LiveTV

Live

Cricket

കുശാല്‍.... പെരേര മിന്നി; ശ്രീലങ്കയ്ക്ക് ജയം

കുശാല്‍ പെരേരയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ അകമ്പടിയോടെയാണ് മരതകദ്വീപുകാര്‍ എതിരാളിയുടെ തട്ടകത്തില്‍ വിജയം പിടിച്ചടക്കിയത്.

കുശാല്‍.... പെരേര മിന്നി; ശ്രീലങ്കയ്ക്ക് ജയം

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റിന്റെ ആവേശ ജയം. മധ്യനിര താരം കുശാല്‍ പെരേരയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ അകമ്പടിയോടെയാണ് മരതകദ്വീപുകാര്‍ എതിരാളിയുടെ തട്ടകത്തില്‍ വിജയം പിടിച്ചടക്കിയത്.

സ്കോര്‍: ദക്ഷിണാഫ്രിക്ക - 235 & 259, ശ്രീലങ്ക - 191 & 304/9.

ടോസ് നേടിയ ശ്രീലങ്ക ആദ്യം കയ്യിലെടുത്തത് പന്ത്. ലങ്കന്‍ നായകന്‍ കരുണരത്നെയുടെ തീരുമാനം ശരിവെക്കും വിധം സ്കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങും മുമ്പ് തന്നെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എല്‍ഗര്‍ പുറത്ത്. ഫെര്‍ണാണ്ടോയ്ക്കായിരുന്നു വിക്കറ്റ്. സ്റ്റമ്പിലേക്ക് മൂളിയെത്തിയ പന്തിനെ ചെറുക്കാനുള്ള ശ്രമം എല്‍ഗറെ ലങ്കന്‍ കീപ്പറുടെ കൈകളിലെത്തിച്ചു. സ്കോര്‍ ബോര്‍ഡ് രണ്ടക്കം കടക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍താരം ഹാശിം അംലയും വീണു. മൂന്നു റണ്‍സെടുത്ത അംല, ലക്മലിന്റെ പന്തില്‍ മെന്‍ഡിസിന് പിടികൊടുക്കുകയായിരുന്നു. പ്രതിരോധം തിരഞ്ഞെടുത്തെങ്കിലും ഓപ്പണര്‍ മര്‍ക്രാമും ഫെര്‍ണാണ്ടോയ്ക്കു മുന്നില്‍ കീഴടങ്ങി.

കുശാല്‍.... പെരേര മിന്നി; ശ്രീലങ്കയ്ക്ക് ജയം

മൂന്നു വിക്കറ്റ് നഷ്ടമായതോടെ ബവുമയും ഡുപ്ലിസിസും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഏറെക്കുറെ വിജയിച്ച രക്ഷാപ്രവര്‍ത്തനത്തിന് തടയിട്ടത് രജിതയായിരുന്നു. 35 റണ്‍സെടുത്ത ഡുപ്ലിസിസിനെ രജിത, കീപ്പറുടെ കൈകളില്‍ എത്തിച്ചു. അധികം വൈകാതെ ബവുമയും വീണുടഞ്ഞു. വിക്കറ്റിനിടയിലെ ഓട്ടം പിഴച്ചപ്പോള്‍ 47 റണ്‍സുമായി ബവുമയും കൂടാരത്തിലേക്ക് നടന്നുനീങ്ങി. പിന്നീട് ഡി കോക്കിനായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല. അത് ഭംഗിയായി കോക്ക് നിറവേറ്റുകയും ചെയ്തു. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നപ്പോള്‍ കോക്ക് തന്നാലാവുംവിധം റണ്‍സ് കണ്ടെത്തി. ഒടുവില്‍ 80 റണ്‍സുമായി കോക്കും വീണതോടെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 235 ല്‍ ഒതുങ്ങി.

പക്ഷേ മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. റണ്‍സ് കണ്ടെത്താതെ തിരിമാനെ കൂടാരത്തിലേക്ക് തിരിഞ്ഞു നടന്നിടത്തു നിന്നായിരുന്നു തകര്‍ച്ചയുടെ തുടക്കം. സ്റ്റെയിനും ഫിന്‍ലാന്‍ഡറും റബാദയുമൊക്കെ വിനാശകാരികളായി കളം നിറഞ്ഞതോടെ ലങ്കയ്ക്ക് അടിതെറ്റി. വിക്കറ്റുകള്‍ വേട്ടയാടിയെടുത്ത ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ ലങ്കയുടെ നട്ടെല്ലൊടിച്ചു. 51 റണ്‍സെടുത്ത പെരേരയ്ക്ക് മാത്രമാണ് പ്രതിരോധിക്കാനെങ്കിലും കഴിഞ്ഞത്. ഇതോടെ ലങ്കയുടെ ഒന്നാം ഇന്നിങ്സ് 191 ല്‍ അവസാനിച്ചു. 44 റണ്‍സിന്റെ ലീഡ് വഴങ്ങിയെങ്കിലും ലങ്ക തിരിച്ചടിച്ചു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സിന്റെ ഏറെക്കുറെ തനിയാവര്‍ത്തനം ആയിരുന്നു രണ്ടാം ഇന്നിങ്സും. എന്നാല്‍ അത്രത്തോളം തകര്‍ന്നടിയാന്‍ ദക്ഷിണാഫ്രിക്ക ഒരുക്കമായിരുന്നില്ല. 90 റണ്‍സെടുത്ത ഡുപ്ലിസിസും 55 റണ്‍സുമായി ഡി കോക്കും 35 റണ്‍സെടുത്ത എല്‍ഗറും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 259 റണ്‍സിന് രണ്ടാം ഇന്നിങ്സിന് തിരശീല വീണതോടെ ലങ്കയുടെ ലക്ഷ്യം 304 റണ്‍സായി കുറിക്കപ്പെട്ടു.

കുശാല്‍.... പെരേര മിന്നി; ശ്രീലങ്കയ്ക്ക് ജയം

തുടക്കം ഒന്നാം ഇന്നിങ്സ് പോലെ പാളിയെങ്കിലും പെരേരയും ഡി സില്‍വയും ചേര്‍ന്ന് ലങ്കയെ മുന്നോട്ട് നയിച്ചു. പെരേര കത്തിക്കയറിയപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനില്‍ക്കുക എന്നതായി സില്‍വയുടെ ചുമതല. ഇടയ്ക്ക് സില്‍വയും ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരെ അതിര്‍ത്തി കടത്തി. എന്നാല്‍ ലക്ഷ്യത്തിന് സെഞ്ച്വറിപ്പാടകലെ സില്‍വ(48) വീണതോടെ പെരേര അപകടം മണത്തു. പിന്നീടങ്ങോട്ട് വാലറ്റത്തെ കൂട്ടുപിടിച്ച് പെരേരയുടെ മിന്നലാക്രമണമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ പലവട്ടം അതിര്‍ത്തിക്ക് പുറത്ത് പറന്നിറങ്ങി. ഒടുവില്‍ പെരേരയുടെ ഒറ്റയാള്‍ പോരാട്ടം ലക്ഷ്യം കണ്ടു. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ പെരേര ലങ്കയെ വിജയതീരത്തെത്തിച്ചു. വിക്കറ്റ് നഷ്ടപ്പെടുത്താതെ 153 റണ്‍സാണ് പെരേര അടിച്ചുകൂട്ടിയത്.