അമ്പാട്ടി റായുഡു ബൗള്‍ ചെയ്യേണ്ടെന്ന് ഐ.സി.സി; സസ്പെന്ഷന്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പന്തെറിയുന്നതിന് ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവിന് ഐ.സി.സി.യുടെ വിലക്ക്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പന്തെറിയുന്നതിന് ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവിന് ഐ.സി.സി.യുടെ വിലക്ക്. ബൗളിങ് ആക്ഷനിലെ പിഴവിനെ തുടര്‍ന്ന് പരിശോധനക്ക് ഹാജരാകാന്‍ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചതിനെ തുടര്‍ന്നാണ് വിലക്കിയത്. പരിശോധനക്ക് ഹാജരാകുന്നത് വരെ വിലക്ക് തുടരും. ജനുവരിയില്‍ ആസ്ട്രേലിയക്കെ തിരെ നടന്ന ആദ്യ ഏകദിനത്തിലെ ബൗളിങ്ങാണ് റായുഡുവിന് വിനയായത്. തുടര്‍ന്ന് പരാതി ഐ.സി.സി.ക്ക് മുന്നിലെത്തുകയും താരത്തോട് ഹാജരാവാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ റായുഡു പരിശോധനക്ക് എത്തിയില്ല. ചട്ടപ്രകാരം പതിനാല് ദിവസത്തിനകം പരിശോധനക്ക് എത്തിയില്ലെങ്കില്‍ നടപടിക്ക് വിധേയനാകേണ്ടി വരും. ഇതാണിപ്പോള്‍ റായുഡുവിന്റെ കാര്യത്തില്‍ സംഭവിച്ചത്. ബൗളിങ് ആക്ഷനുമായി ബന്ധപ്പെട്ട ഐ.സി.സിയുടെ 4.2 ചട്ടപ്രകാരമാണ് നടപടി. എന്നാല്‍ പരിശോധനക്ക് വിധേയനാകുന്നത് വരെയാണ് ഇപ്പോഴത്തെ സസ്പെന്ഷന്. പരിശോധനയില്‍ നിയമവിരുദ്ധമെന്ന് തെളിഞ്ഞാല്‍ വിലക്ക് തുടരും. ബൗളര്‍ എന്നതിലുപരി റായുഡുവിന്റെ ബാറ്റിലാണ് വിശ്വാസം എന്നതിനാല്‍ വിലക്ക് ഇന്ത്യയെ ഒരുതരത്തിലും ബാധിക്കില്ല.
ഏകദിനത്തില്‍ റായുഡു ബൗള്‍ ചെയ്തത് ഒമ്പത് തവണ മാത്രമാണ്.മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് റായുഡുവിന് വീഴ്ത്താനായത്. ടി20 ക്രിക്കറ്റില്‍ ബൗള്‍ ചെയ്തിട്ടുമില്ല. 50 ഏകദിനങ്ങളാണ് റായുഡു ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 1571 റണ്‍സാണ് 33കാരനായ റായുഡുവിന്റെ സമ്പാദ്യം. മൂന്ന് സെഞ്ച്വറികളും ഒമ്പത് അര്‍ദ്ധ സെഞ്ച്വറികളും റായുഡുവിന്റെ അക്കൗണ്ടിലുണ്ട്. ലോകകപ്പിന് മധ്യനിര ബാറ്റിങ്ങിലേക്ക് ഇന്ത്യ നോക്കുന്ന താരമാണിപ്പോള്‍ റായുഡു.