LiveTV

Live

Cricket

ഓസീസിനെതിരെ വീണ്ടും അങ്കത്തിനൊരുങ്ങി ഇന്ത്യ; കോഹ്‍ലി തിരിച്ചെത്തിയേക്കും

ഫെബ്രുവരി 24, 27 ദിവസങ്ങളിലാണ് ഇന്ത്യ-ഓസീസ് ടി20 മത്സരം തുടങ്ങുന്നത്. മാർച്ച് രണ്ടിന് ഏകദിന പരമ്പരക്ക് തുടക്കമാവും

ഓസീസിനെതിരെ വീണ്ടും അങ്കത്തിനൊരുങ്ങി ഇന്ത്യ; കോഹ്‍ലി തിരിച്ചെത്തിയേക്കും

ആസ്ത്രേലിയയെ അവരുടെ മടയിൽ പോയി വിറപ്പിച്ച് ചരിത്രം കുറിച്ച ഇന്ത്യ, ഒരിക്കൽ കൂടി കങ്കാരുക്കൾക്കെതിരെ പോരിനിറങ്ങുന്നു. മെയ് 30ന് ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ലോകകപ്പിനു മുന്നോടിയായി ടീമിനെ ചിട്ടപ്പെടുത്താനുള്ള അവസരമായി കണക്കാക്കുന്ന പരമ്പരയില്‍, ഓസീസിനെതിരെ രണ്ട് ടി20യും അഞ്ച് ഏകദിന മത്സരങ്ങളും കളിക്കും. പരമ്പരക്കുള്ള അന്തിമ ടീമിനെ നാളെ തെരഞ്ഞെടുക്കും.

ന്യൂസിലന്റ് പര്യടനത്തിനിടെ വിശ്രമം അനുവദിച്ച നായകൻ വിരാട് കോഹ്‍‍ലി ടീമിലേക്ക് തിരിച്ചെത്തുന്ന പരമ്പരയില്‍, മൂന്നാം ഓപ്പണർ സ്ഥാനത്തേക്ക് കെ.എൽ രാഹുലും തിരിച്ചെത്തിയേക്കും. ഇംഗ്ലണ്ട് ലയൺസിനെതിരെ ‘ഇന്ത്യൻ എ’ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ചതാണ് രാഹുലിന് നറുക്ക് വീഴാൻ കാരണം.

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ നിരയിലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തോ, ദിനേശ് കാർത്തികോ എന്ന് തീരുമാനിക്കുന്നതാവും ഓസീസ് പരമ്പര. ഇതിൽ സ്ഥിരത പുലർത്തുന്നവർ ലോകകപ്പ് സ്ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെടും. കോഹ്‍ലിക്ക് പകരമായി ന്യൂസിലന്റ് പര്യടനം നയിച്ച വെെസ് ക്യാപ്റ്റൻ രോഹിത്ത് ശർമക്ക് ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചപ്പോൾ, ഏകദിന മത്സരങ്ങൾക്കായി താരം തിരിച്ചെത്തും. 16 മുതൽ 17 പേരടങ്ങുന്ന ലോകകപ്പ് സ്ക്വാഡിലേക്കുള്ള 13 അംഗ ടീമിനെയാണ് സെലക്ടർമാർ നിലവിൽ തീരുമാനിച്ചിട്ടുള്ളത്.

ക്യാപ്റ്റൻ വിരാട് കോഹ്‍ലി, ശിഖർ ധവാൻ, രോഹിത്ത് ശർമ്മ, അംബാട്ടി റായിഡു, മഹേന്ദ്ര സിംഗ് ധോനി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, യുസ്‍വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി എന്നിവരുൾപ്പെടുന്ന സംഘമാണ് മെയ് 30ന് ലോകകപ്പിനായി പുറപ്പെടുന്ന ഇന്ത്യൻ ടീം. ഓസീസിനെതിരെയുള്ള പ്രകടനം തൃപ്തികരമാണെങ്കിൽ പേസർ ഖലീലും, രഞ്ജി താരം ജയദേവ് ഉനദ്കതും ടീമിനൊപ്പം ചേരും.

ഫെബ്രുവരി 24, 27 ദിവസങ്ങളിലാണ് ഇന്ത്യ-ഓസീസ് ടി20 മത്സരം തുടങ്ങുന്നത്. മാർച്ച് രണ്ടിന് ഏകദിന പരമ്പരക്ക് തുടക്കമാവും.