LiveTV

Live

Cricket

മാന്‍ ഓഫ്ദമാച്ച്; ഇത്തവണ ഫീല്‍ഡിങിനല്ല, ബാറ്റിങില്‍: വീണ്ടും ‘കില്ലര്‍ മില്ലര്‍‘ 

പാകിസ്താനെതിരായ രണ്ടാം ടി20യില്‍ ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. 

മാന്‍ ഓഫ്ദമാച്ച്; ഇത്തവണ ഫീല്‍ഡിങിനല്ല, ബാറ്റിങില്‍: വീണ്ടും ‘കില്ലര്‍ മില്ലര്‍‘ 

പാകിസ്താനെതിരായ ആദ്യ ടി20യില്‍ ഫീല്‍ഡിങ് മികവിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ കളിയിലെ താരമായി തെരഞ്ഞെടുത്തതെങ്കില്‍ രണ്ടാം ടി20യില്‍ കേമന്‍പട്ടം ലഭിച്ചത് തകര്‍പ്പന്‍ ബാറ്റിങിന്‍റെ പേരില്‍. 65 റണ്‍സാണ് മില്ലര്‍ നേടിയത്. അതേസമയം ഏഴ് റണ്‍സിനായിരുന്നു രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയുടെ ജയം. ഇതോടെ ടി20 പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത് 189 എന്ന വിജയലക്ഷ്യം. എന്നാല്‍ പാകിസ്താന് 181 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

29 പന്തില്‍ നിന്നാണ് മില്ലര്‍ 65 റണ്‍സ് അടിച്ചെടുത്തത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ നായകന്‍ കൂടിയായിരുന്നു മില്ലര്‍. അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു മില്ലറുടെ ഇന്നിങ്‌സ്. മില്ലറിനെ പുറത്താക്കാന്‍ പാക് ബൗളര്‍മാര്‍ക്കായതുമില്ല. 224.14 ആയിരുന്നു മില്ലറുടെ സ്‌ട്രേക്ക് റേറ്റ്. ഇതില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ നോബോള്‍ റണ്‍ ഉള്‍പ്പെടെ 29 റണ്‍സാണ് പിറന്നത്. ഇതില്‍ 28 റണ്‍സും വന്നത് മില്ലറുടെ ബാറ്റില്‍ നിന്നായിരുന്നു. അവസാന ഓവറില്‍ മാത്രം പിറന്നത് മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളും. ഉസ്മാന്‍ ഷെന്‍വാരിയായിരുന്നു ബൗളര്‍.

എന്നാല്‍ ആദ്യ ടി20യില്‍ ബാറ്റിങില്‍ തിളങ്ങാന്‍ മില്ലറിനായിരുന്നില്ല. ഫീല്‍ഡിങിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പേരില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാല് ക്യാച്ചുകളും രണ്ട് റണ്‍ ഔട്ടുകളുമാണ്(അതും ഡയരക്ട് ത്രോ) മില്ലറിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയിരുന്നത്. അതോടെ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയ ഫീല്‍ഡര്‍ എന്ന റെക്കോര്‍ഡും മില്ലര്‍ സ്വന്തം പേരിലാക്കിയിരുന്നു.

Also read: റണ്‍സില്ല, വിക്കറ്റില്ല എന്നിട്ടും മാന്‍ ഓഫ് ദ മാച്ച്; റെക്കോര്‍ഡ് പ്രകടനവുമായി മില്ലര്‍