LiveTV

Live

Cricket

പ്രോ വോളിബോള്‍ ലീഗില്‍ കൊച്ചിയെ കെട്ടുകെട്ടിച്ച് കോഴിക്കോട്

മത്സരം വിജയിച്ചതോടെ ടൂണ്‍മെന്റിലെ സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി മാറാനും കാലിക്കറ്റിന് കഴിഞ്ഞു.

പ്രോ വോളിബോള്‍ ലീഗില്‍ കൊച്ചിയെ കെട്ടുകെട്ടിച്ച് കോഴിക്കോട്

പ്രോ വോളിയില്‍ കേരളത്തിന്റെ സ്വന്തം ടീമുകള്‍ തമ്മിന്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കാലിക്കറ്റ് ഹീറോസിന് വെറ്റ് വാഷ് വിജയം. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ എതിരില്ലാത്ത അഞ്ച് സെറ്റുകള്‍ക്കാണ് ഹീറോസ് പരാജയപ്പെടുത്തിയത്. മത്സരം വിജയിച്ചതോടെ ടൂണ്‍മെന്റിലെ സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി മാറാനും കാലിക്കറ്റിന് കഴിഞ്ഞു.

പ്രോവോളിയിലെ കേരള ഡര്‍ബിയെന്നാണ് മത്സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ കാലിക്കറ്റ് ഹീറോസ് കൊച്ചി ബ്ലൂ സ്‌പൈക്കേര്‍സ് മാച്ചിന് പേരു വീണത്. വീറും വാശിയും നിറഞ്ഞ മത്സരം പ്രതീക്ഷിച്ച് കാണികളും ആവേശത്തോടെ തന്നെയാണ് സ്‌റ്റേഡിയത്തിലെത്തിയത്. എന്നാല്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ നേടി ടൂര്‍ണമെന്റില്‍ ആദ്യമായി സെമിയിലെത്തുകയും പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്ത കൊച്ചിയുടെ ചിറക് കോഴിക്കോടുകാര്‍ അരിഞ്ഞ് വീഴ്ത്തുന്ന കാഴ്ചയാണ് മത്സരത്തില്‍ കാണാനായത്.

What a way to clinch the 5th set and ensure a bonus point in the first ever #KeralaDerby! #Chembada #ThrillKaCall #RupayPVL Calicut Heroes

Posted by Pro Volleyball League on Saturday, February 9, 2019

ആദ്യ സെറ്റിലെ ആദ്യ പോയിന്റ് സ്വന്തമാക്കി തുടങ്ങിയ മേധാവിത്വം മത്സരത്തിന്റെ അവസാനം വരെ കാലിക്കറ്റ് ഹീറോസ് നിലനിര്‍ത്തുകയായിരുന്നു. മറുവശത്ത് സമ്മര്‍ദത്തില്‍ അടിപ്പെട്ട് സേപൈക്കേര്‍സ് അടിമുടി തകര്‍ന്നടിഞ്ഞു. നായകന്‍ ജെറോം വിനീത് തന്നെ മുന്നില്‍ പട നയിച്ചപ്പോള്‍ ലീഗിലെ ആദ്യ വൈറ്റ് വാഷ് വിക്ടറി എന്ന അഭിമാന വിജയമാണ് കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയത്.

ഒന്നും രണ്ടും സെറ്റുകള്‍ നിഷ്പ്രയാസം ഹീറോസ് നേടിയപ്പോള്‍ കൊച്ചിയുടെ ശക്തമായ തിരിച്ചുവരവിനാണ് മൂന്നാം സെറ്റ് സാക്ഷ്യം വഹിച്ചതെങിലും ആ സെറ്റിലും അവര്‍ പരാജയപ്പെട്ടു. അടുത്ത രണ്ട് സെറ്റുകളും ആധികാരികമായി തന്നെ ജയിച്ച് ബോണസ് പോയിന്റോടെയാണ് കാലിക്കറ്റ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. നായകന്‍ ജെറോം വിനീതും ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച പോള്‍ ലോട്മാനുമാണ് ഹീറോസിന്റെ വിജയശില്‍പികള്‍.