LiveTV

Live

Cricket

തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമായി ഗപ്റ്റില്‍; ഉത്തരമില്ലാതെ ബംഗ്ലാദേശ്  

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ബംഗ്ലാദേശിന് തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി.

തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമായി ഗപ്റ്റില്‍; ഉത്തരമില്ലാതെ ബംഗ്ലാദേശ്  

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ബംഗ്ലാദേശിന് തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി. പരമ്പര ജയം, ഇന്ത്യയോട് ഏറ്റ പരമ്പര തോല്‍വിയിലുള്ള ആശ്വാസവുമായി കിവികള്‍ക്ക്. രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിന്റെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 227 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡ് 36.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ഗപ്റ്റിലാണ് ന്യൂസിലാന്‍ഡിന്റെ വിജയശില്‍പ്പി.

വീണ്ടും ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ബാറ്റ് ചലിച്ചപ്പോള്‍ കിവികള്‍ക്ക് ജയം എളുപ്പമായി. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ച്വറിയാണ്. ആദ്യ ഏകദിനത്തിലും ഗപ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നു. കരിയറിലെ പതിനാറാമത്തെ സെഞ്ച്വറിയാണ് ഗപ്റ്റില്‍ കുറിച്ചത്. ഇന്ത്യക്കെതിരെ ഗപ്റ്റിലിന് തിളങ്ങാനായിരുന്നില്ല. 88 പന്തില്‍ നിന്ന് പതിനാല് ഫോറും ആറ് സികസറും ഉള്‍പ്പെടെ 118 റണ്‍സാണ് ഗപ്റ്റില്‍ നേടിയത്. നായകന്‍ കെയിന്‍ വില്യംസണ്‍ 65 റണ്‍സുമായി പിന്തുണകൊടുത്തു. റോസ് ടെയ്‌ലറാണ്(20) തിളങ്ങിയ മറ്റൊരു ബാറ്റ്‌സ്മാന്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന്, 57 റണ്‍സെടുത്ത മുഹമ്മദ് മിഥുനാണ് തരക്കേടിലാത്ത സ്കോര്‍ സമ്മാനിച്ചത്. സാബിര്‍ റഹ്മാന്‍ 43 റണ്‍സെടുത്തു. ന്യൂസിലാന്‍ഡിനായി ലോക്കി ഫെര്‍ഗൂസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്നാമത്തെ മത്സരം ഈ മാസം 20ന് ഹാമില്‍ട്ടനില്‍ നടക്കും.