LiveTV

Live

Cricket

സ്മൃതി മന്ദാനയും മിതാലിയും തിളങ്ങി, ന്യൂസിലന്റില്‍ വീണ്ടും ഇന്ത്യക്ക് പരമ്പര നേട്ടം

86 പന്തുകള്‍ ശേഷിക്കെ കിടിലം ജയവുമായി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം  

സ്മൃതി മന്ദാനയും മിതാലിയും തിളങ്ങി, ന്യൂസിലന്റില്‍ വീണ്ടും ഇന്ത്യക്ക് പരമ്പര നേട്ടം

കോഹ്‌ലി പടക്ക് പിന്നാലെ ഇന്ത്യന്‍ വനിതാ ടീമിനും ന്യൂസിലന്റില്‍ പരമ്പര നേട്ടം. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ഇന്ത്യന്‍ വനിതകള്‍ പരമ്പര സ്വന്തമാക്കിയത്. അര്‍ധസെഞ്ചുറി നേടിയ സ്മൃതി മന്ദാനയും മിതാലി രാജുമാണ് കളിയില്‍ തിളങ്ങിയത്.

സ്‌കോര്‍: ന്യൂസിലന്റ് 161 ഓള്‍ഔട്ട് (44.2 ഓവര്‍), ഇന്ത്യ 166/2(35.2 ഓവര്‍)

ഓപ്പണര്‍ സ്മൃതി മന്ദാന (90*), ക്യാപ്റ്റന്‍ മിതാലി രാജ് (63*) എന്നിവരാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. 82 പന്തുകളില്‍ നിന്നായിരുന്നു മന്ദാന, 13 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 90 റണ്‍സ് നേടിയത്. മന്ദാനയുടെ അതിവേഗ ഇന്നിംങ്‌സായിരുന്നെങ്കില്‍ കണക്കുകൂട്ടിയുള്ള ബാറ്റിംങായിരുന്നു ക്യാപ്റ്റന്‍ മിതാലി രാജിന്റേത്. 111 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം മിതാലി 63 റണ്‍സ് നേടി. കിവീസിന് വേണ്ടി അന്ന പാറ്റേഴ്‌സണ്‍, ലിയ തഹുഹു എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിനുവേണ്ടി ക്യാപ്റ്റന്‍ ആമി സാറ്റര്‍ത്‌വൈറ്റ് മാത്രമാണ് തിളങ്ങിയത്. 87 പന്തില്‍ ഒന്‍പതു ബൗണ്ടറി സഹിതം 71 റണ്‍സാണ് ആമി നേടിയത്. ഇന്ത്യയ്ക്കായി ജുലന്‍ ഗോസ്വാമി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മ, പൂനം യാദവ്, ഏക്താ ബിഷ്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

പരമ്പരയിലെ മൂന്നാം മല്‍സരം ഫെബ്രുവരി ഒന്നിന് ഹാമില്‍ട്ടണില്‍ നടക്കും.