LiveTV

Live

Cricket

ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടം ഇനി ഇന്ത്യയുടെ ‘ഹിറ്റ് മാന്’ സ്വന്തം

ന്യൂസിലന്‍റ് ബാറ്റ്സ്മാന്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ പിന്‍തള്ളി ക്രിക്കറ്റിന്‍റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരമായി രോഹിത് മാറി

ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടം ഇനി ഇന്ത്യയുടെ ‘ഹിറ്റ് മാന്’ സ്വന്തം

ന്യൂസിലന്‍റിനെതിരായ രണ്ടാം ടി-20 മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടങ്ങളിലേക്കാണ് ഇന്ത്യയുടെ ‘ഹിറ്റ് മാന്‍’ രോഹിത് ശര്‍മ്മ തന്‍റെ മികച്ച ഇന്നിങ്സിലൂടെ കാലെടുത്തു വച്ചത്. ന്യൂസിലന്‍റ് ബാറ്റ്സ്മാന്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ പിന്‍തള്ളി ക്രിക്കറ്റിന്‍റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരമായി രോഹിത് മാറി. 2288 റണ്‍സ് നേടിയ രോഹിത് 2272 റണ്‍സുള്ള ഗപ്ടിലിന്‍റെ റെക്കോഡ് കിവികള്‍ക്കെതിരെ തന്നെ നേടിയെടുത്തു. 29 പന്തുകളില്‍ 50 റണ്‍സ് നേടിക്കൊണ്ട് തന്‍റെ കരിയറിലെ ഇരുപതാമത്തെ 50+ സ്കോര്‍ നേടിയതോടെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 50ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായും രോഹിത് മാറി. 19 തവണ ആ നേട്ടം കൈവരിച്ച വിരാട് കോഹ്‍ലിയെയാണ് രോഹിത് മറികടന്നത്. 100 ടി-20 സിക്സറുകള്‍ നേടുന്ന മൂന്നാമത്തെ താരമായും രോഹിത് മാറി. 102 സിക്സറുകള്‍ പറത്തിയ ഹിറ്റ് മാന് മുകളില്‍ 103 സിക്സറുകളുമായി ക്രിസ് ഗെയിലും മാര്‍ട്ടിന്‍ ഗപ്ടിലും മാത്രമാണുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളടിച്ച താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാം സ്ഥാനത്താണ്. 476 സിക്സറുകളടിച്ച ക്രിസ്സ് ഗെയിലും ഷാഹിദ് അഫ്രീദിയും ഒന്നാം സ്ഥാനം പങ്കിടുമ്പോള്‍ 398 സിക്സറുകളോടെ മക്കല്ലവും 352 സിക്സറുകളോടെ സനത് ജയസൂര്യയുമാണ് രോഹിതിന് മുന്നിലുള്ളത്. രോഹിത്തിന്‍റെ 349 സിക്സുകള്‍ എന്ന കണക്ക് ധോണിയെ പിന്‍തള്ളി ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യന്‍ താരം എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമാക്കാന്‍ സഹായിച്ചു. 50 റണ്‍സില്‍ പുറത്തായെങ്കിലും 159 റണ്‍സ് പിന്‍തുടരുന്ന തന്‍റെ ടീമിന് നായകന്‍ എന്ന നിലയില്‍ മികച്ചൊരു പാത തുറന്നിട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.