LiveTV

Live

Cricket

ക്രിക്കറ്റ് വീണ്ടും ഏഷ്യന്‍ ഗെയിംസിലേക്കോ ?

ഏഷ്യന്‍ ഇതര രാജ്യമായ ആസ്ത്രേലിയയെ പ്രത്യേക മത്സരാർഥിയായി ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കാനും ഒ.സി.എ തീരുമാനിച്ചു

ക്രിക്കറ്റ് വീണ്ടും ഏഷ്യന്‍ ഗെയിംസിലേക്കോ ?

ഏഷ്യൻ ഗെയിംസിലേക്ക് തിരിച്ച് വരവിനൊരുങ്ങി ക്രിക്കറ്റ്. ചെെനയിൽ 2022ൽ നടക്കുന്ന ഹാങ്ഷു ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുമെന്ന് ഒളിമ്പിക്ക് കൗൺസിൽ ഓഫ് ഏഷ്യ (ഒ.സി.എ) അറിയിച്ചു. നേരത്തെ, 2018ലെ ഇന്ത്യോനേഷ്യ ഏഷ്യൻ ഗെയിംസിൽ നിന്നും ക്രിക്കറ്റ് മാറ്റി നിർത്തിയിരുന്നു.

ക്രിക്കറ്റിലെ ടി20 ഫോർമാറ്റാണ് ഏഷ്യൻ ഗെയിംസിലുണ്ടായിരുന്നത്. 2010
ഗുവാങ്ഷു, ഇഞ്ചിയോൺ 2014 ഗെയിംസിൽ ടി20 മത്സരം ഉൾപ്പെടുത്തിയുന്നു. ഗുവാങ്ഷുവിൽ പുരുഷൻമാരിൽ ബംഗ്ലാദേശും, വനിതകളിൽ പാകിസ്താനുമായിരുന്നു വിജയികൾ. തുടർന്നുള്ള ഇഞ്ചിയോൺ ഗെയിംസിൽ ശ്രീലങ്കയും പാകിസ്താനും യഥാക്രമം പുരുഷ-വനിതാ മത്സരങ്ങളിൽ സ്വർണ്ണം നേടി. 1998 ലെ കോമൺവെൽത്ത് ഗെയിംസിലും ക്രിക്കറ്റ് മത്സരയിനമാക്കുകയുണ്ടായി. അന്ന് മത്സരത്തില്‍ പങ്കെടുക്കാനായി ഇന്ത്യ ക്വാലലമ്പൂരിലേക്ക് ടീമിനെ അയച്ചിരുന്നുവെങ്കിലും ഷോൺ പൊള്ളോക്കിന്റെ ദക്ഷിണാഫ്രിക്ക സ്വർണ്ണവും സ്റ്റീവോയുടെ ആസ്ത്രേലിയ വെള്ളിയും നേടുകയായിരുന്നു.

രാജ്യാന്തര മത്സരങ്ങളുടെ ഷെ‍‍ഡ്യൂൾ കാരണം, ഏഷ്യൻ ഗെയിംസിന് മികച്ച ടീമിനെ ഏത്തിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. 2014
ഗെയിംസിൽ ഇന്ത്യ ക്രിക്കറ്റ് ടീമിനെ പങ്കെടുപ്പിക്കാത്തതിൽ വിമർശനമുയരുകയുമുണ്ടായി. എന്നാൽ 2022 ഏഷ്യൻ ഗെയിംസിന് ധാരാളം സമയമുണ്ടെന്നും ടീമിനെ തയ്യാറെടുപ്പിക്കാൻ ഈ സമയം ധാരാളമാണെന്നുമാണ് ക്രിക്കറ്റ് പ്രേമികളുടെ പക്ഷം.

ഇതിന് പുറമെ, ഏഷ്യന്‍ ഇതര രാജ്യമായ ആസ്ത്രേലിയയെ പ്രത്യേക മത്സരാർഥിയായി ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കാനും ഒ.സി.എ തീരുമാനിച്ചു. ഇതോടെ ഓഷ്യാന അത്‍ലറ്റുകൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള വഴി തുറന്നു.