LiveTV

Live

Cricket

ലോകകപ്പില്‍ ഇന്ത്യക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പ് നല്‍കി ഐ.സി.സി

ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ മത്സരം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും ബി.സി.സി.ഐ എടുത്തിട്ടില്ല

ലോകകപ്പില്‍ ഇന്ത്യക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പ് നല്‍കി ഐ.സി.സി

ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് പൂർണ്ണ സുരക്ഷ ഉറപ്പ് നൽകി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഐ.സി.സിയുടെ ഉന്നതാധികാര സമിതിയുടെ യോഗത്തിന് ശേഷമാണ് ടീമിന് ശക്തമായ സുരക്ഷ ഉറപ്പ് നൽകിയതായി ബി.സി.സി.ഐ അറിയിച്ചത്. നേരത്തെ, പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ ലോകകപ്പിന് എത്തുന്ന ടീമിന്റെ സുരക്ഷാ കാര്യത്തിൽ ബോർഡ് ആശങ്ക അറിയിച്ചിരുന്നു.

മെയ് 30ന് തുടങ്ങാനിരിക്കുന്ന കലാശക്കളിക്ക് എത്തിച്ചേരുന്ന ടീം അംഗങ്ങളുടെയും ഒഫിഷ്യലുകളുടെയും സുരക്ഷയെ കുറിച്ച് ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‍രിയാണ് ഐ.സ.സി എക്സിക്യൂട്ടിവ് കമ്മറ്റിയുമായി ആശങ്ക പങ്കുവെച്ചത്. ക്രിക്കറ്റ് കൗൺസിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ഒരുക്കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ്ണ വിശ്വാസം നിലനിൽക്കേ, ഇന്ത്യക്കും പാകിസ്താനുമിടയിൽ ഉണ്ടായിട്ടുള്ള സംഘർഷത്തിന്റെ പശ്ചാതലത്തിൽ ടീമിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമുണ്ടെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോർഡ് ഐ.സി.സിയെ അറിയിച്ചിരുന്നത്. ഇതു സംബന്ധിച്ച ഉറപ്പ് ഐ.സി.സി സി.ഇ.ഒ ഡേവിഡ് റിച്ചാർഡ്സൺ നൽകിയതായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വക്താക്കൾ അറിയിച്ചു.

ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ലോകകപ്പിൽ പാകിസ്താനെതിരെയുള്ള ഗ്രൂപ്പ് മത്സരങ്ങൾ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ഹർഭജൻ ഉൾപ്പടെയുള്ള പല മുൻ താരങ്ങളും രംഗത്ത് വന്നിരുന്നു. എന്നാൽ മത്സരം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും ബി.സി.സി.ഐ എടുത്തിട്ടില്ല.