LiveTV

Live

Cricket

അവസാന പന്തില്‍ ആസ്‌ട്രേലിയക്ക് ജയം 

ആവേശം അവസാന പന്ത് വരെ മുറ്റിനിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആസ്‌ട്രേലിയയുടെ ജയം.

അവസാന പന്തില്‍ ആസ്‌ട്രേലിയക്ക് ജയം 

ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ആസ്‌ട്രേലിയക്ക് ജയം. ആവേശം അവസാന പന്ത് വരെ മുറ്റിനിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആസ്‌ട്രേലിയയുടെ ജയം. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് പതിനാല് റണ്‍സ്. ഫോര്‍ അടിച്ചും ഡബിള്‍ ഓടിയും ആസ്ട്രേലിയ മത്സരം അവസാന പന്തിലെത്തിച്ചു. രണ്ട് റണ്‍സായിരുന്നു അവസാന പന്തില്‍ വേണ്ടിയിരുന്നത്. ഉമേഷ് യാദവിന്‍റെ അവസാന പന്ത് പാറ്റ് കമ്മിന്‍സ് ലോങ് ഓണിലേക്ക് അടിച്ച് രണ്ട് റണ്‍സ് ഓടിയെടുക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഇന്ത്യ 20 ഓവറില്‍ ഏഴിന് 126. ആസ്‌ട്രേലിയ 20 ഓവറില്‍ ഏഴിന് 127.

ഇന്ത്യക്ക് വേണ്ടി ജസ്പ്രീത ഭുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആസ്‌ട്രേലിയ ക്കായി മാക്‌സ് വല്‍(56) ആര്‍സി ഷോര്‍ട്ട്(37) എന്നിവര്‍ തിളങ്ങി. ഇന്ത്യയുടെ വിജയലക്ഷ്യമായ 127 പിന്തുടര്‍ന്ന ആസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയാണെങ്കിലും മാക്‌സ് വലും ആര്‍സി ഷോര്‍ട്ടും ചേര്‍ന്ന് ടീമിനെ കരകയറ്റി. ഇരുവരും ക്രീസിലുണ്ടായിരുന്നപ്പോള്‍ കംഗാരുപ്പട അനായാസ ജയം സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറിക്ക് പിന്നാലെ മാക്‌സ് വലും റണ്‍ഔട്ടിലൂടെ ആര്‍സിയും പുറത്തായതോടെ ആസ്‌ട്രേലിയ പരുങ്ങി.

മധ്യഓവറുകളില്‍ ഇന്ത്യ പിടിമുറുക്കിയതോടെ ആസ്‌ട്രേലിയയുടെ സ്‌കോറിങ് വേഗത കുറയുകയായിരുന്നു. പിന്നെ കളി ഇന്ത്യ ജയിക്കുമെന്നായി. ആവേശം അവസാന പന്ത് വരെയുമെത്തി. ഒടുവില്‍ ജയം ആസ്ട്രേലിയക്കൊപ്പം പോരുകയായിരുന്നു.

ടോസ് നേടിയ ആസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ലോകേഷ് രാഹുല്‍ അര്‍ദ്ധ സെഞ്ച്വറി നേടിയത് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്.

രാഹുല്‍ 50 റണ്‍സെടുത്ത് പുറത്തായി. മറ്റുള്ളവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. രാഹുല്‍ 36 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സറും സഹതിമാണ് 50 റണ്‍സ് നേടിയത്. വിരാട് കോഹ്‌ലി(24)എം.എസ് ധോണി(29) എന്നിവര്‍ പൊരുതിനോക്കി. രോഹിത് ശര്‍മ്മയെ(5) ആദ്യം നഷ്ടമായതിന് ശേഷം കോഹ്‌ലിയും രാഹുലും ചേര്‍ന്നാണ് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്.

എന്നാല്‍ നായകന്‍ പുറത്തായതോടെ ഇന്ത്യയുടെ വിക്കറ്റുകളും മറുഭാഗത്ത് വീണു തുടങ്ങി. ധോണി, വാലറ്റക്കാരെയും കൂട്ടുപിടിച്ച് സ്‌കോര്‍ബോര്‍ഡ് 126ല്‍ എത്തിക്കുകയായിരുന്നു. ആസ്‌ട്രേലിയക്കായി നഥാന്‍ കോള്‍ട്ടര്‍ നെയില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളില്‍ പല പന്തുകളും കണക്ട് ചെയ്യുന്നതില്‍ ധോണി പരാജയപ്പെട്ടു. 37 പന്തില്‍ നിന്നാണ് ധോണി 29 റണ്‍സ് നേടിയത്. ഒരു സിക്‌സര്‍ മാത്രമെ പായിക്കാനായുള്ളൂ.