വിലക്ക് തീര്‍ന്നാലും സ്മിത്തും വാര്‍ണറും ടീമിലെത്തുന്നത് വൈകും
അടുത്ത മാസം(മാര്‍ച്ച് 29)ആണ് ഇരുവര്ക്കുമേര്പ്പെടുത്തിയ വിലക്ക് അവസാനിക്കുക. ഒരു വര്‍ഷത്തേക്കായിരുന്നു സസ്പെന്ഷന്.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ആസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത് ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ വിലക്ക് അവസാനിച്ചാലും ടീമിലെത്താന്‍ വൈകും. അടുത്ത മാസം(മാര്‍ച്ച് 29)ആണ് ഇരുവര്ക്കുമേര്പ്പെടുത്തിയ വിലക്ക് അവസാനിക്കുക. ഒരു വര്‍ഷത്തേക്കായിരുന്നു സസ്പെന്ഷന്. വിലക്ക് തീരുന്ന മുറക്ക് ഇവര്‍ ടീമിലെത്താന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കാണ് കാരണമായി പറയുന്നത്. സ്മിത്തിന്റെ കൈമുട്ടിനാണ് പരിക്ക്. ശസ്ത്രക്രിയ വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുണ്ട്.

പരിക്കും എത്രത്തോളം കളിക്കാനാവും എന്നതിനെ ആശ്രയിച്ചിരിക്കും ഇവരുടെ മടങ്ങിവരവ് എന്നാണ് പരിശീലകനും മുന്‍ ആസ്ട്രേലിയന്‍ താരവുമായ ജസ്റ്റിന് ലാംഗര്‍ പറയുന്നത്. ആഷസ്, ലോകകപ്പ് ടീമുകളെ സജ്ജീകരിക്കേണ്ട ചുമതല ലാംഗറിനാണ്. ടീമിലേക്ക് എത്തുന്നതിന് മുമ്പ് ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്, അത് നടത്തിപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിറ്റ്നസും ഫോമും തെളിയിച്ചാലെ ടീമിലേക്ക് വഴിതെളിയൂ എന്ന് വ്യക്തമാകുന്നതാണ് ലാംഗറിന്റെ വാക്കുകള്‍.
അതേസമയം ഇരുവരെയും തള്ളിക്കളയാനും ലാംഗര്‍ തയ്യാറാകുന്നില്ല. മികച്ച ബാറ്റ്സ്മാന്മാരാണ് ഇരുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്ലിലുള്‍പ്പെടെ കളിച്ച് ഫിറ്റ്നസ് വീണ്ടെടുത്താല്‍ ലോകകപ്പില്‍ ആസ്ട്രേലിയന്‍ നിരയില്‍ ഇരുവരുമുണ്ടാവും. അതിന് മുമ്പ് നടക്കുന്ന ആസ്ട്രേലിയയുടെ മത്സരത്തിലേക്ക് ഇരുവരും എത്താന്‍ സാധ്യതയില്ല. യുഎഇയില്‍ പാകിസ്താനെതിരെ ആസ്ട്രേലിയക്ക് ഏകദിന പരമ്പരയുണ്ട്.