തെളിയിക്കാന്‍ ചില അവസരങ്ങള്‍ നല്‍കും. എന്നെ സംബന്ധിച്ചിടത്തോളം താങ്കള്‍ക്ക് ലഭിച്ച ആ അവസരം 2007 ടി20 ലോകകപ്പാണ്. ക്രിക്കറ്റിലെ ധോണി യുഗം ആരംഭിച്ചത് അവിടെ നിന്നായിരുന്നു. സീനിയര്‍ താരങ്ങളായ സച്ചിനും ഗാംഗുലിയും ദ്രാവിഡുമെല്ലാം ടീമില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യ പുതിയൊരു നായകന് കീഴില്‍ കളത്തിലിറങ്ങി. എന്നാല്‍, രണ്ടാഴ്ച്ചക്കിപ്പുറം ചരിത്രം കുറിക്കപ്പെട്ടു. ആദ്യ ടി20 ചാമ്പ്യന്മാരായി ഇന്ത്യയുടെ യുവനിര ലോകത്തിന് മുന്നില്‍ മുഖമുയര്‍ത്തി നിന്നു. അതില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു ദശാബ്ദകാലത്തിനുള്ളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖമുദ്ര മാറ്റിക്കുറിച്ച ഒരു നായകനെയായിരുന്നു. നായകനാവുന്നതിലൂടെ ബാറ്റ്സ്മാന്‍ എന്ന രീതിയിലും ധോണി മറ്റൊരാളായി. ആരെയും കൂസാതെ വീശിയ ബാറ്റ് പിന്നീട് പക്വതയോടെ കളിയെ ജയിപ്പിക്കുന്ന ഫിനിഷിങിന്‍റെ താളത്തില്‍ ചലിച്ചു. സമ്മര്‍ദ്ദത്തിന്‍റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും നിങ്ങള്‍ കൂള്‍ ആയി കളികള്‍ സംയമനത്തോടെ ജയിപ്പിച്ചു.

പ്രിയപ്പെട്ട മാഹി... ലോകകപ്പ് വരാനിരിക്കെ മഹേന്ദ്ര സിങ് ധോണിക്ക് ഒരു തുറന്ന കത്ത്

2011 ലോകകപ്പ് ഫൈനലില്‍ കുലശേഖരയുടെ പന്ത് കാണികള്‍ക്കിടയിലേക്ക് പറത്തി രാജ്യത്തിന്‍റെ 28 വര്‍ഷത്തെ സ്വപ്നം നിങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. ആ ഹെലിക്കോപ്റ്റര്‍ ഷോട്ട് ഒരു ഇന്ത്യന്‍ ആരാധകനും മറക്കാനാവുന്നതല്ല. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന് നല്‍കാവുന്നതില്‍ വച്ച് ഏറ്റവും വലിയ യാത്രയയപ്പ് സമ്മാനം കൂടിയായിരുന്നു ആ ലോകകിരീടം. ടീമിലെ പുതിയ താരോദയങ്ങള്‍ക്ക് ആഹ്ലാദിക്കാന്‍ അവസരം നല്‍കി സ്റ്റേജിന്‍റെ പുറകില്‍ മാറിനില്‍ക്കുന്ന ക്യാപ്റ്റന്‍ കൂളിനെയും അന്ന് ഞങ്ങള്‍ കണ്ടു.

ടീം ഇന്ത്യ മറ്റൊരു തലത്തിലേക്ക് ഉയരുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. അതിലെല്ലാം നായകനെന്ന രീതിയില്‍ മാഹി ആഘോഷിക്കപ്പെടുകയായിരുന്നു. പിന്നീട്, 2017ല്‍ താന്‍ നായക സ്ഥാനം ഒഴിയുന്നു എന്ന് താങ്കള്‍ പ്രഖ്യാപിച്ചു. ടീം ലൈനപ്പില്‍ സി എന്ന അക്ഷരം താങ്കളുടെ പേരിനടുത്ത് കാണാന്‍ സാധിക്കാത്തത് പതിയെ മാത്രമേ ഉള്‍ക്കൊള്ളാനായുള്ളൂ.

പ്രിയപ്പെട്ട മാഹി... ലോകകപ്പ് വരാനിരിക്കെ മഹേന്ദ്ര സിങ് ധോണിക്ക് ഒരു തുറന്ന കത്ത്

പിന്നീടങ്ങോട്ട് ഞങ്ങള്‍ കണ്ടത് മറ്റൊരു ധോണിയെയായിരുന്നു. പരിമിതികളില്‍ സ്വയം ഒതുങ്ങുന്ന, അടുത്ത ചുവട് എങ്ങനെയെടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സാഹചര്യങ്ങള്‍ക്ക് വിട്ടു നല്‍കുന്ന, ഊര്‍ജ്ജസ്വലനല്ലാത്ത മറ്റൊരു ധോണി. ഒരു കാലത്ത് നിങ്ങളുടെ വിക്കറ്റിന് ബൌളര്‍മാര്‍ കല്‍പ്പിച്ച വില ഇന്നില്ല.

പ്രിയപ്പെട്ട മാഹി... ലോകകപ്പ് വരാനിരിക്കെ മഹേന്ദ്ര സിങ് ധോണിക്ക് ഒരു തുറന്ന കത്ത്

പക്ഷെ മാഹി, 2019 ലോകകപ്പ് നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കരിയര്‍ എങ്ങനെ തുടങ്ങിയോ, അങ്ങനെ തന്നെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. എന്ത് ഭാരമാണ് താങ്കള്‍ക്കുള്ളതെങ്കിലും അത് മാറ്റിവെച്ച് നിങ്ങളിലെ ആ പഴയ ധോണിയെ തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു. ആ തിരിച്ചുവരവായിരിക്കും 2019 ലോകകപ്പിന്‍റെ വിധി നിര്‍ണ്ണയിക്കുക.

എന്ന് ഒരു 'മാഹി' ആരാധകന്‍

കടപ്പാട്: സായ് സിദ്ധാര്‍ത്ഥ്