LiveTV

Live

Cricket

ടി20, തിരിച്ചടിച്ച് ടീം ഇന്ത്യ 

അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരും ബാറ്റിംങില്‍ മുന്നില്‍ നിന്നു നയിച്ച രോഹിത് ശര്‍മ്മയുമാണ്(50) ഇന്ത്യയുടെ വിജയശില്‍പികള്‍.

ടി20, തിരിച്ചടിച്ച് ടീം ഇന്ത്യ 

പിഴവുകളില്‍ നിന്നും പാഠം പഠിച്ച് രണ്ടാം ടി20യില്‍ ന്യൂസിലന്റിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ടീം ഇന്ത്യയുടെ തിരിച്ചുവരവ്. ഏഴ് പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ ജയം. അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരും ബാറ്റിംങില്‍ മുന്നില്‍ നിന്നു നയിച്ച രോഹിത് ശര്‍മ്മയുമാണ്(50) ഇന്ത്യയുടെ വിജയശില്‍പികള്‍. ഇന്ത്യക്കുവേണ്ടി ക്രുണാല്‍ പാണ്ഡ്യ മൂന്നും ഖലീല്‍ അഹ്മദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം മത്സരം ജയിച്ചതോടെ മൂന്ന് മത്സര ടി20 പരമ്പരയില്‍ ഇന്ത്യ 1-1ന് ന്യൂസിലന്റിനൊപ്പമെത്തി.

സ്‌കോര്‍: ന്യൂസിലന്റ് 158/8(20 ഓ.) ഇന്ത്യ 162/3(18.5 ഓ.)

Also read: വനിതാ ടി20: ഇന്ത്യയെ അവസാന പന്തില്‍ തോല്‍പിച്ച് ന്യൂസിലന്‍റ്

താരതമ്യേന ചെറിയ സ്‌കോറിനെ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ കരുത്തായത് രോഹിത് ശര്‍മ്മയുടെ ബാറ്റിംങായിരുന്നു. രണ്ടാം പന്തു മുതല്‍ തന്നെ ശര്‍മ്മയുടെ ബാറ്റില്‍ നിന്നും ബൗണ്ടറികളുടെ വരവു തുടങ്ങി. തുടര്‍ച്ചയായി സുന്ദരമായ പുള്‍ ഷോട്ടുകളിലൂടെ രോഹിത് സ്വതസിദ്ധമായ ശൈലിയില്‍ ബൗണ്ടറികളും സിക്‌സറുകളും പറത്തി. ഒടുവില്‍ ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ സോധിയെ പുള്‍ ഷോട്ടിനു തന്നെ ശ്രമിച്ച് സൗത്തിക്ക് കാച്ച് നല്‍കി പുറത്താകുമ്പോഴേക്ക് രോഹിത് ആറ് സിക്‌സറും മൂന്ന് ഫോറും അടക്കം 50 റണ്‍ പൂര്‍ത്തിയാക്കിയിരുന്നു.

വൈകാതെ 31 പന്തില്‍ 30 റണ്ണെടുത്ത് ധവാനും മടങ്ങി. ഒരു സിക്‌സും ഒരു ഫോറും നേടിയ ശേഷം കൂറ്റനടിക്ക് മുതിര്‍ന്ന വിജയ് ശങ്കര്‍(14) മിച്ചലിന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ സൗത്തിക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ പന്തും(40*) ധോണിയും(20*) ക്രീസില്‍ ഉറച്ചു നിന്നതോടെ ഇന്ത്യ 18.5 ഓവറില്‍ ഇന്ത്യ വിജയത്തിലെത്തി.

ടി20, തിരിച്ചടിച്ച് ടീം ഇന്ത്യ 

നേരത്തെ ടോസ് നേടി ബാറ്റിംങിനിറങ്ങിയ കിവീസ് ഓക്‌ലന്‍ഡിലെ ബാറ്റിംങ് പിച്ചില്‍ കൂറ്റന്‍സ്‌കോറായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തികഞ്ഞ അച്ചടക്കത്തില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ ആ ലക്ഷ്യം തുടക്കത്തിലേ തകര്‍ത്തു. ഭുവനേശ്വര്‍ കുമാനിനായിരുന്നു ആദ്യ വിക്കറ്റ്. കളിയുടെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഓപണര്‍ ടിം സെയ്‌ഫേര്‍ട്ട്(12) കീപ്പര്‍ ധോണിയുടെ കൈകളില്‍. ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ ആറാം ഓവറാണ് പിന്നീട് ഇന്ത്യക്ക് നിര്‍ണ്ണായകമായത്. കോളിന്‍ മണ്‍റോ(12)യേയും മിച്ചലിനേയും(1) പാണ്ഡ്യ പുറത്താക്കി. ഇതിനിടെ മിച്ചലിന്റെ ബാറ്റിലുരഞ്ഞാണ് പാഡില്‍ തട്ടിയതെന്ന സൂചനകള്‍ മൈതാനത്ത് ചില ആശയക്കുഴപ്പങ്ങള്‍ക്കുമിടയാക്കി.

ക്രുണാല്‍ കെയ്ന്‍ വില്യംസണെ(20) കൂടി പുറത്താക്കിയതോടെ കിവീസ് അപകടനിലയിലായി. എന്നാല്‍ അതിവേഗ അര്‍ധ സെഞ്ചുറി നേടിയ ഗ്രാന്‍ഡ്‌ഹോമും(50) റോസ് ടെയ്‌ലറും(42) ചേര്‍ന്ന് ന്യൂസിലന്റിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുകയായിരുന്നു. പത്താം ഓവര്‍ മുതലാണ് ഗ്രാന്‍ഡ്‌ഹോം അടി തുടങ്ങിയത്. സ്പിന്നര്‍മാരായിരുന്നു ഗ്രാന്‍ഡ്‌ഹോമിന്റെ പ്രധാന ഇരകള്‍.

രണ്ട് ഓവറില്‍ പത്തു റണ്‍സ് മാത്രം വിട്ടുകൊടുത്ത ചാഹലിന്റെ മൂന്നാം ഓവറില്‍ പിറന്നത് 19 റണ്‍. അതില്‍ ഗ്രാന്‍ഡ്‌ഹോമിന്റെ വക രണ്ട് സിക്‌സും ഒരു ഫോറും. തൊട്ടടുത്ത ക്രുണാല്‍ പാണ്ഡ്യയുടെ ഓവറിലും രണ്ട് സിക്‌സറുകള്‍ ഗ്രാന്‍ഡ്‌ഹോം പറത്തി. ഒടുവില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഗ്രാന്‍ഡ്‌ഹോമിനെ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ച് ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ബ്രേക്ക് നല്‍കിയത്. ഒരു ഫോറും നാല് സിക്‌സറും ഗ്രാന്‍ഡ്‌ഹോം പറത്തി.

അവസാന ഓവറുകളിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഗ്രാന്‍ഡ്‌ഹോമിന്റെ പുറത്താകലാണ് കിവീസ് ഇന്നിംങ്‌സില്‍ നിര്‍ണ്ണായകമായത്. പിന്നീട് 4.2 ഓവറില്‍ 31 റണ്‍സെടുക്കാന്‍ മാത്രമേ ന്യൂസിലന്റിനായുള്ളൂ. മൂന്ന് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഈ ഓവറുകളിലാകെ പിറന്നത് ഒരൊറ്റ ബൗണ്ടറിയായിരുന്നു. റണ്‍റേറ്റാകട്ടെ വെറും 7.2 റണ്‍സും. അവസാന ഓവറെറിഞ്ഞ ഖലീല്‍ ഖലീല്‍ അഹ്മദ് അഞ്ച് റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

മൂന്ന് നിര്‍ണ്ണായക കിവീസ് വിക്കറ്റുകള്‍ നേടിയ ക്രുണാല്‍ പാണ്ഡ്യയാണ് കളിയിലെ താരം. ഞായറാഴ്ച്ച ഹാമില്‍ട്ടണിലാണ് പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം ടി20 മത്സരം.