LiveTV

Live

Cricket

എക്കാലത്തേയും മികച്ച ഫീല്‍ഡര്‍ റെയ്‌നയെന്ന് ജോണ്ടി റോഡ്‌സ് 

റെയ്‌നയുടെ കളി കണ്ടു തുടങ്ങിയ കാലം മുതല്‍ താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്നും ജോണ്ടി തുറന്നു പറയുന്നു

എക്കാലത്തേയും മികച്ച ഫീല്‍ഡര്‍ റെയ്‌നയെന്ന് ജോണ്ടി റോഡ്‌സ് 

ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്‌സ് എന്ന് ആരും തര്‍ക്കമില്ലാതെ സമ്മതിക്കും. ആ ജോണ്ടിയുടെ മനംകവര്‍ന്ന ഫീല്‍ഡര്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്. നമ്മുടെ സ്വന്തം സുരേഷ് റെയ്‌ന. ക്രിക്കറ്റ് മൈതാനത്തെ റെയ്‌നയുടെ ഫീല്‍ഡിംങ് പ്രകടനങ്ങളുടെ ആരാധകനാണ് താനെന്നാണ് ജോണ്ടി റോഡ്‌സ് പറഞ്ഞിരിക്കുന്നത്.

ഐ.സി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ച് മികച്ച ഫീല്‍ഡര്‍മാരെ ജോണ്ടി റോഡ്‌സ് തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍ക്കിളിനകത്തും പുറത്തും ഒരുപോലെ ഫീല്‍ഡ് ചെയ്യുന്ന മൈതാനത്തിന്റെ ഏതറ്റത്തുനിന്നും വേഗത്തില്‍ കീപ്പറുടെ കൈകളില്‍ പന്തെത്തിക്കാന്‍ കഴിവുള്ള ആസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രു സൈമണ്ട്‌സിനെക്കുറിച്ചാണ് ആദ്യം പറയുന്നത്. ഫീല്‍ഡില്‍ എവിടെയും വിശ്വസിച്ച് നിര്‍ത്താമെന്നതാണ് സൈമണ്ട്‌സിന്റെ ഗുണമായി ജോണ്ടി ചൂണ്ടിക്കാണിക്കുന്നത്.

ദക്ഷിണാഫ്രിക്കക്കാരനും സഹതാരവുമായ ഹെര്‍ഷലെ ഗിബ്‌സാണ് രണ്ടാമത് വരുന്നത്. ദക്ഷിണാഫ്രിക്കക്കുവേണ്ടി 210 ക്യാച്ചുകളെടുത്തിട്ടുണ്ട് ഗിബ്‌സ്. തനിക്കൊപ്പം ബാക്ക് വേഡ് പോയിന്റില്‍ ഗിബ്‌സ് ഫീല്‍ഡ് ചെയ്തിരുന്ന കാലവും ജോണ്ടി ഓര്‍ക്കുന്നുണ്ട്. അപൂര്‍വ്വമായി മാത്രമേ ഇവര്‍ക്കിടയിലൂടെ പന്ത് ചോര്‍ന്നിരുന്നുള്ളൂ.

ഇംഗ്ലീഷുകാരന്‍ പോള്‍ കോളിംങ് വുഡും ഒരു ഗംഭീര ഫീല്‍ഡറാണെന്ന് ജോണ്ടി കൂട്ടിച്ചേര്‍ക്കുന്നു. ജോണ്ടിയുടെ സ്ഥിരം സ്ഥാനമായ ബാക്ക്‌വേഡ് പോയിന്റിലാണ് പോളും ഫീല്‍ഡ് ചെയ്തിരുന്നത്. മറ്റൊരു ദക്ഷിണാഫ്രിക്കക്കാരനാണ് എ.ബി ഡിവില്ലേഴ്‌സാണ് പട്ടികയിലെ മറ്റൊരാള്‍. ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിംങ് കോച്ചായിരുന്നപ്പോള്‍ ഡിവില്ലേഴ്‌സ് വിക്കറ്റ് കീപ്പറായി ഇറങ്ങുമ്പോള്‍ തനിക്ക് സമ്മര്‍ദം ഏറുമായിരുന്നുവെന്നും കാരണം ടീമിലെ ഒന്നാം നമ്പര്‍ ഫീല്‍ഡറായിരുന്നു ഡിവില്ലേഴ്‌സ് എന്നും ജോണ്ടി പറയുന്നു.

അവസാനമാണ് സുരേഷ് റെയ്‌നയെക്കുറിച്ച് ജോണ്ടി പറയുന്നത്. തനിക്കേറ്റവും പ്രിയം സുരേഷ് റെയ്‌നയോടാണെന്ന് ജോണ്ടി റോഡ്‌സ് തുറന്നു സമ്മതിക്കുന്നുണ്ട്. ഇന്ത്യയിലെ ചൂടേറിയ പുല്ലു കുറഞ്ഞ മൈതാനങ്ങളില്‍ ഡൈവിംങിനിടെ പരിക്ക് പറ്റാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ ഒരിക്കലും റെയ്‌ന സംശയിച്ചു നില്‍ക്കുന്നത് കണ്ടിട്ടില്ല. ശ്രമിച്ചാലല്ലേ സാധ്യമാകുമോ എന്നത് അറിയാനാകൂ എന്ന തന്റെ നയമാണ് റെയ്‌നയും പിന്തുടരാറെന്നും ജോണ്ടി പറയുന്നു. റെയ്‌നയുടെ കളി കണ്ടു തുടങ്ങിയ കാലം മുതല്‍ താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്നും ജോണ്ടി തുറന്നു പറയുന്നു.