LiveTV

Live

Cricket

2019 ലോകകപ്പ്: ധോണി ഇന്ത്യക്ക് അവിഭാജ്യമോ അമിതഭാരമോ?

കഴിഞ്ഞുപോയ കാലയളവില്‍ അദ്ദേഹത്തിന്‍റെ ആക്രമണ ബാറ്റിങ് ശൈലിയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കളിയെക്കുറിച്ചുള്ള വലിയ അറിവ് അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്

2019 ലോകകപ്പ്: ധോണി ഇന്ത്യക്ക് അവിഭാജ്യമോ അമിതഭാരമോ?

നായകന്‍ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മനോഹരമായ ചില നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മഹേന്ദ്രസിങ് ധോണി. 2007ല്‍ ടി-20 ലോകകപ്പും 2011ല്‍ ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിത്തന്ന നായകനാണ് അദ്ദേഹം. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് ശേഷം 10000 റണ്‍സ് തികക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. കൂടാതെ വിക്കറ്റ് കീപ്പിങിലും ചരിത്രം സൃഷ്ടിച്ചിട്ടുള്ള താരം തീര്‍ച്ചയായും ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാള്‍ തന്നെയാണ്.

2019 ലോകകപ്പ്: ധോണി ഇന്ത്യക്ക് അവിഭാജ്യമോ അമിതഭാരമോ?

സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ മൂലം വിമര്‍ശകരുടെ ഇരയാവുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍. എന്നാല്‍, അവരുടെയെല്ലാം വായടപ്പിച്ചുകൊണ്ട് ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് തന്‍റെ ടിക്കറ്റ് അദ്ദേഹം ബുക്ക് ചെയ്തു കഴിഞ്ഞു. പക്ഷെ, ഇത് പല ചോദ്യങ്ങള്‍ക്കും വഴി വക്കുന്നു. ധോണി ഇന്ത്യന്‍ ടീമിന് ഇന്നുമൊരു മുതല്‍ക്കൂട്ടാണോ അതോ പഴയ വികാരങ്ങളില്‍ പടുത്തുയര്‍ത്തിയ ധോണി പ്രഭാവം 2019 ലോകകപ്പില്‍ ടീമിന് ഒരു അമിതഭാരമായി മാറുമോ?

2019 ലോകകപ്പ്: ധോണി ഇന്ത്യക്ക് അവിഭാജ്യമോ അമിതഭാരമോ?

വയസിന്‍റെ പരിമിതിയുള്ളതിനാല്‍ പഴയ പോലെ തുടക്കം മുതല്‍ നല്ല രീതിയില്‍ പന്തിനെ പ്രഹരിക്കാന്‍ ധോണിക്കാവുന്നില്ല. ക്രീസില്‍ കുറച്ച് നേരം നിന്ന് താളം കണ്ടെത്തിയതിന് ശേഷം മാത്രമാണ് ധോണി വലിയ ഷോട്ടുകള്‍ കളിക്കുന്നത്. ഇത് കളിയുടെ രണ്ടാം പകുതിയില്‍ റണ്‍ ശരാശരിയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് മറുഭാഗത്തുള്ള ബാറ്റ്സ്മാനെ വലിയ ഷോട്ടുകള്‍ കളിക്കാനായി സമ്മര്‍ദ്ദം ചെലുത്തുകയും അനാവശ്യമായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്താന്‍ കാരണമാവുകയും ചെയ്യുന്നു. ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോഴും പഴയ ഹെലിക്കോപ്റ്റര്‍ ഷോട്ടുകള്‍ ഗാലറികളിലേക്ക് പറക്കുന്നത് വിരളമായിരിക്കുന്നു. ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും നല്ല ഫിനിഷറായിരുന്ന ധോണി ഇന്ന് ടീമിനെ വിജയത്തിലെത്തിക്കാന്‍ പെടാപാടു പെടുകയാണ്.

2019 ലോകകപ്പ്: ധോണി ഇന്ത്യക്ക് അവിഭാജ്യമോ അമിതഭാരമോ?

ഇതിനൊരു മറുപുറവുമുണ്ട്. വലിയ പരമ്പരകള്‍ വിജയിക്കുക എന്നത് കളിക്കാരുടെ ഫോമിനെ മാത്രം ആശ്രയിച്ചിട്ടുള്ളതല്ല. സമ്മര്‍ദ്ദങ്ങളെ പക്വമായ രീതിയില്‍ നേരിടുക എന്നതും വലിയ കാര്യമാണ്. ഇത് ധോണിയുടെ വലിയ കഴിവുകളില്‍ ഒന്നാണ്. 15 വര്‍ഷത്തെ നീണ്ട പരിചയസമ്പത്ത് 2019ല്‍ ഇന്ത്യക്ക് മുതല്‍കൂട്ടാവും എന്നതില്‍ തര്‍ക്കമില്ല. മറു ഭാഗത്തുള്ള ബാറ്റ്സ്മാന് കളിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി ഓടി റണ്ണുകള്‍ നേടി എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന കളിശൈലി ഇന്ത്യന്‍ മധ്യനിരക്ക് ശക്തി പകരും. അത് കൂടാതെ ലോകത്തിലെ ഏറ്റവും നല്ല കീപ്പറുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും വലിയ ശക്തി തന്നെയാണ്. സാങ്കേതികമായ കഴിവുകള്‍ മാത്രമല്ല, സ്റ്റംപിന് പുറകില്‍ നിന്നുകൊണ്ട് ബൌളര്‍മാര്‍ക്ക് അദ്ദേഹം നല്‍കുന്ന ഉപദേശങ്ങള്‍ പലപ്പോഴും ടീമിന് വിക്കറ്റുകള്‍ നേടിത്തരുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

2019 ലോകകപ്പ്: ധോണി ഇന്ത്യക്ക് അവിഭാജ്യമോ അമിതഭാരമോ?

തീര്‍ച്ചയായും ധോണി പഴയ ധോണിയല്ല. കഴിഞ്ഞു പോയ കാലയളവില്‍ അദ്ദേഹത്തിന്‍റെ ആക്രമണ ബാറ്റിങ് ശൈലിയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കളിയെക്കുറിച്ചുള്ള അപാരമായ അറിവ് അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. എതിരാളികളെ തച്ചുടക്കുന്ന കളിരീതിയില്‍ നിന്നും മാറി വ്യക്തമായ ദിശാബോധം കൊണ്ട് കളി കൈപ്പിടിയിലൊതുക്കുന്ന പക്വത അദ്ദേഹം കൈവരിച്ചുകഴിഞ്ഞു. ആയതിനാല്‍, ധോണി എന്ന ഇതിഹാസത്തെ കേവലം റണ്ണിന്‍റെയും ശരാശരിയുടെയും മാനദണ്ഡത്തില്‍ വിലയിരുത്തുക അസാധ്യമാണ്. ക്രിക്കറ്റ് എന്നത് അതിനേക്കാള്‍ എത്രയോ വലിയ കാര്യങ്ങള്‍ അവിഭാജ്യ ഘടകമാവുന്ന കളിയാണ്. അതുകൊണ്ട് 2019 ലോകകപ്പില്‍ ധോണി ഇന്ത്യന്‍ ടീമിന് വിലമതിക്കാത്ത ശക്തിയാണെന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല.