LiveTV

Live

Cricket

പോരാടി നേടിയ വിജയം; ഓസീസിനെ കെട്ടുകെട്ടിച്ച് ഇന്ത്യ

രണ്ട് വിക്കറ്റുകള്‍ വീതം നേടിയ മൊഹമ്മദ് ഷമിയും കുല്‍ദീപ് യാധവും ജസ്പ്രിത് ബുംറയുമാണ് ഇന്ത്യന്‍ ബൌളിങ്ങില്‍ തിളങ്ങിയത്

പോരാടി നേടിയ വിജയം; ഓസീസിനെ കെട്ടുകെട്ടിച്ച് ഇന്ത്യ

ആസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയത്. ഓസീസ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 10 പന്തുകള്‍ ശേഷിക്കെ മറികടന്നു. തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കേദാര്‍ ജാദവും മഹേന്ദ്ര സിങ് ധോണിയും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.

പതര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ബോളില്‍ തന്നെ കൌള്‍ട്ടര്‍ നൈലിന് പിടികൊടുത്ത് ശിഖര്‍ ധവാന്‍ (0) ക്രീസ് വിടുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 1.1 ഓവറില്‍ നാല് റണ്‍സ്. അതിന് ശേഷം നായകന്‍ വിരാട് കോഹ്‍ലിയുടെയും രോഹിത് ശര്‍മ്മയുടെയും ചെറുത്തുനില്‍പ്പിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. വീരോചിതമായി ബാറ്റ് വീശിയ ക്യാപ്റ്റന്‍ കോഹ്‍ലിയും സമ്യമനം പാലിച്ച് കളിച്ച ഹിറ്റ്മാനും ഇന്ത്യക്ക് പ്രതീക്ഷകള്‍ നല്‍കി. പക്ഷെ, സാമ്പയുടെ സ്പിന്‍ കെണിയില്‍ വിരാട് വീണു. എല്‍.ബി.ഡബ്ല്യുവിനായി ശക്തമായ അപ്പീല്‍ ആസ്ട്രേലിയന്‍ ടീം പുറത്തെടുത്തെങ്കിലും അംപയര്‍ ജോയല്‍ വില്‍സണ്‍ ഔട്ട് കൊടുത്തിരുന്നില്ല. എന്നാല്‍ റിവ്യുവിലൂടെ ഓസീസ് തീരുമാനം അവര്‍ക്ക് അനുകൂലമാക്കി. 45 പന്തുകളില്‍ നിന്നും 44 റണ്ണെടുത്ത് ഇന്ത്യന്‍ നായകന്‍ പുറത്താവുമ്പോള്‍ വിജയത്തിലേക്കുള്ള ഇന്ത്യയുടെ ദൂരം 157 റണ്‍സ്.

സ്കോര്‍ 95ല്‍ നില്‍ക്കുമ്പോള്‍ രോഹിത് ശര്‍മ്മയും പവലിയണിലേക്ക് മടങ്ങി. അമ്പാട്ടി റായിഡു കാര്യമായി ഒന്നും തന്നെ സംഭാവന ചെയ്യാതെ ഔട്ടായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. സ്കോര്‍ 99 റണ്‍സിന് നാല് വിക്കറ്റ്. ക്രീസില്‍ ധോണിയും കേദാര്‍ ജാദവും. സമ്മര്‍ദ്ദങ്ങളെ ഇത്ര മനോഹരമായി കൈകാര്യം ചെയ്യാന്‍ മറ്റൊരാള്‍ക്കും സാധിക്കില്ല എന്ന് തെളിയിച്ചുകൊണ്ട് മാഹി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നിറഞ്ഞാടി. കൂടെ കേദാര്‍ ജാദവും. തുടക്കത്തില്‍ പതിയെ കളി ആരംഭിച്ച മാഹി സിങ്കിളുകള്‍ നേടി സമ്യമനത്തോടെ കളി നയിച്ചു. കൃത്യമായ ഇടവേളകളില്‍ ബൌണ്ടറികള്‍ പറത്തി. കേദാര്‍ ജാദവ് ക്രീസില്‍ സെറ്റ് ആയി എന്നുറപ്പായതോടെ അവസരങ്ങള്‍ ജാദവിലേക്ക് പരമാവധി എത്തിക്കാന്‍ ധോണി ശ്രദ്ധിച്ചു. നാല്‍പ്പത്തിരണ്ടാം ഓവറില്‍ 67 പന്തുകളില്‍ നിന്നും കേദാര്‍ ജാദവ് അര്‍ദ്ദസെഞ്ച്വറി കുറിച്ചു.

ധോണിയും ജാദവും കളി ഇന്ത്യക്ക് അനുകൂലമാക്കിയപ്പോള്‍ കുറച്ചുമുമ്പ് ഇന്ത്യ അനുഭവിച്ച അതേ സമ്മര്‍ദ്ദം ഓസീസ് നിരയില്‍ അനുഭവപ്പെട്ടു. നാല്‍പത്തിനാലാം ഓവറില്‍ ജാദവിന്‍റെ ബാറ്റില്‍ നിന്നും പിറന്ന ഫോറിലൂടെ ഇരുവരുടെയും കൂട്ടുകെട്ട് 100 കടന്നു. ജാദവ് വീണ്ടും ഒരുപാട് തവണ പന്ത് ബൌണ്ടറി കടത്തി. നാല്‍പത്തിയെട്ടാം ഓവറില്‍ 68 പന്തുകളില്‍ നിന്നും ധോണി അര്‍ദ്ദസെഞ്ച്വറി തിക്കച്ചപ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന ആരവം 2019 ലോകകപ്പില്‍ ധോണിയെ ഇന്ത്യന്‍ ആരാധകര്‍ എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിന്‍റെ തെളിവാണ്. ഇന്ത്യയുടെ മധ്യനിര ദുര്‍ബലമാണ് എന്ന വിമര്‍ശനത്തിന് ചുട്ട മറുപടിയായി ധോണിയും കേദാര്‍ ജാദവും ഇന്ത്യയെ വിജത്തിലേക്ക് നയിച്ചു. 59 റണ്ണെടുത്ത ധോണിയും 81 റണ്ണെടുത്ത് ജാദവും പുറത്താകാതെ നിന്നു. ആസ്ട്രേലിയക്ക് വേണ്ടി നാഥന്‍ കൌട്ടര്‍ നൈലും ആദം സാംപയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ആസ്ട്രേലിയന്‍ ഇന്നിങ്സ് നേരത്തെ 236 റണ്‍സിന് അവസാനിച്ചിരുന്നു. ഇന്ത്യന്‍ ബൌളര്‍മാരുടെ മികച്ച പ്രകടനത്തിന് മുന്നില്‍ ഓസീസ് നിര പതര്‍ച്ചകളിലൂടെയും തിരിച്ചുവരവുകളിലൂടെയുമാണ് മുന്നേറിയത്. ആരോണ്‍ ഫിഞ്ചിനെ തന്‍റെ ആദ്യ ഓവറില്‍ തന്നെ ബുംറ പൂജ്യനായി മടക്കിയതോടെ പ്രതിരോധത്തലായ ഓസീസിനെ തന്‍റെ മികച്ച ഫോം തുടര്‍ന്ന് ഉസ്മാന്‍ ഖ്വാജ മത്സരത്തില്‍ പിടിച്ചുനിര്‍ത്തി. നാല് ഫോറുകളും ഒരു സിക്സും പറത്തി ഖ്വാജ അര്‍ദ്ദസെഞ്ച്വറി കുറിച്ചു. മൂന്നാമനായി എത്തിയ മാര്‍ക്കസ് സ്റ്റോയിന്‍സ് 37 റണ്ണെടുത്ത് ഖ്വാജക്ക് മികച്ച പിന്തുണ നല്‍കി. ഒരു ഖട്ടത്തില്‍ മികച്ച നിലയില്‍ ഇന്നിങ്സ് തുടര്‍ന്ന ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി കേദാര്‍ ജാദവ് സ്റ്റോയിന്‍സിനെ പുറത്താക്കി. 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 50 റണ്ണടിച്ച ഉസ്മാന്‍ ഖ്വാജ പുറത്തായി. കുല്‍ദീപിന്‍റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് ഹാന്‍സ്കോമ്പും മടങ്ങി.

ടി20 പരമ്പര ആസ്ട്രേലിയക്കായി നേടിക്കൊടുത്ത ഗ്രെന്‍ മാക്സ്‍വെല്ലായിരുന്നു അടുത്തതായി ക്രീസില്‍ വന്നത്. അക്രമകാരിയായ മാക്സ്‍വെല്‍ അഞ്ച് ഫോറുകളുടെ പിന്‍ബലത്തില്‍ 40 റണ്ണുകള്‍ കൂട്ടിച്ചേര്‍ത്തു. മാക്സ്‍വെല്ലിനെയും പിന്നീട് വന്ന ആഷ്ടണ്‍ ടണ്ണറിനെയും മനോഹരമായ പന്തുകളിലൂടെ ഷമി ക്ലീന്‍ ബൌള്‍ഡാക്കി. പിന്നീട് അവസാന ഓവറുകളില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മെന്‍ അലെക്സ് ക്യാരിയും നാഥന്‍ കൌള്‍ട്ടര്‍ നൈലും ചേര്‍ന്ന് ഓസീസിനെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തി. അലക്സ് ക്യാരി 36 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നാഥന്‍ കൌള്‍ട്ടര്‍ നൈല്‍ റണ്‍സെടുത്ത് 28 റണ്‍സില്‍ ബുംറക്ക് മുന്നില്‍ കീഴടങ്ങി. രണ്ട് വിക്കറ്റുകള്‍ വീതം നേടിയ മൊഹമ്മദ് ഷമിയും കുല്‍ദീപ് യാധവും ജസ്പ്രിത് ബുംറയുമാണ് ഇന്ത്യന്‍ ബൌളിങ്ങില്‍ തിളങ്ങിയത്. കേദാര്‍ ജാദവ് ഒരു വിക്കറ്റ് വീഴ്ത്തി.