LiveTV

Live

Cricket

2008 അണ്ടര്‍ -19 ലോകകപ്പ് ജേതാക്കള്‍ ഇന്ന് എവിടെ?

അതില്‍ കുറച്ച് പേര്‍ കൊഹ്‍ലിക്കൊപ്പം ദേശീയ ടീമിലെ പടയോട്ടങ്ങള്‍ക്ക് ആയുധമെടുത്തപ്പോള്‍ മറ്റു ചിലര്‍ ക്രിക്കറ്റ് എന്ന ഫീല്‍ഡ് തന്നെ വിട്ടുപോയി. 

2008 അണ്ടര്‍ -19 ലോകകപ്പ് ജേതാക്കള്‍ ഇന്ന് എവിടെ?

വിരാട് കൊഹ്‍ലി എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ പടയോട്ടം ഒരര്‍ത്ഥത്തില്‍ തുടങ്ങിയത് 2008 ലെ അണ്ടര്‍ -19 ലോകകപ്പ് മുതലാണ്. അന്ന് ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ യുവനിരയെ 12 റണ്‍സിന് കീഴടക്കി ഇന്ത്യ ലോകകപ്പില്‍ മുത്തമിടുമ്പോള്‍ കൊഹ്‍ലി എന്ന അന്നത്തെ യുവരക്തം ഒഴുക്കിയ വിയര്‍പ്പ് കുറച്ചൊന്നുമല്ല. അന്ന് ലോകകപ്പില്‍ മുത്തമിട്ട കൊഹ്‍ലിയുടെ ടീമിലെ മറ്റു താരങ്ങള്‍ ദേശീയ ടീമിലെ അംഗത്വം തന്നെയായിരിക്കാം ലക്ഷ്യമിട്ടത്. അതില്‍ കുറച്ച് പേര്‍ കൊഹ്‍ലിക്കൊപ്പം ദേശീയ ടീമിലെ പടയോട്ടങ്ങള്‍ക്ക് ആയുധമെടുത്തപ്പോള്‍ മറ്റു ചിലര്‍ ക്രിക്കറ്റ് എന്ന ഫീല്‍ഡ് തന്നെ വിട്ടുപോയി. അന്നത്തെ ലോകകപ്പ് ടീമില്‍ കൊഹ്‍ലിക്കൊപ്പം അണിനിരന്നവര്‍ ഇന്ന് എവിടെ?

രവീന്ദ്ര ജഡേജ

39 ടെസ്റ്റുകള്‍, 144 ഏകദിനങ്ങള്‍, 40 ട്വന്റി20 കള്‍... കൊഹ്‍ലിക്കൊപ്പം പടയോട്ടം തുടങ്ങിയ രവീന്ദ്ര ജഡേജ അന്നത്തെ യുവതാരങ്ങളില്‍ ഏറ്റവും പ്രതിഭാശാലിയായ ക്രിക്കറ്റ് താരമാണ്. ടെസ്റ്റ് ടീമില്‍ പകരംവെക്കാന്‍ കഴിയാത്ത താരം. ഏഷ്യാ കപ്പിലൂടെ മികച്ച തിരിച്ചുവരവ്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്, ഗുജറാത്ത് ലയണ്‍സ്, കൊച്ചി ടസ്കേഴ്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളിലൊക്കെ ജഡേജ കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സ് രണ്ടു തവണ ഐ.പി.എല്‍ കിരീടം ഉയര്‍ത്തിയപ്പോഴും ജഡേജ ടീമിലുണ്ടായിരുന്നു.

അജിതേഷ് അര്‍ഗല്‍

അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു അജിതേഷ്. അഞ്ച് ഓവറില്‍ വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ കൊയ്ത മിന്നുന്ന പ്രകടനം പുറത്തെടുത്ത താരം. പക്ഷേ പിന്നീടങ്ങോട്ട് അജിതേഷ് ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയിട്ടില്ല. ഇപ്പോള്‍ വഡോദരയില്‍ ആദായ നികുതി വകുപ്പില്‍ ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്നു.

നെപ്പോളിയന്‍ ഐസ്റ്റീന്‍

പേരിലെ വ്യത്യസ്ത കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട താരം. 2008 ലെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് വിലക്കെടുത്ത താരം. പക്ഷേ പിന്നീടങ്ങോട്ട് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഐസ്റ്റീന്റെ പേര് കേട്ടിട്ടില്ല. ഇപ്പോള്‍ എവിടെ? എന്ത് ചെയ്യുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ല.

ശ്രീവത്സ് ഗോസ്വാമി

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു ശ്രീവത്സ്. അണ്ടര്‍ 19 ലോകകപ്പില്‍ 152 റണ്‍സ് നേടിയ തീപ്പൊരി താരം. ബംഗാളിന്റെ ടീമിലെ സൂപ്പര്‍ താരമായ ശ്രീവത്സ്, ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‍സ് ബംഗളൂരു, സണ്‍റൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളുടെ ജേഴ്‍സി അണിഞ്ഞിട്ടുണ്ട്.

പെറി ഗോയല്‍

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു പെറി ഗോയല്‍. ലോകകപ്പില്‍ ഒരു മത്സരം പോലും ഗോയല്‍ കളിച്ചില്ല. ലോകപ്പിന് ശേഷം ക്രിക്കറ്റ് എന്ന കരിയര്‍ തന്നെ ഗോയല്‍ ഉപേക്ഷിച്ചു. ഇന്ന് ആര്‍.എസ്.ജി പ്രോപ്പര്‍ട്ടീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഗോയല്‍.

ഇഖ്ബാല്‍ അബ്ദുല്ല

ലോകകപ്പില്‍ ഇന്ത്യന്‍ ബോളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചവരില്‍ പ്രധാനിയായിരുന്നു ഇഖ്ബാല്‍. മുംബൈ രഞ്ജി ടീമിലെ സ്ഥിരം അംഗമായിരുന്ന ഇഖ്ബാല്‍, 2016 ല്‍ കേരളത്തിലേക്ക് ചുവടുമാറ്റി. ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്കും ബംഗളൂരുവിനുമൊപ്പം ജേഴ്‍സിയണിഞ്ഞു.

സിദ്ധാര്‍ഥ് കൌള്‍

ഇന്ത്യക്ക് വേണ്ടി മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. പഞ്ചാബ് ടീമിലെ മികച്ച പേസറായ സിദ്ധാര്‍ഥ് ഇന്നും ദേശീയ ടീം ഉന്നംവച്ചു തന്നെയാണ് കളത്തിലിറങ്ങുന്നത്. ഐ.പി.എല്ലില്‍ ഡല്‍ഹിക്കും കൊല്‍ക്കത്തക്കും പഞ്ചാബിനും ഹൈദരാബാദിനും വേണ്ടി കളിച്ചിട്ടുണ്ട്.

തരുവാര്‍ കൊഹ്‍ലി

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചിട്ടുള്ള തരുവാര്‍ കൊഹ്‍ലി, രണ്ടാം എഡിഷനില്‍ പഞ്ചാബിനൊപ്പം ചേര്‍ന്നു. 2012-13 രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരായ സെമി ഫൈനലില്‍ പഞ്ചാബിന് വേണ്ടി ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് കൊഹ്‍ലി. 2018-19 വിജയ് ഹസാരെ ട്രോഫിയില്‍ മിസോറാമിന്റെ ജേഴ്‍സിയിലാണ് കൊഹ്‍ലി കളത്തിലിറങ്ങിയത്.

അഭിനവ് മുകുന്ദ്

റണ്‍വേട്ടയുടെ പേരില്‍ ശ്രദ്ധേയനായ താരമാണ് അഭിനവ് മുകുന്ദ്. 139 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അഭിനവ്, ഏഴു ടെസ്റ്റുകളും 35 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. തമിഴ്‍നാട്, സൌത്ത് സോണ്‍, ഇന്ത്യ എ, റെസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയ ടീമുകളുടെയൊക്കെ ടോപ് സ്കോറര്‍മാരില്‍ ഒരാളാണ് അഭിനവ്. 2011 ല്‍ വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. അന്ന് മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്തുപോയെങ്കിലും 2017 ല്‍ ശ്രീലങ്കക്കെതിരെ തിരിച്ചുവന്നു.

മനീഷ് പാണ്ഡെ

ഇന്ത്യന്‍ ടീമിന് വേണ്ടി 23 ഏകദിനങ്ങളിലും 25 ട്വന്റി 20 കളിലും കളിച്ചു. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത, മുംബൈ, പൂനെ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ടീമുകളുടെ ജേഴ്‍സിയണിഞ്ഞു. കുട്ടി ക്രിക്കറ്റിലെ തീപ്പൊരി താരമായ പാണ്ഡെ, ആര്‍.സി.ബിക്ക് വേണ്ടി ഐ.പി.എല്ലില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനാണ്. 2014 എഡിഷനില്‍ കൊല്‍ക്കത്തയെ ഐ.പി.എല്‍ കിരീടത്തിലേക്ക് എത്തിച്ചതിലും പാണ്ഡെ സുപ്രധാന പങ്കുവഹിച്ചിരുന്നു.

പ്രദീപ് സങ്ക്‍വാന്‍

ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഏക ഇന്ത്യന്‍ ബോളറായിരുന്നു പ്രദീപ്. ഇന്ന് ഡല്‍ഹി രഞ്ജി ടീം അംഗം. ഐ.പി.എല്ലില്‍ ഡല്‍ഹി, ഗുജറാത്ത്, കൊല്‍ക്കത്ത, മുംബൈ ടീമുകള്‍ക്ക് വേണ്ടി കളിച്ചു. 2013 എഡിഷനില്‍ മരുന്നടി വിവാദത്തില്‍ കുടുങ്ങിയ പ്രദീപിന് 18 മാസം വിലക്ക് ലഭിച്ചിരുന്നു.

ഡി ശിവ കുമാര്‍

ആന്ധ്രാപ്രദേശ് ആഭ്യന്തര ക്രിക്കറ്റില്‍ സജീവം. 42 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 133 വിക്കറ്റുകളും 1062 റണ്‍സും നേടിയിട്ടുണ്ട് ഈ 28 കാരനായ താരം.

തന്‍മയ് ശ്രീവാസ്തവ

ലോകകപ്പിലെ റണ്‍വേട്ടക്കാരനായിരുന്നു ശ്രീവാസ്തവ. 52 ശരാശരിയില്‍ 262 റണ്‍സാണ് ശ്രീവാസ്തവ നേടിയത്. എന്നാല്‍ പിന്നീടങ്ങോട്ട് വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ ഈ താരത്തിനായില്ല. ഇന്ന് ഉത്തര്‍പ്രദേശ് ടീമിലെ താരമാണ്.

സൌരഭ് തിവാരി

ഇന്ത്യക്ക് വേണ്ടി മൂന്നു ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. 2010 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍ വിലക്കെടുത്ത തിവാരി പിന്നീട് ബംഗളൂരു, ഡല്‍ഹി, പൂനെ ടീമുകള്‍ക്കൊപ്പം കളത്തിലിറങ്ങി. ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനൊപ്പം ഇന്നും കളിക്കുന്നു.