LiveTV

Live

Cricket

രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വിന്‍ഡീസ്

ആദ്യ മത്സരത്തിൽ 361 റൺസ് പിന്തുടർന്ന് വിജയം കുറിച്ച ഇംഗ്ലണ്ടിന് പക്ഷേ രണ്ടാം തവണ കണക്കുകൂട്ടലുകൾ പിഴക്കുകയായിരുന്നു

രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വിന്‍ഡീസ്

രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 26 റൺസിന് പരാജയപ്പെടുത്തി വെസ്റ്റിൻഡീസ്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് 1-1ന്റെ സമനില നേടി. ജയത്തോടെ, തുടർച്ചയായ പത്ത് ഏകദിന മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങിയ വിൻഡീസ് വിജയ വഴിയിൽ തിരച്ചെത്തി.

സെഞ്ച്വറിയുമായി ബാറ്റിംഗ് വിസ്മയം തീർത്ത ഷിംറൻ ഹെറ്റ്മെയറിന്റെ (83 പന്തിൽ 104) മികവിൽ 289 റൺസെടുത്ത വെസ്റ്റിൻഡീസിനെതിരെ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 47.4 ഓവറിൽ 263 റൺസെടുക്കുന്നതിനിടെ എല്ലാവരെയും നഷ്ടമാവുകയായിരുന്നു. അർധ സെഞ്ച്വറിയുമായി ക്രിസ്ഗെയിൽ (50) ഹെറ്റ്മെയറിന് പിന്തുണ കൊടുത്തു. ഇംഗ്ലണ്ടിനായി മാർക്ക് വുഡ്, ലിയാം പ്ലാങ്കറ്റ് ബെൻ സ്റ്റോക്സ്, ആദിൽ റാഷിദ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

ആദ്യ മത്സരത്തിൽ 361 റൺസ് പിന്തുടർന്ന് വിജയം കുറിച്ച ഇംഗ്ലണ്ടിന് പക്ഷേ രണ്ടാം തവണ കണക്കുകൂട്ടലുകൾ പിഴക്കുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ഷെൽഡൻ കോട്ട്രെൽ ആണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. നായകൻ ഹോൾഡർ മൂന്നും ഒഷേൻ തോമസ്, കാർലോസ് ബ്രാത്‍‍വെയ്റ്റ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇംഗ്ലണ്ടിനായി നായകൻ ഇയോൻ മോർഗനും (70) ബെൻ സ്റ്റോക്കും (79) മികച്ച കൂട്ടുകെട്ടുയർത്തി മത്സരം വരുതിയിലാക്കിയെങ്കിലും, തുടർന്നെത്തിയവർക്ക് കാര്യമായൊന്നും സ്കോർബോർഡിൽ നൽകാൻ കഴിയാതിരുന്നപ്പോൾ, 26 റൺസകലെ ഇംഗ്ലണ്ട് അടിയറവ് പറയുകയായിരുന്നു. മൂന്നാം ഏകദിനം തിങ്കളാഴ്ച്ച നടക്കും.