ഹോള്ഡറിനെതിരായ നടപടി; ഐ.സി.സിക്കെതിരെ ക്രിക്കറ്റ് ലോകം
മൂന്ന് ദിവസത്തിനിടെ അവസാനിച്ച ടെസ്റ്റ് മത്സരത്തിനാണ് ഹോൾഡറിനു മേൽ ഐ.സി.സി കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷ വിധിച്ചത്

കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ വെസ്റ്റ് ഇൻഡീസ് നായകന് മത്സരത്തിൽ നിന്ന് വിലക്ക് വിധിച്ച ഐ.സി.സിയുടെ നടപടിക്കെതിരെ ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് വിൻഡീസ് നായകൻ ജെയ്സൺ ഹോള്‍ഡറിന് വിനയായത്. എന്നാൽ ഐ.സി.സിയുടെ നടപടി അതിരു വിട്ടതായിപ്പോയെന്നാണ് മുൻ താരങ്ങളും കോച്ചുമാരുമുൾപ്പടെയുള്ളവർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

മൂന്ന് ദിവസത്തിനിടെ അവസാനിച്ച ടെസ്റ്റ് മത്സരത്തിനാണ് ഹോൾഡറിനു മേൽ ഐ.സി.സി കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷ വിധിച്ചത്. ബാറ്റ് കൊണ്ടും ബോളു കൊണ്ടും തിളങ്ങി ടീമിനെ മുന്നിൽ നിന്ന് നയിച്ച ഹോൾഡറാണ് മൂന്നിൽ രണ്ട് മത്സരങ്ങളും ജയിപ്പിച്ച് പരമ്പര നേടുന്നതിൽ ചുക്കാൻ പിടിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 202 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിൻഡീസ് നായകൻ, രണ്ട് വിക്കറ്റെടുത്ത് ബൗളിങ്ങിലും തിളങ്ങിയിരുന്നു. തുടർന്നുള്ള രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റുകൾ വീഴ്ത്തി ടീമിന് ബ്രേക്ക് ത്രൂ നൽകുകയുമുണ്ടായി. 10 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് പരമ്പര സ്വന്തമാക്കുന്നത്.

വിധി പരിഹാസപരമാണെന്നാണ് പലരും പറഞ്ഞത്. വിധിക്കെതിരെ അപ്പീലിന് പോകണമെന്ന് സ്പിൻ ഇതിഹാസം ഷെയൻ വോൺ പറഞ്ഞു. മികച്ച കളി പുറത്തെടുത്ത് പരമ്പര സ്വന്തമാക്കിയതിന് വെസ്റ്റിൻഡീസിനെ പ്രശംസിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിധികൾ ടെസ്റ്റ് ക്രിക്കറ്റിനെ സഹായിക്കാനാണോ എന്ന് വ്യക്തമാക്കണമെന്ന് ടോം മൂഡി പറഞ്ഞു.