LiveTV

Live

Cricket

ഋഷഭ് പന്ത് ഒരു ‘നല്ല തലവേദന’

‘’അയാള്‍ ഒരു നല്ല തലവേദനയാണ്. ടെസ്റ്റ്, ഏകദിന, ടി 20 മത്സരങ്ങളില്‍ പന്ത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നടത്തിയ പ്രകടനം ഗംഭീരമാണ്”

ഋഷഭ് പന്ത് ഒരു ‘നല്ല തലവേദന’

ഋഷഭ് പന്ത് ഒരു നല്ല തലവേദനയാണ്, എന്ന് പറഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദാണ്. ഐ.സി.സി ലോകകപ്പിന് മുന്നോടിയായി ടീമിനെ തെരഞ്ഞെടുക്കുന്നതിന് പ്രതിഭാ ധാരാളിത്തം തലവേദന സൃഷ്ടിക്കുന്നതിന്‍റെ സൂചനയാണ് പ്രസാദ് നല്‍കിയത്. ആസ്ട്രേലിയ ന്യൂസിലന്‍റ് പര്യടനങ്ങളില്‍ മികവ് തെളിയിച്ച യുവനിരയാണ് സെലക്ടര്‍മാര്‍ക്ക് നല്ല തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

"ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കാതിരിക്കാന്‍ കഴിയാത്ത താരമാണ് പന്ത്. അയാള്‍ ഒരു നല്ല തലവേദനയാണ്. ടെസ്റ്റ്, ഏകദിന, ടി 20 മത്സരങ്ങളില്‍ പന്ത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നടത്തിയ പ്രകടനം ഗംഭീരമാണ്. പന്തിന് അല്‍പം കൂടി പക്വത ആവശ്യമുണ്ടെന്നായിരുന്നു ഞങ്ങളുടെ വിലയിരുത്തല്‍. അതിനുവേണ്ടിയാണ് ഇന്ത്യ എയുടെ പരമ്പരയില്‍ അടക്കം അദ്ദേഹത്തെ കളിപ്പിച്ചത്" ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രസാദ്പറയുന്നു. പന്ത് പഴയ പന്തല്ലെന്നും ടീമിന് ആവശ്യമായ രീതിയിലേക്ക് പ്രകടനം നടത്താന്‍ പലപ്പോഴും പന്തിന് കഴിയുന്നുണ്ടെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

അജിങ്ക്യ രഹാനെയും മികച്ച ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റില്‍ രഹാനെ മികച്ചപ്രകടനമാണ് നടത്തുന്നത്. 11 മത്സരങ്ങളില്‍ നിന്നും 74.62 റണ്‍ ശരാശരിയില്‍ രഹാനെ 597 റണ്ണാണ് അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ ടീമിലെത്താനായി മത്സരിക്കുന്ന മറ്റൊരു താരം വിജയ് ശങ്കറാണ്. വിദേശ പിച്ചുകളില്‍ ആത്മവിശ്വാസത്തോടെ പന്തു വീശുന്ന വിജയ് ശങ്കറിനെയും സെലക്ടര്‍മാര്‍ക്ക് അവഗണിക്കാനാകില്ല. പരിചയസമ്പത്തിനൊപ്പം പുതുതലമുറയേയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീമിനെയായിരിക്കും തെരഞ്ഞെടുക്കുകയെന്ന സൂചനയും പ്രസാദ് നല്‍കി.